ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരേ ഡ്രസ് കോഡ് വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി.
ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഹര്‍ജി. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും ഡ്രസ് കോഡ് വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹിജാബ് നിരോധനത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്ന കാര്യവും നിഖില്‍ ഉപാധ്യായ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇക്കാര്യമാവശ്യപ്പെട്ട് സുപ്രീം കോടതി നിര്‍ദേശം നല്‍കണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. വെള്ളിയാഴ്ച ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതിക്ക് മുമ്പാകെ എത്തിയിരുന്നു.
കര്‍ണാടകയിലെ ഹിജാബ് വിവാദം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കണോ എന്നാലോചിക്കണമെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമെങ്കില്‍ ഉചിതമായ സമയത്ത് ഇടപെടുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി വിഷയത്തില്‍ അടിയന്തര വാദം കേട്ടില്ല.
ഹിജാബ് വിവാദത്തില്‍ അന്തിമ ഉത്തരവ് വരും വരെ മതാചാര പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തരുതെന്ന കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. എന്താണ് നടക്കുന്നതെന്ന് നിരീക്ഷിക്കുകയാണെന്ന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞിരുന്നു.
അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോളജുകള്‍ ഈ മാസം 16 വരെ തുറക്കേണ്ടതില്ലെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ഇന്ന് കര്‍ണാടകയില്‍ നിസ്‌കാര സൗകര്യം ഒരുക്കിയ സ്‌കൂളിനെതിരെ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് നടപടിക്കൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ എന്തിന് നസ്‌കാര സൗകര്യമൊരുക്കിയെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരു കഡബ സര്‍ക്കാര്‍ സ്‌കൂളിന് വിദ്യാഭ്യാസ വകുപ്പ് നോട്ടീസയച്ചു.
ഇതിനിടെ കര്‍ണാടകത്തിലെ ബിദറില്‍ ഹിജാബ് ധരിച്ചെത്തിയ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനികളെ പരീക്ഷ എഴുതിച്ചില്ല. ഹിജാബ് നിരോധനത്തെച്ചൊല്ലി കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ ഇന്നുണ്ടായ സംഘര്‍ഷങ്ങളില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.