ലോംഗ് ഐലന്‍ഡില്‍ ഇന്ധന ടാങ്കര്‍ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി വന്‍ അഗ്നിബാധ;നാലു പേര്‍ക്കു പൊള്ളലേറ്റു

ലോംഗ് ഐലന്‍ഡില്‍ ഇന്ധന ടാങ്കര്‍ കെട്ടിടത്തിലേക്ക്  ഇടിച്ചുകയറി വന്‍ അഗ്നിബാധ;നാലു പേര്‍ക്കു പൊള്ളലേറ്റു

ന്യൂയോര്‍ക്ക് : 9,200 ഗാലന്‍ ഗ്യാസോലിന്‍ കയറ്റിയ ടാങ്കര്‍ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് ഇടിച്ച് മറിഞ്ഞുണ്ടായ തീപിടുത്തത്തില്‍ നടുങ്ങി ലോംഗ് ഐലന്‍ഡ്. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.മലിനജല നിര്‍ഗമന സംവിധാനത്തിലേക്ക് വന്‍ തോതില്‍ ഇന്ധനം ഒഴുകിയിരുന്നില്ലെങ്കില്‍ ദുരന്തം കൂടുതല്‍ ഭീകരമാകുമായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.

'ഞാന്‍ ഇവിടെ വരുമ്പോഴേക്കും, എല്ലായിടത്തും തീ പടര്‍ന്നിരുന്നു.തെരുവുകള്‍, ടാങ്കര്‍, രണ്ട് കെട്ടിടങ്ങള്‍ എല്ലാം ജ്വാലകളാല്‍ വലയം ചെയ്തിരുന്നു. ഞാന്‍ സണ്‍റൈസ് ഹൈവേയിലേക്ക് നോക്കിയപ്പോള്‍ ഏഴോ എട്ടോ മാന്‍ഹോള്‍ കവറുകളിലൂടെയും തീ ഉയരുന്നതു കണ്ടു,' ഗ്രാമത്തിന്റെ അഗ്‌നിശമനസേനാ മേധാവി ജെയിംസ് അവോണ്ടറ്റ് മാധ്യമങ്ങളോടു പറഞ്ഞു.അപകടത്തില്‍ ട്രക്കിന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. 150 അഗ്‌നിശമന സേനാംഗങ്ങളില്‍ മൂന്ന് പേര്‍ക്കും പൊള്ളലേറ്റു.

ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് ഏകദേശം 30 മൈല്‍ കിഴക്ക് നോര്‍ത്ത് സെന്റര്‍ അവന്യൂവിലെയും സണ്‍റൈസ് ഹൈവേയിലെയും ആളൊഴിഞ്ഞ ലാ-ഇസഡ്-ബോയ് ഷോറൂമിലേക്കാണ് ടാങ്കര്‍ ഇടിച്ചുകയറിയത്്.'ടാങ്കര്‍ മറിഞ്ഞ് തീപിടിക്കുമ്പോള്‍ അതില്‍ 9,200 ഗാലന്‍ പെട്രോള്‍ ഉണ്ടായിരുന്നു,'- നസാവു കൗണ്ടി ചീഫ് ഫയര്‍ മാര്‍ഷല്‍ മൈക്കല്‍ ഉത്തരോ പറഞ്ഞു. സ്വയം രക്ഷപ്പെട്ട ഡ്രൈവറെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മലിനജല സംവിധാനം വഴിയും പ്രാദേശിക കനാലുകളിലൂടെയും ഇന്ധനം ഒഴുകിപ്പോയി. അതിനാല്‍ ഇപ്പോള്‍ പരിസ്ഥിതിക്ക് ഒരു ഭീഷണിയുമില്ലെന്ന് ചീഫ് ഫയര്‍ മാര്‍ഷല്‍ പറഞ്ഞു. 'പൗരന്മാര്‍ക്കോ ഏതെങ്കിലും വീടുകള്‍ക്കോ യാതൊരു ആശങ്കയും വേണ്ട.'ലാ-സെഡ്-ബോയ് കെട്ടിടം തീപിടുത്തത്തില്‍ നശിച്ചു.

മറ്റൊരു കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വളരെ കുറച്ച് പരിക്കുകളോടെ താരതമ്യേന കുറഞ്ഞ സമയത്തിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതായി അഗ്‌നിശമനസേനാ മേധാവി പറഞ്ഞു.ദുരന്തം പുലര്‍ച്ചെ ഒരു മണിക്കായിരുന്നതിനാലാണ് ആളപായം ഒഴിവായതെന്നും അദ്ദേഹം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.