ബെംഗ്‌ളൂരു: ഹിജാബ് ധരിക്കുന്നത് ഇസ്ലാമില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു മതാചാരമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അതുകൊണ്ടുതന്നെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 25ന്റെ ലംഘനമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
കര്‍ണാടക സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവദ്ഗിയാണ് കോളജുകളിലും സ്‌കൂളുകളിലും ഹിജാബ് വിലക്കിയതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന ഹൈക്കോടതി ഭരണഘടനാ ബെഞ്ചിന് മുന്നില്‍ ഇക്കാര്യം അറിയിച്ചത്. ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് നിയമാനുസൃതമാണെന്നും അതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും എജി പറഞ്ഞു.
ഉത്തരവ് വിദ്യാഭ്യാസ നിയമവുമായി യോജിച്ചുപോകുന്നതാണെന്നാണ് ആദ്യമായി പറയാനുള്ളത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാമില്‍ അനിവാര്യമായ മതപരമായ ആചാരത്തില്‍ പെടുന്നില്ല എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. മൂന്നാമത്തേത്, ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടനാപരമായ അവകാശത്തില്‍ ഉള്‍പ്പെടുന്ന ഒന്നല്ല എന്നും എജി കോടതിയില്‍ വ്യക്തമാക്കി.
കേസില്‍ ഇന്ന് ആറാം ദിവസമാണ് കര്‍ണാടക ഹൈക്കോടതിയില്‍ വാദം കേട്ടത്. തിങ്കളാഴ്ചയും വാദം തുടരുമെന്ന് അറിയിച്ച് കോടതി ഇന്നത്തേക്ക് പിരിഞ്ഞു. മതപരമായ വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഉത്തരവ് വ്യക്തമാണെന്നും ഇക്കാര്യത്തില്‍ രേഖാമൂലം അപേക്ഷ തന്നാല്‍ മാത്രമേ തങ്ങള്‍ക്ക് ഇടപെടാനാകൂവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.