'അമ്മയെ കാണാതെ അവന്‍ വളര്‍ന്നു...'; ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് കണ്ടെത്തിയ പുലിക്കുട്ടിയുടെ സംരക്ഷണം അനിശ്ചിതത്വത്തില്‍

'അമ്മയെ കാണാതെ അവന്‍ വളര്‍ന്നു...'; ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് കണ്ടെത്തിയ പുലിക്കുട്ടിയുടെ സംരക്ഷണം അനിശ്ചിതത്വത്തില്‍

വടക്കാഞ്ചേരി: അവന്റെ കുഞ്ഞിക്കാലും കുഞ്ഞി കൈകളും വളര്‍ന്നു. മടിയില്‍ ഇരുത്തി കുപ്പി പാല് കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലായി. നഖവും വളര്‍ന്നു തൂക്കവും വച്ചു. അവന്റെ കുട്ടിത്തം മാറി തുടങ്ങിയിരിക്കുന്നു. പാലക്കാട് അകത്തേത്തറ ഉമ്മിണിയിലെ ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്നും കണ്ടെത്തിയ പുലിക്കുട്ടിക്ക് ഇപ്പോള്‍ ഏകദേശം 40 ദിവസത്തെ വളര്‍ച്ച പിന്നിട്ടിരിക്കുകയാണ്.

അവന് പാലു കൊടുക്കാനും മറ്റും പ്രയാസപ്പെടുകയാണ് വടക്കാഞ്ചേരി അകമലയിലെ വനം വെറ്ററിനറി ക്ലിനിക്ക് അധികൃതര്‍. എന്നാല്‍, പുലിക്കുട്ടി അകമലയിലെത്തി ഒരു മാസം പിന്നിട്ടിട്ടും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉള്‍പ്പടെയുള്ള വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടില്ല. നാലു മാസം കഴിഞ്ഞാല്‍ വെറ്ററിനറി കെയര്‍ ഇവിടെ അസാധ്യമാണെങ്കിലും നിലവില്‍ പ്രശ്നങ്ങളൊന്നുമില്ല.

കഴിഞ്ഞ ജനുവരി ഒമ്പതിനാണ് പാലക്കാട് അകത്തേത്തറ ഉമ്മിണിയിലെ ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്നും പുലിക്കുട്ടിയെ കണ്ടെത്തിയത്. പ്രസവിച്ച് നാലു ദിവസമെങ്കിലും ആയിട്ടുണ്ടെന്നാണ് അന്ന് വാളയാര്‍ റെയ്ഞ്ചിലെ വനപാലകര്‍ നല്‍കിയ സൂചന. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരം പരിചരണത്തിന് ജനുവരി 13ന് രാത്രിയാണ് പുലിക്കുട്ടിയെ അകമല ക്ലിനിക്കില്‍ കൊണ്ടുവന്നത്.

അവന്‍ ഇപ്പോള്‍ പുലിക്കുട്ടിയല്ല, നവജാതനില്‍ നിന്നും നന്നായി വളര്‍ന്നു. 500 ഗ്രാം തൂക്കം ഉണ്ടായിരുന്നത് 800 ഗ്രാമായി. നഖവും നന്നായി വളര്‍ന്നു തുടങ്ങിയതോടെ മടിയിലിരുത്തി പാല്‍ കൊടുക്കുന്നതിനു പരിചാരകരും ഭയക്കുന്നു. ആദ്യ ദിവസങ്ങളില്‍ അവന്‍ നിലക്കാത്ത കരച്ചിലായിരുന്നു. അതോടെ തിരുവനന്തപുരം മൃഗശാലയിലെ ഡോക്ടറാണ് കുഞ്ഞിപ്പുലിയുടെ കൂട്ടില്‍ പാവയെ കൊണ്ടു വന്നു വെയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്. പാവക്കുട്ടി കൂട്ടിനെത്തിയതോടെ കരച്ചില്‍ നിലച്ചുവെന്നു മാത്രമല്ല പാവയെ പിടിച്ചുള്ള കളിയും തുടങ്ങി. ഒപ്പം ചേര്‍ന്നു കിടക്കുന്നതും പതിവായി.

എന്നാല്‍ പുലിക്കുട്ടി അകമലയിലെത്തി ഒരു മാസം പിന്നിട്ടിട്ടും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉള്‍പ്പടെ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരൊന്നും അകമലയില്‍ എത്തിയിട്ടില്ല. അകമലയില്‍ പരമാവധി നാലു മാസത്തിലധികം വെറ്ററിനറി കെയര്‍ അസാധ്യമാണ്. വനം വകുപ്പിന്റെ ഉന്നത തലത്തില്‍ നിന്നും നിലവില്‍ ഇതു സംബന്ധിച്ച് സ്വീകരിക്കേണ്ട തുടര്‍ നടപടികളില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. പരിചരണവും സംരക്ഷണവും എത്ര കാലം എന്നതില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവില്‍ വ്യക്തമല്ല.

മണ്ണുത്തി വെറ്ററിനറി സര്‍വ്വകലാശാലയിലെയും വനം വകുപ്പിലെയും വിവിധ മൃഗശാലകളിലെയും വെറ്ററിനറി ഡോക്ടര്‍മാര്‍ പരസ്പരം ചര്‍ച്ചകളിലൂടെയാണ് പരിചരണ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. നിലവിലെ ഭക്ഷണ രീതിയില്‍ മാറ്റം അനിവാര്യമെന്ന് അകമലയിലെ വനം വെറ്ററിനറി ഓഫീസര്‍ ഡോ.ഡേവീഡ് അബ്രഹാം പറയുന്നു.

മാര്‍ജ്ജാര വിഭാഗത്തില്‍പ്പെടുന്ന ജീവിയായതിനാല്‍ പൂച്ചകള്‍ക്ക് നല്‍കുന്ന മികച്ച പൊടി ഉപയോഗിച്ചുള്ള പാല്‍ മാത്രമാണ് വിദ്ഗധരുടെ പാനല്‍ ആലോചിച്ച് നല്‍കുന്നത്. ക്ലിനിക്കിലെ വിദ്ഗധ പരിശീലനം ലഭിച്ച പരിചാരകര്‍ 24 മണിക്കുറും ഏറെ ലാളനയോടെ പാല്‍ നല്‍കി അവന്റം പരിചരണം നിര്‍വഹിക്കുന്നുണ്ട്. ദിവസവും 200 മില്ലി ലിറ്റര്‍ പാല്‍ കുടിക്കുന്നുണ്ട്.

അതുപോലെ തന്നെ ഇതേ പ്രായത്തില്‍ കിട്ടിയ പുലിക്കുട്ടിയെ പോറ്റി വളര്‍ത്തിയ അനുഭവത്തില്‍ പുലിക്കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലെ ആഹാര ക്രമത്തെക്കുറിച്ചു മഹാരാഷ്ട്രയിലെ നാഗ്പുര്‍ മഹാരാജ ബാഗ് മൃഗശാലക്കാര്‍ തയ്യാറാക്കിയ പഠന വീഡിയോ വഴിയും കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കുകയാണ് ഇവിടെ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം.

പ്രായത്തിനനുസരിച്ചുള്ള ആഹാര ക്രമം എന്നതിന്റെ അടിസ്ഥാനത്തില്‍ ചിക്കന്‍ സൂപ്പ് നല്‍കി നോക്കിയെങ്കിലും അത് അവന് ഇതുവരെ ഇഷ്ടമായിട്ടില്ല. ഖരാഹരം കൊടുക്കേണ്ട വളര്‍ച്ചയിലെത്തിയ പുലിക്കുട്ടിക്ക് അത് കൊടുത്തു തുടങ്ങുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ക്രമേണ വേവിച്ച ഇറച്ചി ആദ്യം കൊടുക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

ക്ലിനിക്കിലെ ഐ.പിയിലുള്ള പുലിക്കുട്ടിയുടെ ഒരോ ദിവസത്തെയും മാറ്റങ്ങളെ സൂക്ഷ്മ നിരീക്ഷണം നടത്തുകയാണ് വെറ്ററിനറിക്കാരുടെ കൂട്ടായ്മ. വനം വകുപ്പിന്റെ മേധാവികള്‍ക്കും പരിചരണം, തൂക്കം എന്നിവ സംബന്ധിച്ച പ്രതിദിന റിപ്പോര്‍ട്ടും ഫോട്ടോഗ്രാഫുകളും ക്ലിനിക്കില്‍ നിന്നു കൃത്യമായി പോകുന്നുണ്ട്. വന്യജീവി പരിപാലനത്തില്‍ വിദഗ്ധ പരിശീലനം ലഭിച്ചവരാണ് 24 മണിക്കൂറും അകമലയില്‍ പുലിക്കുഞ്ഞിനെ പരിചരിക്കുന്നത്.

അതേസമയം പുലിക്കുഞ്ഞിനെ വീണ്ടും തള്ളപുലി കൊണ്ടുപോകുന്നതിനായി അവിടെ കൊണ്ടുപോയി വെയ്ക്കണമെന്നാവശ്യവുമായി മൃഗസ്നേഹികള്‍ രംഗത്തുണ്ട്. പുലിക്കുട്ടിയെ വനത്തില്‍ തനിയെ കൊണ്ടുപോയി വിടുക പ്രായോഗികമല്ലെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. രണ്ട് കുട്ടികളില്‍ ഒന്നിനെ നേരത്തെ തള്ളപുലി എടുത്തു കൊണ്ടു പോയിരുന്നു. വനം വകുപ്പിനും ഇത്തരം സാഹസിക പരീക്ഷണങ്ങളില്‍ താല്‍പ്പര്യമില്ല.

പുലിക്കുട്ടിയുടെ നിലവിലെ പരിചരണത്തില്‍ മാറ്റം അനിവാര്യമായതിനാല്‍ തുടര്‍ നടപടികളില്‍ വ്യക്തത വരുത്തേണ്ടത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും, സംസ്ഥാന വനം മേധാവികളുമാണ്. അകമലയിലെ ക്ലിനിക്കില്‍ പരിചരണം തികച്ചും അസാധ്യമായതിനാല്‍ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റി പാര്‍പ്പിക്കാനാണ് സാധ്യത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.