'കോണ്‍ഗ്രസ് സര്‍ക്കാരുകളും കേന്ദ്ര നീക്കങ്ങളുടെ ഇര, കോണ്‍ഗ്രസിനെ ഒഴിവാക്കരുത്'; മമത ബാനര്‍ജിയോട് സിപിഎം

'കോണ്‍ഗ്രസ് സര്‍ക്കാരുകളും കേന്ദ്ര നീക്കങ്ങളുടെ ഇര, കോണ്‍ഗ്രസിനെ ഒഴിവാക്കരുത്'; മമത ബാനര്‍ജിയോട് സിപിഎം

കൊല്‍ക്കത്ത: കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള മമത ബാനര്‍ജിയുടെ നീക്കത്തിനെതിരെ സിപിഎം രംഗത്ത്. കോണ്‍ഗ്രസ് സര്‍ക്കാരുകളും കേന്ദ്ര നീക്കങ്ങളുടെ ഇരയാണ്. ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കോണ്‍ഗ്രസിനേയും വിളിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. യോഗം രാഷ്ട്രീയ സഖ്യത്തിന് വേദിയാക്കരുതെന്നും സിപിഎം വ്യക്തമാക്കി.

കോണ്‍ഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കത്തിലാണ് മമത ബാനര്‍ജി. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിനു ശേഷം മമത ബാനര്‍ജി ദേശീയ തലത്തില്‍ നടത്തിയ നീക്കങ്ങള്‍ കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരുന്നു. ഭിന്നത രൂക്ഷമായപ്പോള്‍ ഡല്‍ഹിയിലെത്തിയ മമതയെ കാണാന്‍ സോണിയ ഗാന്ധി കൂട്ടാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന് സ്വന്തം വഴി തേടാമെന്ന് മമത ബാനര്‍ജി പറഞ്ഞത്.

പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയ്ക്കുള്ള നീക്കം തുടങ്ങിയെന്നും മമത അറിയിച്ചിരുന്നു. ചന്ദ്രശേഖര റാവു, എം കെ സ്റ്റാലിന്‍ എന്നിവരുമായി മമത സംസാരിച്ചിരുന്നു. അതേസമയം ബംഗാളിലെ മുനിസിപ്പല്‍ തെരഞ്ഞടുപ്പില്‍ 60 ശതമാനം വോട്ട് നേടിയത് മമതയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. അഖിലേഷ് യാദവിനായി മമത പ്രചാരണത്തിനെത്തിയതും ഇതേ ലക്ഷ്യത്തോടെയാണെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ഗോവയില്‍ തൃണമൂല്‍ നടത്തിയ നീക്കം ജനം തള്ളിയെന്നാണ് കോണ്‍ഗ്രസ് പ്രതികരണം. മമത സ്വന്തം വഴി തേടട്ടെ എന്നും എഐസിസി വൃത്തങ്ങള്‍ പറഞ്ഞു. ഉത്തരാഖണ്ഡിലും ഗോവയിലും അധികാരത്തിലെത്തും എന്ന് വിലയിരുത്തുന്ന കോണ്‍ഗ്രസ് പ്രതിപക്ഷത്തെ നീക്കങ്ങള്‍ക്ക് ഫലം വരെ കാത്തിരിക്കാം എന്ന നിലപാടിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.