കൊച്ചി മെട്രോ പാളത്തില്‍ ചെരിവ്; ഗുരുതരമല്ലെന്നും പരിശോധന തുടരുന്നുവെന്നും കെഎംആര്‍എല്‍

കൊച്ചി മെട്രോ പാളത്തില്‍ ചെരിവ്; ഗുരുതരമല്ലെന്നും പരിശോധന തുടരുന്നുവെന്നും കെഎംആര്‍എല്‍

കൊച്ചി: കൊച്ചി മെട്രോ പാളത്തില്‍ ചരിവ് കണ്ടെത്തി. ഇടപ്പള്ളി പത്തടിപ്പാലം 374-ാം നമ്പര്‍ തൂണിന് സമീപമാണ് തകരാര്‍ കണ്ടെത്തിയത്. ഈ ഭാഗത്ത് വേഗം കുറച്ചാണ് മെട്രോ സര്‍വീസ് നടത്തുന്നത്. കെഎംആര്‍എല്‍ പരിശോധന നടത്തി വരികയാണ്. ചരിവ് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ട്രാക്ക് പരിശോധനക്കിടെയാണ് ചരിവ് കണ്ടെത്തിയത്.

മെട്രോ പാളത്തിന്റെ ചെരിവ് പാളം ഉറപ്പിച്ചിട്ടുള്ള കോണ്‍ക്രീറ്റ് ഭാഗത്തിന്റെ (വയഡക്ട്) ചെരിവാണെന്ന് സംശയിച്ചെങ്കിലും അതല്ലെന്നാണ് ആദ്യ വിലയിരുത്തല്‍. പാളം ഉറപ്പിച്ചിരിക്കുന്ന ബുഷുകളിലെ തേയ്മാനം മൂലവും ചെരിവുണ്ടാകാം. അങ്ങനെയെങ്കില്‍ ബുഷ് മാറ്റിവച്ചാല്‍ പ്രശ്നം തീരും. വയഡക്ടിന്റെ ചെരിവാണെങ്കിലും പരിഹരിക്കാനാകും.

എന്നാല്‍ തൂണിനു ചെരിവുണ്ടെങ്കില്‍ കാര്യം ഗുരുതരമാകും. അതേസമയം, തൂണിന്റെ ചെരിവ് ആണെങ്കില്‍ പോലും അതു പരിഹരിക്കാന്‍ കഴിയുമെന്ന് എന്‍ജിനീയര്‍മാര്‍ അഭിപ്രായപ്പെട്ടു. ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തിലാണ് ആലുവ മുതല്‍ പേട്ട വരെയുള്ള 25 കിലോമീറ്റര്‍ മെട്രോ നിര്‍മിച്ചത്.

ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് കെഎംആര്‍എല്‍ വ്യക്തമാക്കി. വയഡക്ടിനും ട്രാക്കിനും ഇടയില്‍ ചെറിയൊരു വിടവു ശ്രദ്ധയില്‍പ്പെട്ടു. അത് പരിശോധിച്ചു വരികയാണ്. മുകള്‍ ഭാഗത്തെ പരിശോധന കഴിഞ്ഞു. താഴ്ഭാഗത്തുകൂടി സമഗ്ര പരിശോധന നടത്തും.

അതിനു വേണ്ടിയാണു തൂണിനോടു ചേര്‍ന്നു കുഴിയെടുത്തത്. മെട്രോ സര്‍വീസിനെ ഇതു ബാധിക്കില്ല. പരിശോധന പൂര്‍ത്തിയാവും വരെ പത്തടിപ്പാലം ഭാഗത്തു ട്രെയിനുകള്‍ക്ക് വേഗം കുറച്ചിട്ടുണ്ടെന്നും കെഎംആര്‍എല്‍ അറിയിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍ വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാതയുടെ പരീക്ഷണയോട്ടം വിജയമായിരുന്നു. 453 കോടിരൂപ ചെലവഴിച്ചാണ് 1.8 കിലോ മീറ്റര്‍ ദൂരത്തേക്ക് കൂടി മെട്രോ സര്‍വീസ് ദീര്‍ഘിപ്പിച്ചത്. പുതിയ പാതയില്‍ സര്‍വീസ് തുടങ്ങുമ്പോള്‍ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 24 ആയി ഉയരും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.