തിരുവനന്തപുരം: അമ്പലമുക്കിന് സമീപത്തെ പൂച്ചെടിക്കടയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കൊടും കുറ്റവാളിയെന്ന് പൊലീസ്. തമിഴ്നാട്ടില്‍ ഇരട്ടക്കൊലകേസില്‍ പ്രതിയായ രാജേന്ദ്രനാണ് യുവതിയെ കൊലപ്പെടുത്തിയത്.
2014 ല്‍ തമിഴ്നാട്ടില്‍ കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജേന്ദ്രന്‍. കേസില്‍ വിചാരണ തുടങ്ങും മുന്‍പ് ഡിസംബറിലാണ് രാജേന്ദ്രന്‍ തിരുവനന്തപുരത്ത് എത്തിയത്. പേരൂര്‍ക്കടയിലെ ഹോട്ടലില്‍ രാജേഷ് എന്ന പേരിലാണ് ഇയാള്‍ ജോലിക്ക് കയറിയത്.
തമിഴ്നാട്ടിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് രാജേന്ദ്രന്‍. മോഷണശ്രമം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരിയായ വിനീതയെ കൊലപ്പെടുത്തിയതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംഭവത്തില്‍ ഇന്ന് പുലര്‍ച്ചെ തമിഴ്‌നാട്ടില്‍ നിന്നാണ് രാജേന്ദ്രനെ പിടികൂടിയത്. ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തിനു കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവദിവസം കടയില്‍ നിന്ന് ഇറങ്ങിപ്പോയ ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നു. പ്രതി എന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രവും പൊലീസ് പരസ്യപ്പെടുത്തി. ഇയാള്‍ സഞ്ചരിച്ച ഓട്ടോ റിക്ഷ, ബൈക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആളുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ഷാഡോ പൊലീസും അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ തമിഴ്‌നാട്ടില്‍ ഉണ്ട് എന്ന വിവരം ലഭിച്ചു. പൊലീസ് സംഘം എത്തി പുലര്‍ച്ചെയോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.