എറണാകുളം: പൗരോഹിത്യ ബ്രഹ്മചര്യം കത്തോലിക്കാ തിരുസഭയുടെ ഒരുറച്ച പാരമ്പര്യമാണ്.പൗരോഹിത്യ ബ്രഹ്മചര്യം ദൈവത്തിന്റെയും സമൂഹത്തിന്റെയും സേവനത്തിനുള്ള വൈദികന്റെ ആകെ സമർപ്പണമാണ്.സീറോ മലബാർ സഭയുടെ പുരോഹിത വ്രതങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണിത്. ഈ ഫെബ്രുവരി മാസം ഒരു ഓൺലൈൻ മാധ്യമത്തിൽ "വൈദികരിൽ ബ്രഹ്മചര്യം ഇനിയും അടിച്ചേൽപ്പിക്കണോ?" എന്നുള്ള തലക്കെട്ടിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ ഫാദർ അഗസ്റ്റിൻ വട്ടോളിയുമായി നടത്തിയ അഭിമുഖം കത്തോലിക്കാ സഭയുടെ വൈദികരുടെ ബ്രഹ്മചര്യ പാരമ്പര്യങ്ങളെ ചോദ്യം ചെയ്യുന്നതാണ്.ഈ അഭിമുഖം പൊതു സമൂഹത്തിൽ കത്തോലിക്കാ സഭയെ അവഹേളിക്കുന്നതും വിശ്വാസികൾക്കിടയിൽ ഉതപ്പ് സൃഷ്ടിക്കുന്നതുമാണ്.ഇതിനെ ശക്തമായി അപലപിക്കുന്നു.കത്തോലിക്കാ സഭയുടെ വിശ്വാസ പാരമ്പര്യങ്ങളെ ചോദ്യം ചെയ്യുന്ന ഇത്തരം വില കുറഞ്ഞ നീക്കങ്ങളെ ശക്തമായി നേരിടുമെന്ന് മുന്നറിയിപ്പ് നൽകുന്നു.
ക്രൈസ്തവ കത്തോലിക്കാ പാരമ്പര്യങ്ങളെ അവഹേളിച്ച ഓൺലൈൻ അധികൃതർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സെൻട്രൽ ഗവണ്മെന്റിനോടും കേരള സർക്കാരിനോടും അഭ്യർത്ഥിക്കുന്നു.ഫാദർ അഗസ്റ്റിൻ വട്ടോളിക്കെതിരെ സഭയുടെ കാനോനിക നിയമങ്ങളനുസരിച്ച് ഉടൻ ശക്തമായ നടപടികളെടുക്കണമെന്ന് സീറോ മലബാർ സഭാ സിനഡിനോട് അഭ്യർത്ഥിക്കുന്നു.ഫാ.വട്ടോളിയിൽ നിന്നുള്ള തുടർച്ചയായുള്ള അച്ചടക്ക ലംഘനങ്ങളിൽ നടപടികൾ വൈകുന്നത് ഒരു കാരണവശാലും നീതീകരിക്കാനാകുകയില്ല.
"ബ്രഹ്മചര്യം സഭയ്ക്ക് ലഭിച്ചിരിക്കുന്ന ഒരു വലിയ സമ്മാനമാണ്. അതുകൊണ്ടുതന്നെ, ഇഷ്ടാനുസൃത പൗരോഹിത്യ ബ്രഹ്മചര്യം അനുവദിക്കുന്നതിനെ അംഗീകരിക്കുന്നില്ല" എന്ന് അടിവരയിട്ട് പറഞ്ഞ ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ നിങ്ങളെ എല്ലാവരെയും ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.സീറോ മലബാർ സഭയെ പൊതുസമൂഹത്തിൽ അപമാനിക്കുന്ന ഇത്തരം വാർത്തകൾക്കെതിരെ വിശ്വാസസമൂഹം രംഗത്തിറങ്ങാനും ജാഗ്രതയോടെ വർത്തിക്കുവാനും അപേക്ഷിക്കുന്നു എന്ന് ടോണി ചിറ്റിലപ്പിള്ളി, അൽമായ ഫോറം സെക്രട്ടറി സീറോ മലബാർ സഭ, അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26