കോട്ടയം : മുട്ടുചിറ റൂഹാദ് ക്കുദിശ പള്ളിയുടെ പുരാതനമായ പള്ളികുളത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിർദേശം അനുസരിച്ചു വികാരി ഫാ. ജോസഫ് ഇടത്തുംപറമ്പിലിന്റെയും സഹവികാരിമാരുടെയും കൈക്കാരൻമാരുടെയും നേതൃത്വത്തിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
മുട്ടുചിറ പള്ളിയുടെ താഴെയായി സ്ഥിതി ചെയ്യുന്ന ഈ പള്ളിക്കുളത്തിന് 650 വർഷങ്ങൾ അധികം പഴക്കമുണ്ട് എന്നാണ് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. കേരളത്തിലെ മാർത്തോമ്മാ നസ്രാണികളുടെ പള്ളികളോട് അനുബന്ധിച്ച് കുളങ്ങൾ നിലവിലുണ്ടായിരുന്നു. കാലക്രമേണ ഇത്തരം പൗരാണികകുളങ്ങൾ നികത്തപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്തു. പള്ളിക്കുളം അവശേഷിക്കുന്ന ചുരുക്കം ചില പള്ളികളിലൊന്നാണ് മുട്ടുചിറ റൂഹാദ് ക്കുദിശ പള്ളി.
ദനഹാ തിരുന്നാളിന്റെ തലേന്നാൾ ഈശോയുടെ മാമോദീസയെ അനുസ്മരിച്ച് നസ്രാണികൾ വൃതശുദ്ധിയോടെ പള്ളികുളത്തിൽ കുളിച്ചിരുന്നു.രാക്കുളി തിരുന്നാൾ എന്ന് ചിലയിടങ്ങളിൽ ഇത് അറിയപ്പെട്ടിരുന്നു.
പള്ളികുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ കാണുവാനായി എം പി തോമസ് ചാഴികാടൻ മുട്ടുചിറയിൽ എത്തി. കല്പടവുകളും പടിപ്പുരയും ഉള്ള ഈ കുളം ചരിത്രത്തിലേക്കുള്ള ഒരു വാതായനം ആണെന്നാണ് ചരിത്ര പണ്ഡിതർ അവകാശപ്പെടുന്നത്. പൗരാണികത നില നിർത്തിക്കൊണ്ട് തന്നെയാണ് നവീകരണം നടത്തുന്നത് എന്ന് ഫാ.ഇടത്തുംപറമ്പിൽ പറഞ്ഞു. പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഒരു മാസക്കാലം നീളുന്നതായിരിക്കും.
നവീകരണത്തിന് ശേഷം ചരിത്ര പഠിതാക്കൾക്കും സഞ്ചാരികളാക്കും തീർത്ഥാടകരും സന്ദർശിക്കാവുന്ന രീതിയിലായിരിക്കും കുളത്തിന്റെ നിർമ്മാണങ്ങൾ.ചരിത്ര പ്രാധാന്യമുള്ള നിർമ്മിതികൾ സംരക്ഷിക്കാൻ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് കാണിക്കുന്ന പ്രത്യേക താല്പര്യം ചരിത്രപണ്ഡിതരും പഠിതാക്കളും ശ്ലാഖിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.