ആരാധകര്‍ക്ക് ആഘോഷമായി 'ആറാട്ട്'

ആരാധകര്‍ക്ക് ആഘോഷമായി  'ആറാട്ട്'

ഒരു മോഹന്‍ലാല്‍ സിനിമയെന്നാല്‍ ആരാധകര്‍ക്ക് അത് ആഘോഷമാണ്. ഈ ആരാധകവൃന്ദത്തിന് ആഘോഷിച്ച്‌ കാണാന്‍ ഒരു മോഹന്‍ലാല്‍ സിനിമ കൂടി എത്തിയിരിക്കുകയാണ്. ബി ഉണ്ണിക്കൃഷ്ണന്റെ സംവിധാനത്തിലൊരുക്കിയ 'ആറാട്ട്'.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ ലുക്ക് ആദ്യമേ ചര്‍ച്ചയായിരുന്നു. പിന്നീടിറങ്ങിയ പ്രൊമോ വീഡിയോകള്‍ ആരാധകരെ ആവേശത്തിലാക്കി. ചിത്രത്തിന് ലഭിച്ച ബുക്കിംഗ് ഇതിന്റെ സൂചനയായിരുന്നു.

മുതലക്കോട്ട എന്ന ഗ്രാമത്തിലെ ബ്ലേഡ് പലിശക്കാരനായ എടത്തല മത്തായി, തന്റെ പാടം നികത്താനുള്ള ശ്രമത്തിലാണ്. അധികൃതരും നാട്ടുകാരും ഇതിന് എതിരാണ്. വര്‍ഷങ്ങളായി തുടരുന്ന ഈ തടസം നീക്കാന്‍ മത്തായി കണ്ടെത്തുന്ന മാര്‍ഗമാണ് നെയ്യാറ്റിന്‍കര ഗോപന്‍. ഈ വ്യക്തിക്ക് പാട്ടത്തിന് കൊടുത്ത് തന്ത്രത്തില്‍ നിലം നികത്താനുള്ള നീക്കമാണ് അയാളുടേത്. ആദ്യം എതിരാളിയായ വരുന്ന ഗോപന്‍ പതിയെ നാട്ടുകാരുടെ ഇഷ്ടക്കാരനാകുന്നു.

മുതലക്കോട്ടയില്‍ എ ആര്‍ റഹ്മാനെ കൊണ്ടു വന്ന് സംഗീത വിരുന്ന് ഒരുക്കാമെന്ന അയാളുടെ വാഗ്ദാനത്തില്‍ പാടം നികത്താന്‍ മുന്‍പ് എതിര്‍പ്പ് പ്രകടിപ്പിച്ചവര്‍ തന്നെ മുന്നിട്ടിറങ്ങി. എന്നാല്‍ പാടം നികത്തി അത് മത്തായിക്ക് തിരികെ കൈമാറുന്നതിനപ്പുറത്തേക്ക് ഒരു ലക്ഷ്യം ഗോപനുണ്ടായിരുന്നു.

ഒരുപാട് കഥാപാത്രങ്ങള്‍ തിങ്ങിനിറഞ്ഞ ചിത്രമാണ് ആറാട്ട്. അതില്‍ മിക്കതും തീരെ പ്രാധാന്യമില്ലാത്തവയാണ്. ഇവരൊക്കെ എന്തിന് എന്ന ചോദ്യം ഒട്ടുമിക്കവര്‍ക്കും ഉണ്ടായേക്കാം. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് മോഹന്‍ലാലിന്റെ പ്രകടനം. വളരെയേറെ എനര്‍ജറ്റിക്കായ ഒരു മോഹന്‍ലാല്‍ കഥാപാത്രമാണ് ഗോപന്‍. അദ്ദേഹത്തിന്റെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നതെല്ലാം ഈ കഥാപാത്രത്തിലൂടെ വെള്ളിത്തിരയിലെത്തിക്കാന്‍ സംവിധായകനായ ഉണ്ണിക്കൃഷ്ണന്‍ ശ്രമിച്ചിട്ടുണ്ട്.

ആക്ഷന്‍, മാസ് സംഭാഷണങ്ങള്‍, സ്റ്റൈല്‍, മാനറിസങ്ങള്‍ തുടങ്ങി ഒരു കംപ്ലീറ്റ് എന്റര്‍ടെയിനിംഗ് പാക്കേജായി ചിത്രത്തിന്റെ ആദ്യാവസാനം മോഹന്‍ലാല്‍ നിറഞ്ഞുനില്‍ക്കുന്നു. എന്നാല്‍ എല്ലാ തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന വിധമാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്ന് പറയാനാവില്ല.

വിജയ് ഉലകനാഥിന്റെ മികച്ച ക്യാമറ വര്‍ക്കാണ് ചിത്രത്തില്‍. കളര്‍ഫുള്‍ ഫ്രെയിമുകളും സ്റ്റൈലിഷ് ഷോട്ടുകളും നല്ലൊരു ദൃശ്യാനുഭവമാണ് നല്‍കുന്നത്. ഇതിനോടൊപ്പം രാഹുല്‍ രാജിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും പെര്‍ഫെക്റ്റ് മാച്ചാണെന്ന് പറയാം. അനല്‍ അരസും രവി വര്‍മയും ഒരുക്കിയ സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ മികച്ച ഘടകങ്ങളിലൊന്നാണ്.

ചിത്രത്തില്‍ അഭിനേതാക്കളുടെ വലിയൊരു നിരയുണ്ടെങ്കിലും മോഹന്‍ലാല്‍ അല്ലാതെ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ കുറവാണ്. ശ്രദ്ധ ശ്രീനാഥ്, വിജയരാഘവന്‍, അശ്വിന്‍ കുമാര്‍, കോട്ടയം രമേശ് എന്നിവര്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. മലയാളത്തില്‍ എന്റര്‍റ്റെയിനറുകളുടെ ഉസ്താദ് എന്ന് പറയാവുന്ന ഉദയകൃഷ്ണയാണ് ആറാട്ടിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

തന്റെ എന്റര്‍റ്റെയിനറുകളുടെ സ്ഥിരം ഫോര്‍മുലയ്ക്കൊപ്പം രജനീകാന്ത്, വിജയ് സിനിമകളുടെ രസക്കൂട്ടുകളും ഉദയകൃഷ്ണ ആറാട്ടില്‍ അവതരിപ്പിച്ചിട്ടുണ്ട്. മാസ് സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ബി ഉണ്ണിക്കൃഷ്ണന്റെ ഈ മോഹന്‍ലാന്‍ ഷോയും ഇഷ്ടപ്പെടുമെന്ന് തീർച്ചയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.