'എന്തേ നേരത്തെ പറയാതിരുന്നത്'?.. ലോകായുക്ത ഭേദഗതിയില്‍ എതിര്‍പ്പറിയിച്ച സിപിഐ മന്ത്രിമാരോട് മുഖ്യമന്ത്രിയുടെ ചോദ്യം

'എന്തേ നേരത്തെ പറയാതിരുന്നത്'?.. ലോകായുക്ത ഭേദഗതിയില്‍ എതിര്‍പ്പറിയിച്ച സിപിഐ മന്ത്രിമാരോട് മുഖ്യമന്ത്രിയുടെ ചോദ്യം

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ ലോകായുക്ത നിയമഭേദഗതിയില്‍ എതിര്‍പ്പറിയിച്ച സിപിഐ മന്ത്രിമാരോട് നേരത്തെ മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിച്ചപ്പോള്‍ എന്താണ് എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ഇത് സംബന്ധിച്ച് പഠിക്കാന്‍ സമയം ആവശ്യപ്പെട്ടതനുസരിച്ച് ഒരു തവണ വിഷയം മാറ്റി വെച്ചിരുന്നു. പിന്നീട് പരിഗണനയ്ക്ക് വന്നപ്പോള്‍ സിപിഐ മന്ത്രിമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതുമില്ല. തീരുമാനമെടുത്ത ശേഷം അതിനെതിരെ പ്രതികരണം നടത്തുന്നത് ശരിയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

ജനുവരി 19 ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് പാസാക്കിയത്. ഇത്തരമൊരു ഓര്‍ഡിനന്‍സ് കൊണ്ടുവരുമ്പോള്‍ വേണ്ടത്ര രാഷ്ട്രീയ ആലോചന ഉണ്ടായില്ലെന്ന് സിപിഐ മന്ത്രിമാര്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്നാണ് സിപിഐയുടെ നിലപാട്.

പാര്‍ട്ടി ചുമതലപ്പെടുത്തിയതനുസരിച്ചാണ് ഇത്തരമൊരു വിയോജിപ്പ് പ്രകടമാക്കുന്നത് എന്ന മുഖവരയോട് കൂടിയാണ് റവന്യൂ മന്ത്രി കെ.രാജന്‍ സിപിഐ നിലപാട് വ്യക്തമാക്കിയത്. സിപിഐയുടെ മറ്റു മന്ത്രിമാര്‍ രാജനെ പിന്തുണയ്ക്കുകയും ചെയ്തു.

എന്നാല്‍ ഇതിന് മറുപടി നല്‍കിയ മുഖ്യമന്ത്രി മറുചോദ്യം ചോദിച്ചതല്ലാതെ ഭരണഘടനാ വിരുദ്ധത സംബന്ധിച്ച വിശദീകരണത്തിന് തയ്യാറായില്ല. നിയമഭേദഗതി ഗവര്‍ണര്‍ അംഗീകരിച്ച സാഹചര്യത്തില്‍ നിലവില്‍ സര്‍ക്കാരിന് മുന്നില്‍ ഇത് സംബന്ധിച്ച പ്രതിസന്ധിയില്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.