തിരുവനന്തപുരം: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷന് കാലാവധി നീട്ടി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നോക്കാവസ്ഥയും ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ചതാണ് ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍. 2023 ഫെബ്രുവരി 23 വരെ കാലാവധി നീട്ടി നല്‍കാനാണ് യോഗത്തില്‍ തീരുമാനമായത്.
അതേസമയം കോഴിക്കോട് ജില്ലയിലെ കനോലി കനാല്‍ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് 1118 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം നല്‍കി. കിഫ്ബി ധന സഹായത്തോടെ ആകും പദ്ധതി നടപ്പാക്കുക. ചരക്കു ഗതാഗതം, കോഴിക്കോട് പട്ടണത്തിലെ വെള്ളപ്പൊക്ക നിയന്ത്രണം, ടൂറിസം, എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പരിസ്ഥിതി, സൗഹൃദ കനാല്‍ വികസനമാണ് നടപ്പാക്കുക.
കൂടാതെ കനാലിന്റെ വീതി ആഴം എന്നിവ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കും. മലിനീകരണം ഒഴിവാക്കുന്നതിന് ഇന്റര്‍സെപ്റ്റ് സ്വീവറുകളും ട്രിറ്റ്‌മെന്റ് സിസ്റ്റവും സ്ഥാപിക്കും. കനാല്‍ തീരങ്ങളുടെ സൗന്ദര്യ വല്‍ക്കരണവും നടത്തും. ഒപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കോഴിക്കോടിനെ കനാല്‍ സിറ്റി എന്ന് വശേഷിപ്പിക്കാവുന്ന തരത്തില്‍ കനോലി കനാല്‍ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പൊലീസ് വകുപ്പിലെ മുന്ന് ആര്‍മെറര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികകള്‍ ആര്‍മെറര്‍ ഹവില്‍ദാര്‍ തസ്തികകളാക്കി അപ്‌ഗ്രേഡ് ചെയ്യാനും യോഗത്തില്‍ തീരുമാനമായി. ഇവരെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ നിയമിക്കുന്നതിനും അനുമതി നല്‍കി. കൂടാതെ കേരള രാജ്ഭവനില്‍ ഗവര്‍ണറുടെ സെക്രട്ടറിയേറ്റില്‍ ഫോട്ടോഗ്രാഫറുടെ തസ്തിക സൃഷ്ടിക്കും. നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരുന്ന പി ദിലീപ് കുമാറിനെ ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരം സ്ഥിരപ്പെടുത്താനും തീരുമാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.