മലപ്പുറത്ത് നിരോധിത ലഹരി വസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറി; ഉപകരണങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു

മലപ്പുറത്ത് നിരോധിത ലഹരി വസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറി; ഉപകരണങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു

കുറ്റിപ്പുറം: മലപ്പുറത്ത് ലഹരി വസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറി കണ്ടെത്തി. എടച്ചലം കുന്നും പുറത്താണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറി കണ്ടെത്തിയത്. ഫാക്ടറിയില്‍ നിര്‍മിക്കുന്ന ലഹരി വസ്തുക്കള്‍ അയല്‍ ജില്ലകളില്‍ ഉള്‍പ്പടെ എത്തിച്ച് നല്‍കുന്നതായി പൊലീസ് അറിയിച്ചു.

മലപ്പുറം ജില്ലയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി വില്‍പന നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ട് മാസം മുമ്പ് വേങ്ങരയില്‍ നിന്ന് ലഹരി നിര്‍മാണ ഫാക്ടറി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് ഫാക്ടറി സീല്‍ ചെയ്തു.

എന്നാല്‍ ഇതിന് ശേഷവും ജില്ലയില്‍ ലഹരി വ്യാപകമായി വിപണിയിലെത്തുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തില്‍ ഒരു ഫാക്ടറി കണ്ടെത്തുന്നത്. പുകയില ഉല്‍പന്നങ്ങളുടെ ലോഡ് വരുന്ന സമയത്ത് നാട്ടുകാര്‍ ഇത് കാണുകയും ഇവരെ തടഞ്ഞുവെക്കുകയുമായിരുന്നു.

അതേസമയം പൊലീസ് എത്തുമ്പോഴേക്കും ഫാക്ടറിയില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ രക്ഷപ്പെട്ടിരുന്നു. പട്ടാമ്പി കുന്നത്തു തൊടിയില്‍ മുഹമ്മദ് ആണ് കെട്ടിടം വാടകക്കെടുത്ത് ഇത്തരത്തില്‍ ഫാക്ടറി നടത്തിയത്. ഫാക്ടറിയില്‍ നിന്ന് ലഹരി വസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും കുറ്റിപ്പുറം പൊലീസ് പിടിച്ചെടുത്തു. ഇത്തരത്തില്‍ വന്‍ തോതില്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന ഫാക്ടറികള്‍ക്ക് പിന്നില്‍ വലിയൊരു സംഘമെന്നാണ് പൊലീസിന്റെ നിഗമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.