ഫിലാഡല്‍ഫിയയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് ഉറക്കത്തിനിടെ കുത്തേറ്റു; ബന്ധുവായ 29 കാരന്‍ പിടിയില്‍

ഫിലാഡല്‍ഫിയയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് ഉറക്കത്തിനിടെ കുത്തേറ്റു; ബന്ധുവായ 29 കാരന്‍ പിടിയില്‍


ഫിലാഡല്‍ഫിയ: ഒരേ കുടുംബത്തിലെ ആറ് പേര്‍ക്ക് ഉറക്കത്തിനിടെ കുത്തേറ്റ സംഭവത്തില്‍ ബന്ധുവായ 29 കാരന്‍ ഫിലാഡല്‍ഫിയയില്‍ അറസ്റ്റിലായി. വെള്ളിയാഴ്ച പുലര്‍ച്ചെ 4 മണിക്ക് ശേഷം കെന്‍സിംഗ്ടണ്‍ പരിസരത്ത് നോര്‍ത്ത്ഫ്രണ്ട് സ്ട്രീറ്റിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ ആണ് ആറ് പേര്‍ക്ക് കുത്തേറ്റതെന്ന് പോലീസ് അറിയിച്ചു. പല മുറികളില്‍ കിടന്നിരുന്നവര്‍ക്കാണ് കുത്തേറ്റത്. കൊച്ചുകുട്ടികള്‍ സംഭവത്തിന് ദൃക്സാക്ഷികളായെങ്കിലും ഇവര്‍ക്കാര്‍ക്കും പരിക്കില്ല.

പരിക്കേറ്റ ആറ് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്. 26 മുതല്‍ 57 വരെ വയസുള്ളവര്‍ക്കാണ് പരിക്കു പറ്റിയത്. 46 കാരിയാണ് ഏറ്റവും ഗുരുതരാവസ്ഥയിലുള്ളത്. 30 ഉം 32 ഉം വയസുള്ള രണ്ട് സ്ത്രീകള്‍ക്കും സാരമായ പരിക്കേറ്റു. പ്രതിയെക്കുറിച്ച് വിവരിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് കഴിഞ്ഞു. കൈകളില്‍ മുറിവുകളോടെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന പ്രതിയെ ഏതാനും ബ്ലോക്കുകള്‍ അകലെ നിന്നാണ് പോലീസ് പിടികൂടിയത്. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത പ്രതിയെയും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങള്‍ അക്രമിയെ തിരിച്ചറിഞ്ഞു.

വളരെ അക്രമാസക്തമായ കുറ്റകൃത്യമാണെന്ന് ഫിലാഡല്‍ഫിയ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് ഇന്‍സ്‌പെക്ടര്‍ സ്‌കോട്ട് സ്‌മോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രക്തം പുരണ്ട ഏഴ് ഇഞ്ച് നീളത്തിലുള്ള രണ്ട് കത്തികള്‍ പോലീസ് സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി. അടുക്കളയില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തികളില്‍ ഒരെണ്ണം ഏറെക്കുറെ തകര്‍ന്ന നിലയിലാണെന്നതിനാല്‍ ആക്രമണം അത്രയധികം ഭീകരമായിരുന്നുവെന്ന കാര്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.പോലീസ് ഇതുവരെ അക്രമത്തിന്റെ കാരണത്തെ കുറിച്ച് വിശദമായി പ്രതികരിച്ചിട്ടില്ല. ഗാര്‍ഹിക പീഡനമായിരിക്കാം കാരണം എന്നാണ് പ്രാഥമിക നിഗമനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.