അമ്പലപ്പുഴ: പഞ്ചായത്ത് ഉദ്യോഗസ്ഥർ തടസം നിൽക്കുന്നുവെന്ന ആരോപണങ്ങളുയർത്തി ഷോപ്പിങ് മാൾ പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി പ്രവാസി വ്യവസായി. മധ്യേഷ്യൻ രാജ്യങ്ങളിൽ നിർമാണക്കമ്പനി നടത്തുന്ന തകഴി പച്ച മെതിക്കളത്തിൽ ഫിലിപ്പ് ചെറിയാനാണ് കോടിരൂപ ചെലവാക്കിയ സ്വപ്ന പദ്ധതി ഉപേക്ഷിക്കാൻ ഒരുങ്ങുന്നത്.
തകഴി ആശുപത്രി ജങ്ഷനുസമീപം വില്ലേജ് മാളിനായി 6,500 ചതുരശ്രയടി വിസ്താരമുള്ള കെട്ടിടമാണ് പണിതത്. എന്നാൽ ഒരു വർഷമായി പഞ്ചായത്തോഫീസിൽ കയറിയിറങ്ങിയിട്ടും ഉദ്യോഗസ്ഥർ പരസ്പരവിരുദ്ധമായ കാര്യങ്ങൾപറഞ്ഞ് അനുമതി നിഷേധിക്കുകയാണെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. കെട്ടിടനിർമാണച്ചട്ടം പാലിച്ചില്ലെന്നു വ്യക്തമാക്കിയാണു തകഴി ഗ്രാമപ്പഞ്ചായത്ത് അനുമതി നിഷേധിച്ചത്.
'2020 നവംബറിൽ നിർമാണാനുമതിക്കായി പഞ്ചായത്തിൽ അപേക്ഷ നൽകി. കോവിഡ് മൂലം ഓഫീസിൽ കയറാൻ സാധിക്കാത്തതിനാൽ പുറത്തെ പെട്ടിയിലാണ് അപേക്ഷയിട്ടത്. ഒരാഴ്ചകഴിഞ്ഞുചെന്നപ്പോൾ, കോവിഡായതിനാൽ ജീവനക്കാർ കുറവാണെന്നും നിർമാണം തുടങ്ങാനും ഉദ്യോഗസ്ഥർ പറഞ്ഞു.
മൂന്നുമാസംകൊണ്ടു പണി പൂർത്തിയാക്കി അനുമതിക്കായി പഞ്ചായത്തിനെ സമീപിച്ചു. വേണ്ടത്ര പാർക്കിങ് സൗകര്യമില്ലെന്നുകാട്ടി 2021 ജനുവരിയിൽ പഞ്ചായത്തിൽനിന്നു നോട്ടീസ് ലഭിച്ചു. നിർമാണവുമായി ബന്ധപ്പെട്ട് ആദ്യം നൽകിയ ഫയൽ മുക്കിയ ഉദ്യോഗസ്ഥർക്കെതിരേ ഓഗസ്റ്റ് 31-നു പഞ്ചായത്തുസെക്രട്ടറിക്കു പരാതിനൽകിയിരുന്നു. പുതിയ രൂപ രേഖ സമർപ്പിച്ചപ്പോൾ ഉദ്യോഗസ്ഥർ വീണ്ടും കുറവുകൾ കണ്ടെത്തി. പരസ്പരവിരുദ്ധമായ കാര്യങ്ങളുമായി അഞ്ചു മെമ്മോകളാണു തന്നത്' എന്ന് ഫിലിപ്പ് ചെറിയാൻ പറഞ്ഞു.
'മന്ത്രിമാരടക്കമുള്ളവർക്കു പരാതി നൽകിയതിനെത്തുടർന്നു ഇന്നലെ വ്യവസായമന്ത്രി നേരിട്ടുവിളിച്ചു വിവരം തിരക്കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തു. എന്നാൽ, തദ്ദേശവകുപ്പുദ്യോഗസ്ഥർ പ്രതികാരബുദ്ധിയോടെയാണു പെരുമാറുന്നതെന്ന്' അദ്ദേഹം വ്യക്തമാക്കി .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.