തനിക്കൊഴികെ മറ്റാര്‍ക്കും നന്മ വരരുതെന്ന സങ്കുചിത ചിന്തയിലേക്ക് ലോകം മാറി: കുര്യാക്കോസ് മാര്‍ തെയോഫിലോസ്

തനിക്കൊഴികെ മറ്റാര്‍ക്കും നന്മ വരരുതെന്ന സങ്കുചിത ചിന്തയിലേക്ക് ലോകം മാറി: കുര്യാക്കോസ് മാര്‍ തെയോഫിലോസ്

പത്തനംതിട്ട: സമൂഹത്തില്‍ ആകമാനം ആഗോളവല്‍ക്കരണം നടക്കുമ്പോള്‍ മനുഷ്യരുടെ മനസില്‍ മാത്രം സങ്കുചിതവല്‍ക്കരണം നടക്കുന്നത് നിര്‍ഭാഗ്യകരമാണെന്നു യാക്കോബായ സഭ യൂറോപ്യന്‍ ഭദ്രാസന അധ്യക്ഷന്‍ ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ്. തനിക്കൊഴികെ മറ്റാര്‍ക്കും നന്മ വരരുതെന്ന സങ്കുചിത ചിന്തയിലേക്ക് ലോകം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. മാരാമണ്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മാര്‍ തെയോഫിലോസ്.

ദൈവസ്‌നേഹത്തിന് അതിരു വയ്ക്കാന്‍ മനുഷ്യന് അവകാശമില്ല. ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ എല്ലാവരെയും ചേര്‍ത്തു നിര്‍ത്താനാണ് ദൈവം പറയുന്നത്. അവനനവന്റെ വിശ്വാസത്തെ ആദരിക്കുകയും അപരന്റേതിനെ ബഹുമാനിക്കുകയുമാണ് വേണ്ടത്. മതത്തിനും പ്രത്യേയ ശാസ്ത്രത്തിനും അപ്പുറം രക്തമോടുന്ന ശരീരങ്ങളാണ് നാമെന്ന ചിന്തയുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ദൈവത്തിന്റെ സ്‌നേഹവും കരുണയും രക്ഷയും സകല മാനവര്‍ക്കും ഉള്ളതാണ്. ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്നു പഠിപ്പിച്ച ഭാരതത്തിലാണ് നാം സങ്കുചിത ചിന്തയിലേക്കു തിരികെ നടക്കുന്നതെന്ന് ഓര്‍ക്കണം. കേരളത്തെ മഹാ പ്രളയം മൂടിയപ്പോള്‍ നമ്മള്‍ ജാതിയും മതവും മറന്ന് ഒന്നായി. അന്നാരും തൊട്ടടുത്തിരുന്ന മനുഷ്യന്റെ നിറവും കുലവും നോക്കിയില്ല. ജാതിയുടെയും മതത്തിന്റെ മതില്‍ക്കെട്ടിനപ്പുറം മനുഷ്യനെ കാണാന്‍ കഴിയുന്ന നിമിഷമാണ് ദൈവം ലോകത്തില്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് വ്യക്തമാക്കി.

ഒരിക്കല്‍ ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു, നന്നാവാന്‍ തീരുമാനിച്ചതാണ്. അപ്പോള്‍ പള്ളിയില്‍ അച്ചന്‍ പറഞ്ഞു നല്ല മനുഷ്യരെയൊക്കെ ദൈവം നേരത്തേ വിളിക്കും. അതോടെ നന്നാവുന്നത് നിര്‍ത്തിയെന്ന്. ഇതാണ് നമ്മുടെ മനോഭാവം. പാപ ജീവിതം ആരും കാണില്ലെന്നു കരുതി നാം എന്തു മറയ്ക്കുന്നുവോ ഒരു ദിനം അത് വെളിപ്പെടുമെന്ന് ഓര്‍ക്കണം. ഒന്നും സ്ഥിരമായി മറഞ്ഞിരിക്കുകയോ ഗൂഢമായി നിലനില്‍ക്കുകയോ ചെയ്യുന്നില്ല. ദൈവത്തില്‍ നിന്ന് അകന്നു ജീവിക്കുന്നവന്‍ മറ്റുള്ളവര്‍ക്കു കൂടിയാണ് നാശമുണ്ടാക്കുന്നത്.

ഞായറാഴ്ചകളില്‍ ഇന്നത്തെ തലമുറ പോകുന്നത് പലതരം കോച്ചിങ് ക്ലാസുകളിലേക്കാണ്. അങ്ങനെ കോച്ചിങ്ങിനു പോയി പലരും കോച്ചിപ്പോയ അനുഭവം നമുക്കുണ്ട്. കോച്ചിങ്ങിനു വിടുന്ന നമ്മള്‍ കുഞ്ഞുങ്ങള്‍ക്ക് ആത്മീയ ഭക്ഷണം നല്‍കുന്നില്ല. പള്ളിയില്‍ പോടാ എന്നു പറയുന്ന ഒരു കൊച്ചും നന്നാവില്ലെന്നു മാതാപിതാക്കള്‍ മനസിലാക്കണം. പള്ളിയില്‍ വാടാ എന്നു പറഞ്ഞു വിളിച്ചു കൊണ്ടു പോവുന്ന കുഞ്ഞുങ്ങള്‍ക്കാണ് നന്മയുണ്ടാവുന്നതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ദൈവത്തില്‍ നിന്ന് മാറി നടക്കുന്ന മനുഷ്യനോട് ദൈവത്തോടു ചേര്‍ന്നു നില്‍ക്കുന്ന പ്രകൃതിക്കു പോലും സഹകരിക്കാനാവില്ല. മനുഷ്യന്‍ ദൈവത്തില്‍ നിന്ന് അകന്നാല്‍ പ്രകൃതിയുടെയും താളം തെറ്റും. പ്രകൃതിയോടും ദൈവത്തോടും ചേര്‍ന്നു നില്‍ക്കേണ്ട മനുഷ്യന്‍ അകന്നതിന്റെ ഫലങ്ങളാണ് ഇന്നും നാം നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.