പാലക്കാട്: നിരോധിത പുകയില വസ്തുക്കളുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ പിടിയില്‍. പാലക്കാട് ആലത്തൂര്‍ ദേശീയപാതയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് കെഎസ്ആര്‍ടിസി ഡ്രൈവറില്‍ നിന്ന് നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ പിടിയിലായത്.
കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് രണ്ടു യുവാക്കള്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ കര്‍ശന പരിശോധനകളാണ് നടക്കുന്നത്. പരിശോധനയ്ക്കിടെ കോയമ്പത്തൂര്‍-പത്തനംതിട്ട ബസിലെ ഡ്രൈവറില്‍ നിന്നാണ് ഹാന്‍സ് പിടിച്ചത്. പരിശോധനയില്‍ രണ്ട് കണ്ടക്ടര്‍മാര്‍ ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്തതായും കണ്ടെത്തി. ഇന്നലെ രാത്രി 9.30ന് തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കുഴല്‍മന്ദം വെള്ളപ്പാറയില്‍ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സര്‍വ്വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ് തട്ടി പാലക്കാട് കാവശേരി സ്വദേശി ആദര്‍ശ്, കാഞ്ഞങ്ങാട് മാവുങ്കാല്‍ ഉദയന്‍ കുന്ന് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്. ലോറിയാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഒരു കാറിന്റെ ഡാഷ് ബോര്‍ഡിലെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് കെഎസ്ആര്‍ടിസി ബസിന്റെ പങ്ക് വ്യക്തമായത്.
അപകടത്തില്‍ ദുരൂഹത ആരോപിച്ച് ഇരു കുടുംബങ്ങളും രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസുകള്‍ പരിശോധിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.