കൊച്ചി: സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ സംസ്‌കാരം ഇന്ന്. സംസ്‌കാരം വൈകിട്ട് 5.30ന് കാക്കനാട് അത്താണി പൊതു ശമ്ശാനത്തില്‍ നടക്കും. രാവിലെ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷമാകും ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു കൊടുക്കുക. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ് മോര്‍ട്ടം നടക്കുക.
ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റ് മോര്‍ട്ടം കോട്ടയത്തേക്ക് മാറ്റിയത്. ഇന്നലെ രാത്രിയാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ട് പോയത്. ട്വന്റി 20 നഗറില്‍ മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് വിലാപ യാത്രയായി വീട്ടിലേയ്ക്ക് കൊണ്ടുപോകും.
തിങ്കളാഴ്ച രാവിലെയാണ് രക്തം ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് കിഴക്കമ്പലത്തിന് അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് ദീപുവിനെ പ്രവേശിപ്പിച്ചത്. ആന്തരിക രക്തസ്രാവമുണ്ടെന്നും കൂടുതല്‍ ചികിത്സ വേണമെന്നും വ്യക്തമായതിനെത്തുടര്‍ന്ന് ദീപുവിനെ രാജഗിരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശക്തമായ ആന്തരിക രക്തസ്രാവമുണ്ടായതിനാല്‍ ദീപുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് പിന്നീട് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ ശനിയാഴ്ച കിഴക്കമ്പലത്ത് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജനെതിരെ നടന്ന വിളക്കണയ്ക്കല്‍ പ്രതിഷേധത്തിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ ട്വന്റി 20 പ്രവര്‍ത്തകനായ ദീപുവിനെ മര്‍ദ്ദിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴേകാലോടെയാണ് കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ താമസക്കാരനായ ദീപുവിന് മര്‍ദ്ദനമേറ്റത്.
അന്നേ ദിവസം രാത്രി ഏഴ് മണി മുതല്‍ പതിനഞ്ച് മിനിറ്റായിരുന്നു ട്വന്റി20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിലും വിളക്കണയ്ക്കല്‍ സമരം നടന്നത്. ആളുകളില്‍ നിന്ന് പിരിവെടുത്ത് തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന ട്വന്റി 20-യുടെ പദ്ധതിക്കെതിരെ പി വി ശ്രീനിജന്‍ എംഎല്‍എ രംഗത്ത് വന്നതാണ് സമരത്തിന് കാരണം.
ട്വന്റി 20-യുടെ സജീവ പ്രവര്‍ത്തകനായ ദീപുവും പ്രതിഷേധം ഏകോപിപ്പിക്കാന്‍ മുന്നില്‍ ഉണ്ടായിരുന്നു. ലൈറ്റണയ്ക്കല്‍ സമരം നടക്കുന്നതിനിടെ വീട്ടിലെത്തിയ നാല് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.