വിന്‍ഡ്സര്‍: കാനഡയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ട്രക്ക് ഡ്രൈവര്‍മാര്‍ ആരംഭിച്ച സമരത്തിന്റെ ഭാഗമായി യുഎസിലെ ഡിട്രോയിറ്റിലേക്കുള്ള പ്രധാന അതിര്‍ത്തി പാതയിലെ അംബാസഡര്‍ പാലം ഉപരോധിച്ച ട്രക്കുകള്‍ നീക്കി പൊലീസ് ഗതാഗതം പുനരാരംഭിച്ചു.അതേസമയം, ഒട്ടേറെ നഗരങ്ങളില്‍ പ്രതിഷേധപ്രകടനങ്ങളും റോഡ് ഉപരോധവും തുടരുന്നു.
അറസ്റ്റുകള്‍ നടത്തിയാണ് അംബാസഡര്‍ പാലം ഉള്‍പ്പെടുന്ന മേഖലയില്‍ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ തുടരുന്നതെന്ന് ട്വിറ്റര്‍ പോസ്റ്റില്‍ വിന്‍ഡ്സര്‍ പോലീസ് അറിയിച്ചു. എത്രപേരെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് വ്യക്തമാക്കിയില്ല.ക്രൂയിസറുകള്‍, ബസുകള്‍, കവചിത കാര്‍ എന്നിവയുള്‍പ്പെടെ 50 ലധികം വാഹനങ്ങളുമായാണ് പോലീസ് സാന്നിധ്യം ശക്തമാക്കിയത്. ഇതോടെ പ്രതിഷേധക്കാരുടെ എണ്ണം ഏകദേശം 100 ല്‍ നിന്ന് 45 ആയി കുറഞ്ഞു.
വടക്കേ അമേരിക്കയിലെ ഏറ്റവും തിരക്കേറിയ കര അതിര്‍ത്തി കടക്കുന്ന പാലത്തിന്റെ ഉപരോധം അവസാനിപ്പിക്കാന്‍ ഫെഡറല്‍ അധികാരങ്ങള്‍ ഉപയോഗിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് ആവശ്യപ്പെട്ടിരുന്നു.ട്രക്കുകളിലും കാറുകളിലും വാനുകളിലും പ്രതിഷേധക്കാര്‍ ഇരു ദിശകളിലേക്കുമുള്ള ഗതാഗതം തടഞ്ഞതോടെ ഡിട്രോയിറ്റിലെ കാര്‍ നിര്‍മ്മാതാക്കള്‍ക്കുള്ള വിതരണ ശൃംഖല തകരാറിലായിരുന്നു.ഉപരോധത്തിനെതിരെ കോടതി ഉത്തരവുമുണ്ടായി.
തലസ്ഥാന നഗരമായ ഒട്ടാവയില്‍ കടുത്ത തണുപ്പിലും നാലായിരത്തോളം പേര്‍ നടത്തിയ പ്രകടനം ഗതാഗതം സ്തംഭിപ്പിച്ചു.ശനിയാഴ്ച വൈകിട്ടു മുതല്‍ കോണ്‍ക്രീറ്റ് സ്ലാബുകളും മറ്റും സ്ഥാപിച്ച് സമരക്കാര്‍ റോഡില്‍ തടസ്സമുണ്ടാക്കി. സമരം നേരിടാന്‍ പ്രവിശ്യാ അധികൃതരെക്കൂടി ഉള്‍പ്പെടുത്തി കമാന്‍ഡ് സെന്ററിന് രൂപം കൊടുത്തു.
അതിര്‍ത്തി കടന്നുവരുന്ന ട്രക്കുകളില്‍ ഡ്രൈവര്‍ക്കു കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെതിരെയാണ് കാനഡയില്‍ പ്രക്ഷോഭം തുടങ്ങിയത്.വ്യാപാര പ്രതിസന്ധിക്ക് ഇടയാക്കിയ കോവിഡ് വാക്‌സിന്‍ വിരുദ്ധ സമരം ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കും പടര്‍ന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.