പി.എസ്.സി: കാലാവധി നീട്ടിയ റാങ്ക് ലിസ്റ്റുകളില്‍ ഉള്ളവര്‍ക്കെല്ലാം നിയമനാര്‍ഹതയെന്ന് സുപ്രീം കോടതി

പി.എസ്.സി: കാലാവധി നീട്ടിയ റാങ്ക് ലിസ്റ്റുകളില്‍ ഉള്ളവര്‍ക്കെല്ലാം നിയമനാര്‍ഹതയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കാലാവധി നീട്ടിയ റാങ്ക് ലിസ്റ്റുകളിലുള്ളവര്‍ക്കെല്ലാം നിയമനത്തിന് അര്‍ഹതയില്ലെന്ന പി.എസ്.സിയുടെ വാദം തള്ളി സുപ്രീം കോടതി. 2016 ജൂണ്‍ 30ന് കാലാവധി തീരാറായ വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടിയിരുന്നു.

സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം 2016 ഡിസംബര്‍ 31നും 2017 ജൂണ്‍ 29നും ഇടയില്‍ കാലാവധി കഴിയുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും ആറ് മാസം കൂടി നീട്ടി. എന്നാല്‍, ആദ്യം കാലാവധി നീട്ടിയ ആദ്യ ലിസ്റ്റിലുള്ളവര്‍ക്ക് രണ്ടാമത് ലിസ്റ്റ് നീട്ടിയപ്പോഴുള്ള ആനുകൂല്യം ലഭിക്കില്ലെന്നായിരുന്നു പി.എസ്.സി തീരുമാനം. ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ നാലര വര്‍ഷം കഴിയാത്ത എല്ലാ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്കും രണ്ടാമത് ലിസ്റ്റ് നീട്ടാനെടുത്ത തീരുമാനം ബാധകമാവുമെന്ന് ഹൈക്കോടതി വിധിച്ചു.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ പി.എസ്.സി നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. ഇതോടെ 2017 ല്‍ കാലാവധി രണ്ടാമതും നീട്ടാത്ത റാങ്ക് ലിസ്റ്റുകളിലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ പലര്‍ക്കും നിയമനത്തിന് സാദ്ധ്യത തെളിഞ്ഞിരിക്കുകയാണ്.

റാങ്ക് ലിസ്റ്റ് നീട്ടുന്നത് തങ്ങളുടെ വിവേചനാധികാരമാണെന്നും അതില്‍ കോടതികള്‍ക്കോ ട്രൈബ്യൂണലിനോ ഇടപെടാന്‍ കഴിയില്ലെന്നുമുള്ള പി.എസ്.സിയുടെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.