ഫ്രാന്‍സിസ് പാപ്പായുടെ മാറ്റിവച്ച മാള്‍ട്ട സന്ദര്‍ശനം ഏപ്രില്‍ 2, 3 തീയതികളില്‍; സ്ഥിരീകരണമായി

 ഫ്രാന്‍സിസ് പാപ്പായുടെ മാറ്റിവച്ച മാള്‍ട്ട സന്ദര്‍ശനം ഏപ്രില്‍ 2, 3 തീയതികളില്‍; സ്ഥിരീകരണമായി

വത്തിക്കാന്‍ സിറ്റി:ഫ്രാന്‍സിസ് പാപ്പ ഏപ്രില്‍ ആദ്യ വാരം മെഡിറ്ററേനിയന്‍ ദ്വീപ രാഷ്ട്രമായ മാള്‍ട്ട സന്ദര്‍ശിക്കും. ഫ്രാന്‍സിസ് പാപ്പായുടെ മുപ്പത്തിയാറാം വിദേശ അപ്പസ്‌തോലിക പര്യടനമായിരിക്കും ഇത്.ക്രൈസ്തവ സഭാ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള മാള്‍ട്ടയുടെ പ്രസിഡന്റും പ്രാദേശിക സഭാ അധികാരികളും ക്ഷണിച്ചതനുസരിച്ചാണ് ഏപ്രില്‍ 2-3 തീയതികളിലായുള്ള ഫ്രാന്‍സിസ് പാപ്പയുടെ പര്യടനമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ വാര്‍ത്താവിതരണ കാര്യാലയ മേധാവി മത്തേയൊ ബ്രൂണി അറിയിച്ചു.

ല വലേത്ത, റബാത്ത്, ഫ്‌ളോറിയാന നഗരങ്ങളിലും ഗോസോ ദ്വീപിലും പാപ്പായുടെ സന്ദര്‍ശന പിരിപാടികളുണ്ടാകും. 2020 മെയ് 31 ന് ഫ്രാന്‍സിസ് പാപ്പയുടെ മാള്‍ട്ട സന്ദര്‍ശനം നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് മഹാമാരി വ്യാപകമായതു കാരണം അപ്പസ്‌തോലിക യാത്ര മാറ്റിവെക്കുകയായിരുന്നു.

ഇറ്റലിക്കടുത്തുള്ള യൂറോപ്യന്‍ ദ്വീപ് രാജ്യമാണ് മാള്‍ട്ട. അടുത്ത കാലത്തായി മലയാളികള്‍ ഉള്‍പ്പെടെ ധാരാളം ഇന്ത്യക്കാര്‍ ജോലിക്കായെത്തുന്നു ഇവിടെ. രണ്ട് മുന്‍ മാര്‍പാപ്പമാര്‍ മാള്‍ട്ടയില്‍ അപ്പസ്‌തോലിക സന്ദര്‍ശനം നടത്തിയിട്ടുണ്ട്: 1990-ലും 2001-ലും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മാള്‍ട്ട സന്ദര്‍ശിച്ചു. 2010-ല്‍ ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയും.

ചെറുരാജ്യമാണെങ്കിലും, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടുത്ത ഉപദേശകരായ രണ്ട് പേരുണ്ട് മാള്‍ട്ടയില്‍ നിന്ന്. ഗോസോ മുന്‍ ബിഷപ്പ് കര്‍ദ്ദിനാള്‍ മരിയോ ഗ്രെച്ച് ഇപ്പോള്‍ വത്തിക്കാനിലാണ്. സഭയുടെ ഭാവിയെക്കുറിച്ചുള്ള കാര്യങ്ങളില്‍ രണ്ട് വഷര്‍മായി അദ്ദേഹം മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിവരുന്നു.ല വലേത്ത ആര്‍ച്ച്ബിഷപ്പ് ചാള്‍സ് സിക്ലൂന ആണ് രണ്ടാമത്തെയാള്‍. വൈദികരുടെ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള ഉപദേശകരില്‍ മുഖ്യന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.