ഹര്‍ജിക്കാരോട് ഇടനിലക്കാരനല്ലെന്ന് ഹൈക്കോടതി; ഹിജാബ് വിഷയത്തില്‍ വാദം നാളെയും തുടരും

ഹര്‍ജിക്കാരോട് ഇടനിലക്കാരനല്ലെന്ന് ഹൈക്കോടതി; ഹിജാബ് വിഷയത്തില്‍ വാദം നാളെയും തുടരും

ബെംഗ്‌ളൂരു: ഹിജാബ് നിരോധവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ നാളെയും വാദം തുടരും. വിഷയത്തില്‍ ഇന്ന് രൂക്ഷമായ വാദമാണ് കോടതിയില്‍ നടന്നത്. അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിക്കാര്‍ ചികിത്സാരീതി തീരുമാനിക്കുമ്പോഴേക്കും ആന ചെരിയുന്ന അവസ്ഥയാണുള്ളതെന്ന് ചൂണ്ടികാട്ടി. എന്നാല്‍ ഇടനിലക്കാരനെ പോലെ ഇടപെടാനാകില്ലെന്നായിരുന്നു ഇതില്‍ ഹൈക്കോടതിയുടെ മറുപടി.

ഭരണഘടനാപരമായ വിഷയങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാതിരിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടികാട്ടി. തിടുക്കം കാട്ടുകയല്ല എല്ലാം വശങ്ങളും പരിശോധിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ ഹൈക്കോടതി കേസിലെ ഭരണഘടനാ പരമായ വിഷയങ്ങളാണ് ഇപ്പോള്‍ പരിശോധിക്കുന്നതെന്നും വ്യക്തമാക്കി.

മാത്രമല്ല പ്രശ്‌നപരിഹാരത്തിന് രണ്ട് വിഭാഗങ്ങളും തമ്മിലാണ് ശ്രമിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. ഭരണഘടനാ പരമായ വിഷയങ്ങള്‍ പരിശോധിക്കാനുള്ളതിനാല്‍ നാളെയും വാദം തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ടുള്ള ഇടക്കാല ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും അടിയന്തര ഇടപെടല്‍ നടത്തണമെന്നുമുള്ള ഹര്‍ജി കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. അന്തിമ ഉത്തരവ് വരുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര പ്രകാരമുള്ള വസ്ത്രങ്ങള്‍ നിരോധിച്ചുള്ള നടപടി തുടരാമെന്ന് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ഇടക്കാല ഉത്തരവ് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഹിജാബ് ധരിച്ചെത്തുന്ന അധ്യാപകരെ അടക്കം സ്‌കൂളുകള്‍ക്ക് മുന്നില്‍ തടയുന്നുവെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഈ ഹര്‍ജി തള്ളിയത്. ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഇപ്പോള്‍ കോടതിയില്‍ വാദം തുടരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.