കര്‍ദ്ദിനാള്‍ ലൂയിജി ദെ മജിസ്ത്രിസിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ

കര്‍ദ്ദിനാള്‍ ലൂയിജി ദെ മജിസ്ത്രിസിന്റെ വിയോഗത്തില്‍  അനുശോചനം രേഖപ്പെടുത്തി  ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കര്‍ദ്ദിനാള്‍ ലൂയിജി ദെ മജിസ്ത്രിസിന്റെ നിര്യാണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു. 'കര്‍ത്താവിനെയും സഭയെയും തികഞ്ഞ സമര്‍പ്പണത്തോടെ സേവിച്ച കര്‍ദ്ദിനാളിന്റെ വിയോഗം മുഴുവന്‍ സഭാ സമൂഹത്തിനും ദുഃഖകരമാണ്'- കാഗ്ലിയാരിയിലെ ആര്‍ച്ച്ബിഷപ്പ് ഗ്യൂസെപ്പെ ബത്തൂരിക്ക് അയച്ച സന്ദേശത്തില്‍ പാപ്പാ രേഖപ്പെടുത്തി.

മുന്‍ മാര്‍പാപ്പമാരുടെ 'ഉത്സാഹിയും വിവേകിയുമായ സഹകാരി' എന്ന നിലയില്‍ ആത്മാക്കളുടെ നന്മയ്ക്കായി വിശുദ്ധ സിംഹാസനത്തോടു ചേര്‍ന്ന് സേവന തിരതനായിരുന്ന കര്‍ദ്ദിനാള്‍ മജിസ്ത്രിസിന്റെ അളവറ്റ പ്രതിബദ്ധതയ്ക്കും അനുരഞ്ജന ശുശ്രൂഷാ സ്നേഹത്തിനും മാര്‍പ്പാപ്പ നന്ദി പറഞ്ഞു. വിവിധ തിരുസംഘങ്ങളില്‍ സേവനം ചെയ്ത ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ മജിസ്ത്രിസ് 95 - ാം വയസ്സിലാണ് ജന്മസ്ഥലമായ കാഗ്ലിയാരിയില്‍ ദിവംഗതനായത്.

1926 ഫെബ്രുവരി 23-ന് കാഗ്ലിയാരിയില്‍ എഡ്‌മോന്തൊ അഞ്ഞേസെ ബല്ലേറൊ ദമ്പതികളുടെ ആറുമക്കളില്‍ ഇളയ മകനായാണ് മജിസ്ത്രിസിന്റെ ജനനം.കാഗ്ലിയാരി സര്‍വകലാശാലയില്‍ നിന്ന് ലിബറല്‍ ആര്‍ട്സില്‍ ബിരുദം നേടിയ ശേഷം പൊന്തിഫിക്കല്‍ റോമന്‍ സെമിനാരിയില്‍ പഠിക്കാന്‍ റോമിലേക്ക് യാത്രയായ അദ്ദേഹം 1952 ഏപ്രില്‍ 12-ന് വൈദികനായി.

കാഗ്ലിയാരിയില്‍ ഇടവക ശുശ്രൂഷയിലും രൂപത സഭാ ട്രിബ്യൂണലിലും സേവനമനുഷ്ഠിച്ചു. 1957-ല്‍ റോമില്‍ തിരിച്ചെത്തിയ അദ്ദേഹം പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും പഠനം നടത്തി. 1958 ഒക്ടോബര്‍ 1-ന് ലാറ്ററന്‍ അഥേനിയത്തിന്റെ സെക്രട്ടറിയായി വിശുദ്ധ സിംഹാസനത്തിലെ സേവനത്തില്‍ പ്രവേശിച്ചു.1959 ഫെബ്രുവരി മുതല്‍ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദി ഡോക്ട്രിന്‍ ഓഫ് ദി ഫെയ്ത്തില്‍ സേവനമനുഷ്ഠിച്ചു. 1969 ഫെബ്രുവരിയില്‍ സഭയുടെ കൗണ്‍സില്‍ ഓഫ് പബ്ലിക് അഫയേഴ്സിലേക്കു മാറി. 1979 മെയ് 2-ന് അപ്പസ്‌തോലിക് പെനിറ്റന്‍ഷ്യറിയുടെ റീജന്റായി നിയമിതനായി.

1996 മാര്‍ച്ച് 6-ന്, നോവയുടെ സ്ഥാനിക മെത്രാനായി നിയമിതനായി. 1996 ഏപ്രില്‍ 28 നായിരുന്നു മെത്രാഭിഷേകം. 2001 നവംബര്‍ 22-ന് അദ്ദേഹത്തെ മേജര്‍ പ്രോ-പെനിറ്റന്‍ഷ്യറിയായി നിയമിച്ചു. 2003 ഒക്ടോബര്‍ 7 വരെ ആ ചുമതല നിറവേറ്റി. ദിവ്യാരാധനയ്ക്കും കൂദാശകളുടെ അച്ചടക്കത്തിനും വേണ്ടിയുള്ള സംഭാംഗമായിരുന്നു.വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘം, ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനുള്ള തിരുസംഘം, വൈദികര്‍ക്കു വേണ്ടിയുള്ള തിരുസംഘം, പൊന്തിഫിക്കല്‍ കമ്മീഷന്‍ അടക്കം വിവിധ ഉന്നത സ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചട്ടുണ്ട്. 2015 ഫെബ്രുവരി 14-ന് ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാളായി പ്രഖ്യാപിച്ചു.

കര്‍ദ്ദിനാള്‍ ലുയീജി ദെ മജിസ്ത്രിസിന്റെ നിര്യാണത്തോടെ കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗസംഖ്യ 213 ആയി കുറഞ്ഞു. ഇവരില്‍ 119 പേര്‍ക്ക് മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ സമ്മതിദാനാവകാശമുണ്ട്. 80 വയസ്സു കഴിഞ്ഞവരായതിനാല്‍ ശേഷിച്ച 94 പേര്‍ക്ക് വോട്ടവകാശമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26