'ഒപ്പിന് കുപ്പി': ചാല സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് വിദേശമദ്യവും 6,660രൂപയും

'ഒപ്പിന് കുപ്പി': ചാല സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് വിദേശമദ്യവും 6,660രൂപയും

തിരുവനന്തപുരം: ചാല സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഫയലുകള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന 6,660രൂപയും രണ്ട് കുപ്പി വിദേശ മദ്യവും പിടികൂടി. വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ റെക്കാഡ് റൂമില്‍ ഒളിപ്പിച്ചുന്ന പണവും മദ്യവും പിടികൂടിയത്. ആധാരം എഴുത്തുകാരില്‍ നിന്നും രജിസ്റ്റര്‍ ചെയ്യാനെത്തുന്നവരില്‍ നിന്നും ജീവനക്കാര്‍ കൈക്കൂലി വാങ്ങുന്നു വെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഡിവൈ.എസ്.പി അജയകുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

ബുധനാഴ്ച വൈകിട്ട് 4.50ന് ആരംഭിച്ച പരിശോധന രാത്രി11വരെ നീണ്ടു. ഓഫീസ് സമയം അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള പരിശോധന ആയതിനാല്‍ ഉച്ചയ്ക്ക് ശേഷം ലഭിച്ച പണം മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളുവെന്നാണ് വിജിലന്‍സിന്റെ കണക്കു കൂട്ടല്‍. ദിവസവും കുറഞ്ഞത് പതിനായിരം രൂപയിലധികം കൈക്കൂലിയായി ഇവിടെ പിരിയാറുണ്ടെന്നാണ് സൂചന. അതുകൊണ്ടു തന്നെ ഉച്ചവരെയുള്ള കൈക്കൂലി എവിടെപ്പോയി എന്നും അന്വേഷിക്കുന്നുണ്ട്.

സത്യവാങ് മൂലത്തില്‍ കൈവശമുണ്ടെന്ന് പറഞ്ഞതിലും കൂടുതല്‍ പണമാണ് ചില ജീവനക്കാരില്‍ ഉണ്ടായിരുന്നത്. ട്രഷറിയില്‍ പണം ഒടുക്കാന്‍ പോകും വഴി തകരപ്പറമ്പിലെ ബെവ്‌കോ ഔട്ട്ലറ്റില്‍ നിന്നാണ് മദ്യം വാങ്ങിയത്. ജീവനക്കാരുടെ വൈകിട്ടത്തെ പതിവ് ആഘോഷത്തിനാണ് മദ്യം വാങ്ങിയതെന്നും വിജിലന്‍സ് കണ്ടെത്തി.

കൂടാതെ ചട്ടങ്ങള്‍ ലംഘിച്ച് ഏജന്റുമാര്‍ ഓഫീസില്‍ കയറിയിറങ്ങുന്നതും സേവന ഫീസ് വിവരങ്ങള്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കാതെ കൂടുതല്‍ പണം പിരിച്ച് ഉദ്യോഗസ്ഥരും ഏജന്റുമാരും വീതം വയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഓഫീസ് ചുമതലയുള്ള ജീവനക്കാരി മുമ്പും പണം തിരിമറി സംബന്ധിച്ച് അന്വേഷണം നേരിട്ടയാളാണെന്ന് ഡിവൈ.എസ്.പി അജയകുമാര്‍ വെളിപ്പെടുത്തി. ജീവനക്കാരുടെ സര്‍വീസ് വിവരങ്ങള്‍ ശേഖരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വിജിലന്‍സ് വ്യക്തമാക്കി.

ജഗതി ശ്രീകുമാറിന്റെ വളരെ പ്രസിദ്ധമായ 'ഒപ്പിന് കുപ്പി' എന്ന ഡയലോഗിനെ അനുസ്മരിപ്പിക്കും വിധമാണ് ചാല സബ് രജിസ്ട്രാര്‍ ഓഫീസില്‍ കാര്യങ്ങള്‍ നടന്നിരുന്നത്. ഇതിനിടെയാണ് വിജിലന്‍സിന്റെ പിടി വീണത്. മാസങ്ങളായി കളക്ടറേറ്റിലെ കോവിഡ് കണ്‍ട്രോള്‍ റൂമിന്റെ ചുമതലയിലാണ് സബ് രജിസ്ട്രാര്‍. ഇന്‍ചാര്‍ജുണ്ടായിരുന്ന സൂപ്രണ്ടും കൂട്ടാളികളുമാണ് ഓഫീസിനെ അഴിമതിക്കയമാക്കിയത്.

ഫ്‌ളാറ്റുകള്‍, വസ്തുക്കള്‍ എന്നിവയുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ കൈക്കൂലി കൈപ്പറ്റിയത്. ആധാരം രജിസ്റ്ററാക്കാനുള്ളവരോട് ഉദ്യോഗസ്ഥര്‍ക്കു വേണ്ടി എഴുത്തുകാരും വില പേശി. പണമുണ്ടെങ്കിലേ കാര്യം നടക്കൂ എന്നായപ്പോഴാണ് നാട്ടുകാരില്‍ ചിലര്‍ വിവരം വിജിലന്‍സിനെ അറിയിച്ചത്. തുടര്‍ന്ന് രണ്ട് മാസമായി ഇവിടം വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.