വറ്റാതെ പ്രളയക്കണ്ണീര്‍... മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയില്‍ ഇനിയും ചെലവാക്കാതെ 772.38 കോടി

വറ്റാതെ പ്രളയക്കണ്ണീര്‍... മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയില്‍ ഇനിയും ചെലവാക്കാതെ 772.38 കോടി

തിരുവനന്തപുരം: രണ്ട് പ്രളയക്കെടുതികള്‍ നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിഞ്ഞു കിട്ടിയ തുകയില്‍ 772.38 കോടി രൂപ ഇനിയും ചെലവാക്കിയിട്ടില്ല. പ്രളയത്തില്‍ കിടപ്പാടം പോലും നഷ്ടപ്പെട്ട നിരവധി പേര്‍ ധന സഹായത്തിനായി നെട്ടോട്ടമോടുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയില്‍ ഇത്രയും തുക ബാക്കി കിടക്കുന്നത്.

2018 ലെ  മഹാ പ്രളയത്തിലും 2019 ലെ പ്രളയത്തിലും തകര്‍ന്നടിഞ്ഞ ജനതയെ കര കയറ്റാന്‍ സര്‍ക്കാരിന്റെ ആഹ്വാനത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നിധിയിലേക്ക് വന്‍ തുകകള്‍ കിട്ടിയത്. 4912.45 കോടി രൂപ കിട്ടിയതില്‍ ഇതുവരെ ചെലവാക്കിയത് 4140.07 കോടിയാണ്. പ്രളയത്തില്‍ നിന്ന് കര കയറാന്‍ കേരളത്തിന് 31,000 കോടി രൂപയെങ്കിലും വേണമെന്ന് അക്കാലത്ത് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

2018 ജൂലായ് 27 മുതല്‍ 2020 മാര്‍ച്ച് 26 വരെയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ എത്തിയത്. സര്‍ക്കാര്‍ പോര്‍ട്ടല്‍ വഴി ജനങ്ങള്‍ നല്‍കിയത് - 230.93 കോടി, പെന്‍ഷന്‍കാരും ജനങ്ങളും നല്‍കിയത് - 2865.4 കോടി, ജീവനക്കാരുടെ സാലറി ചലഞ്ച് - 1229.89 കോടി, ഉത്സവ ബത്ത പിടിച്ചത് - 117.69 കോടി, കെയര്‍ ഹോം പ്രോജക്ടിന് സഹകരണ വകുപ്പ് സമാഹരിച്ചത് - 52.69 കോടി, മദ്യവില്‍പനയിലെ അധികനികുതി - 308.68 കോടി, ദുരന്ത നിവാരണ വകുപ്പ് വഴിയുള്ള വിഹിതം - 107.17 കോടി എന്നിങ്ങനെ ആകെ 4912.45 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്.

ഈ തുകയില്‍ 2018 പ്രളയത്തില്‍ അടിയന്തര സഹായമായി - 457.58 കോടി, ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് - 2353.46 കോടി, ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് - 135.85 കോടി, കെയര്‍ ഹോം പ്രോജക്ടില്‍ വീടുകള്‍ക്കായി - 52.69 കോടി, കര്‍ഷകര്‍ക്ക് ധനസഹായം - 54 കോടി, ഭക്ഷ്യോല്‍പന്ന കിറ്റ് - 54.46 കോടി, അരി വിതരണം - 9.4 കോടി, വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അധിക സഹായം - 10 കോടി എന്നിവ അനുവദിച്ചു.

കൂടാതെ കുട്ടികള്‍ക്ക് പാഠ പുസ്തകങ്ങള്‍ നല്‍കാനും മറ്റും - 47 ലക്ഷം, ചെറുകിട സംരംഭകര്‍ക്ക് - 20.96 കോടി, പലവക - 20.28 കോടി, കെ.എസ്.എഫ്.ഇ ഷെല്‍ട്ടര്‍ ഹോം - 35.99 കോടി, കുടുംബശ്രി - 336.19 കോടി, പുനര്‍ ഗേഹം പദ്ധതി - 250 കോടി, കര്‍ഷകര്‍ക്ക് കൃഷി ഡയറക്ടറേറ്റ് സഹായം - 85.6കോടി, കാരുണ്യ ഫാര്‍മസി മരുന്ന് - 2.87 കോടി, വ്യാപാരി ക്ഷേമ ബോര്‍ഡ് - 5.4 കോടി, ഓണക്കാലത്ത് സപ്ലൈകോയ്ക്ക് - 30.46 കോടി, പ്രാദേശിക റോഡ് വികസനം - 224.34 കോടി, ഫിഷറീസ് ഡയറക്ടറേറ്റ് - ഏഴ് ലക്ഷം എന്നിങ്ങനെ ആകെ 4140.07 കോടി രൂപയാണ് ഇതുവരെ ധനസഹായമായി അനുവദിച്ചിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.