എം.ബി.ബി.എസ് പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നു; ഡോക്ടറാകണമെങ്കില്‍ ഇനി വീട്ടിലെത്തി ചികിത്സിക്കണം

 എം.ബി.ബി.എസ് പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നു; ഡോക്ടറാകണമെങ്കില്‍ ഇനി വീട്ടിലെത്തി ചികിത്സിക്കണം

ന്യൂഡല്‍ഹി: എം.ബി.ബി.എസ് പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നു. അവയവ പഠനത്തിനൊപ്പം കുടുംബാധിഷ്ഠിത പ്രായോഗിക ചികിത്സാ പഠനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത്. ഓരോ എം.ബി.ബി.എസ് വിദ്യാര്‍ഥിയും പഠന കാലയളവില്‍ അഞ്ചു കുടുംബങ്ങളെ ദത്തെടുക്കണമെന്നതാണ് പ്രധാന പരിഷ്‌കാരം. 'കുടുംബ ദത്ത് പദ്ധതി' അഥവാ 'ഫാമിലി അഡോപ്ഷന്‍ പ്രോഗ്രാം' (എഫ്.എ.പി.) എന്ന പേരിലുള്ള ഇതിന്റെ കരട് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍.എം.സി.) തയ്യാറാക്കി.

വൈകാതെ പൊതുജനാഭിപ്രായം തേടാനായി പ്രസിദ്ധീകരിക്കും. സാങ്കേതിക പരിശീലനത്തിനു (കംപ്യൂട്ടര്‍ സ്‌കില്‍ ലേണിങ്) പകരമാണ് എഫ്.എ.പി പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. ആദ്യ വര്‍ഷം തന്നെ ഒരു മെഡിക്കല്‍ വിദ്യാര്‍ഥി അഞ്ച് കുടുംബങ്ങളെ ദത്തെടുക്കണം. കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി പതിവായി നിരീക്ഷിച്ച് അവശ്യമായ ചികിത്സ നിര്‍ദേശിക്കണം. രണ്ടാഴ്ചയിലൊരിക്കല്‍ വീടു സന്ദര്‍ശിക്കണം.

ചുരുങ്ങിയത് പത്ത് പ്രാവശ്യമെങ്കിലും കുടുംബാംഗങ്ങളെ നേരിട്ടു ചികിത്സിച്ചെന്ന് ഉറപ്പാക്കണം. തുടര്‍ന്നുള്ള മൂന്നു വര്‍ഷങ്ങളില്‍ ഗൃഹ സന്ദര്‍ശത്തിനു പുറമേ, ഫോണിലൂടെയും ചികിത്സ നിര്‍ദേശിക്കാം. ഈ കാലയളവില്‍ മൂന്നുമാസത്തിലൊരിക്കല്‍ വീട്ടിലെത്തിയാല്‍ മതിയാകും.

ചികിത്സയ്ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ അസിസ്റ്റന്റ് പ്രൊഫസറില്‍ നിന്ന് തേടാം. 25 പേര്‍ക്ക് ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ എന്നതാണ് കണക്ക്. മെഡിക്കല്‍ വിദ്യാര്‍ഥികളെ സഹായിക്കാന്‍ ആശാ വര്‍ക്കറുമുണ്ടാകും. ചികിത്സാ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിച്ച് വിവര ശേഖരം തയ്യാറാക്കണം. കൃത്യമായ മൂല്യ നിര്‍ണയവുമുണ്ടാകും. കമ്യൂണിറ്റി മെഡിസിന്‍ വകുപ്പിനു കീഴില്‍ പദ്ധതി ഉള്‍പ്പെടുത്താമെന്നും നില്‍ര്‍ദേശത്തില്‍ പറയുന്നു.

കമ്യൂണിറ്റി മെഡിസിനില്‍ ഫീല്‍ഡ് വിസിറ്റിങ്ങിലൂടെ വിദ്യാര്‍ഥികള്‍ ചെയ്തിരുന്ന കാര്യങ്ങള്‍ ഒരു ചട്ടക്കൂടില്‍ അവതരിപ്പിക്കുകയാണ് എന്‍.എം.സി. ജീവിത ശൈലീ രോഗങ്ങളില്‍ നിന്ന് ആളുകളെ മുക്തരാക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുടുംബാംഗങ്ങള്‍ക്ക് നേരിട്ട് ചികിത്സ ലഭിക്കുന്നതിനൊപ്പം ഗ്രാമ പ്രദേശങ്ങളില്‍ മെച്ചപ്പെട്ട ആരോഗ്യ സേവനം ഉറപ്പാക്കാനും സാധിക്കും.

മെഡിക്കല്‍ വിദ്യാര്‍ഥികളെ കൂടുതല്‍ സഹാനുഭൂതിയോടെയും ആത്മവിശ്വാസത്തോടെയും 'സമ്പൂര്‍ണ ഡോക്ടര്‍' ആയി വളര്‍ത്തിയെടുക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. 'യു.ജി. മെഡിക്കല്‍' വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് അരുണ വണികറുടേതാണ് ആശയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.