രാഹുൽ ബജാജ് ഇനി ഓർമ്മ

രാഹുൽ ബജാജ് ഇനി ഓർമ്മ

പൂനെ: മുതിർന്ന വ്യവസായിയും ബജാജ് ഓട്ടോയുടെ മുൻ ചെയർമാനുമായ രാഹുൽ ബജാജ് (83) അന്തരിച്ചു. 

അദ്ദേഹത്തെ ന്യുമോണിയയും ഹൃദയസംബന്ധമായ അസുഖവും മൂലം ഒരു മാസം മുമ്പാണ് റൂബി ഹാൾ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ആയിരുന്നു മരണം സംഭവിച്ചത്.

1938 ജൂൺ 10-ന് കൽക്കട്ടയിൽ (ഇപ്പോൾ കൊൽക്കത്ത) ജനിച്ച ബജാജ്, ഡൽഹി സർവ്വകലാശാലയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് 1958-ൽ സാമ്പത്തിക ശാസ്ത്രത്തിൽ ഓണേഴ്‌സ് ബിരുദം നേടി. ഇതിനുപുറമെ, ബോംബെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദവും, ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് എംബിഎയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ വരെ ഉപയോഗത്തിൽ ഉള്ള ബജാജ് സ്കൂട്ടർ നിർമിച്ച കമ്പനിയുടെ ചെയർമാൻ ആണ് രാഹുൽ ബജാജ്. മുച്ചക്ര വാഹനങ്ങളിലും ബജാജ് ഓട്ടോയുടെ സംഭാവന വളരെ വലുതായിരുന്നു.

1968-ൽ ബജാജ് ഓട്ടോയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റ അദ്ദേഹം 1972-ൽ മാനേജിംഗ് ഡയറക്ടറായി നിയമിതനായി. 1979 മുതൽ 1980 വരെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്‌ട്രി (CII) പ്രസിഡന്റായും സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സിന്റെ (സിയാം) പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

2021 ഏപ്രിലിൽ, ബജാജ് ഓട്ടോയുടെ നോൺ-എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് ബജാജ് പടിയിറങ്ങി , ആ സ്ഥാനം തന്റെ ബന്ധുവായ നിരജ് ബജാജിന് വിട്ടുകൊടുത്തു. 2001-ൽ രാഹുൽ ബജാജിന് മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ലഭിച്ചു.

ബജാജ് മുൻ രാജ്യസഭാംഗമായിരുന്നു. കൂടാതെ, ഇന്റർനാഷണൽ ബിസിനസ് കൗൺസിൽ, വേൾഡ് ഇക്കണോമിക് ഫോറം എന്നിവയുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 

ഭാര്യ രൂപ ബജാജ് 2013 ൽ മരിച്ചിരുന്നു. രാജീവ്, സഞ്ജീവ്, സുനൈന എന്നിവർ മക്കളും ദീപ, ഷെഫാലി, മനീഷ് എന്നിവർ മരുമക്കളും ആണ്. സംസ്കാര കർമങ്ങളുടെ സമയം പിന്നീട് അറിയിക്കും എന്നു ബജാജ് ഗ്രൂപ്പ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.