ഈസ്ട്രജന്‍ കോവിഡ് ഗുരുതരമാകുന്നത് തടയുമെന്ന് പഠനം

ഈസ്ട്രജന്‍ കോവിഡ് ഗുരുതരമാകുന്നത് തടയുമെന്ന് പഠനം

സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന് പല രോഗങ്ങളേയും പ്രതിരോധിക്കാന്‍ കഴിവുണ്ട്. ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകളില്‍ ഈസ്ട്രജന്റെ അളവ് കുറഞ്ഞിരിക്കുന്നതിനാല്‍ കോവിഡിന്റെ ഭീഷണി വര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെന്ന് സ്വീഡനില്‍ നടന്ന പഠനം വ്യക്തമാക്കുന്നു.

മെഡിക്കല്‍ ജേര്‍ണലായ ബിഎംജി ഓപ്പണിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകളില്‍ ഈസ്ട്രജന്‍ വര്‍ധിപ്പിക്കുന്ന മരുന്നുകള്‍ നല്‍കിയാല്‍ ഇവരില്‍ കോവിഡ് ഗുരുതരമാകുന്നത് തടയാന്‍ സാധിക്കും എന്നാണ് പഠനത്തിന്റെ അനുമാനം.

കോവിഡ് രൂക്ഷമാകുന്നത് പുരുഷന്‍മാരെ അപേക്ഷിച്ച് ഈസ്ട്രജന്റെ അളവ് കൂടുതലുള്ള സ്ത്രീകളില്‍ കുറവാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഈസ്ട്രജന്റെ അളവ് കുറയുമ്പോഴും കൂടുമ്പോഴും കോവിഡ് ഗുരുതരമാകുന്നതിനെ എങ്ങനെ ബാധിക്കും എന്നാണ് പഠനം പ്രധാനമായും കണ്ടെത്താന്‍ ശ്രമിച്ചത്. സ്വീഡനിലെ കോവിഡ് ബാധിച്ച സ്ത്രീകളിലാണ് പഠനം നടന്നത്. കോവിഡ് പിടിപെട്ട അമ്പത് മുതല്‍ എണ്‍പത് വയസുവരെയുള്ള 14,685 സ്ത്രീകളുടെ ആരോഗ്യ വിവരങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്.

ഇതില്‍ രണ്ട് ശതമാനം സ്ത്രീകള്‍ (227) ഈസ്ട്രജന്‍ ഹോര്‍മോണിനെ തടയുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ്. സ്തനാര്‍ബുദം വീണ്ടും വരാതിരിക്കാനാണ് ഇവര്‍ ഈ മരുന്നുകള്‍ ഉപയോഗിച്ചത്. 17 ശതമാനം പേര്‍ (2535) പേര്‍ ഈസ്ട്രജന്റെ അളവ് കൂട്ടുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ്. ആര്‍ത്തവ വിരാമവുമായി ബന്ധപ്പെട്ട ചില ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കാനാണ് ഇവര്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിച്ചത്. 81 ശതമാനം പേര്‍ ( 11,923 ) ഇസ്ട്രജന്‍ തടസപ്പെടുത്തുന്നതോ വര്‍ധിപ്പിക്കുന്നതോ ആയ മരുന്നുകള്‍ ഉപയോഗിക്കാത്തവരാണ്. മറ്റ് രണ്ട് വിഭാഗങ്ങളേയും താരതമ്യം ചെയ്തത് ഈ വിഭാഗത്തോടാണ്.

ഈസ്ട്രജന്‍ തടയുന്നതിനുള്ള ചികിത്സ എടുത്ത വിഭാഗത്തിന്റെ കോവിഡ് മരണ നിരക്ക് യാതൊരുവിധ ഈസ്ട്രജന്‍ ചികിത്സ എടുക്കാത്ത വിഭാഗത്തിന്റെ കോവിഡ് മരണ നിരക്കിനെ അപേക്ഷിച്ച് ഇരട്ടിയാണെന്നാണ് കണ്ടെത്തിയത്. എന്നാല്‍ ഈസ്ട്രജന്‍ വര്‍ധിപ്പിക്കുന്ന ചികിത്സയെടുത്ത വിഭാഗത്തിന്റെ കോവിഡ് മരണ നിരക്ക് യാതൊരു വിധ ഈസ്ട്രജന്‍ ചികിത്സ എടുക്കാത്ത വിഭാഗത്തിന്റെ മരണ നിരക്കിനേക്കാള്‍ 54 ശതമാനം കുറവാണെന്നും കണ്ടെത്തി.

ഈസ്ട്രജന്റെ അളവ് ഉയര്‍ന്ന് നില്‍ക്കുന്നത് കോവിഡ് ഗുരുതരമാകുന്നതില്‍ നിന്ന് തടയുമെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു. കോവിഡ് മരണവും ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവും തമ്മിലുള്ള ബന്ധമാണ് ഈ പഠനം ചൂണ്ടികാണിക്കുന്നതെന്നും ഗവേഷകര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.