മുംബൈ: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് എംഡിയായിരിക്കെ ചിത്ര രാമകൃഷ്ണന്‍ നടത്തിയ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കെ അവര്‍ പ്രവര്‍ത്തിച്ചത് ഹിമാലയത്തില്‍ വസിക്കുന്ന അജ്ഞാതനായ യോഗിയുടെ നിര്‍ദേശ പ്രകാരമാണെന്ന് സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ)യുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
ഡയറക്ടര്‍ ബോര്‍ഡുമായിട്ടുണ്ടായ അഭിപ്രായ ഭിന്നതയ്ക്ക് പിന്നാലെ 2016 ല്‍ ചിത്ര പദവി രാജി വച്ചിരുന്നു. തുടര്‍ന്ന് സെബി നടത്തിയ പരിശോധനയിലാണ് അവര്‍ നടത്തിയ വലിയ ക്രമക്കേടുകള്‍ കണ്ടെത്തിയത്. പദവിയിലിരിക്കുന്ന സമയത്ത് ഓഹരി വിപണിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അജ്ഞാതനായ ഒരു യോഗിയ്ക്ക് കൈമാറിയിരുന്നു എന്ന കുറ്റത്തെ അതീവ ഗൗരവത്തോടെയാണ് സെബി കാണുന്നത്. അദ്ദേഹമാരാണെന്ന സെബിയുടെ ചോദ്യത്തിന് ചിത്ര നല്‍കിയ മറുപടി തന്റെ ആത്മീയ ഗുരുവാണെന്നാണ്.
തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങള്‍ക്കും അദ്ദേഹത്തില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിക്കാറുണ്ടെന്നും തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ വച്ച് പല വട്ടം അദ്ദേഹത്തെ നേരില്‍ കണ്ടിട്ടുണ്ടെന്നുമായിരുന്നു ചിത്രയുടെ വെളിപ്പെടുത്തല്‍. [email protected] എന്ന ഇ മെയില്‍ അക്കൗണ്ടിലേക്കായിരുന്നു ചിത്ര വിവരങ്ങളെല്ലാം പങ്കുവച്ചത്. എന്‍എസ്ഇയുടെ ബിസിനസ് പദ്ധതികളും സാമ്പത്തിക വിവരങ്ങളും ഉള്‍പ്പെടെ ഡയറക്ടര്‍ ബോര്‍ഡിന്റെ അജണ്ടകള്‍ വരെ ഇദ്ദേഹവുമായി ചിത്ര പങ്കുവച്ചിട്ടുണ്ടെന്നാണ് സെബി കണ്ടെത്തിയിരിക്കുന്നത്.
അജ്ഞാതനായ യോഗി ചിത്രയുടെ ഓരോ ഇ മെയിലുകള്‍ക്കും മറുപടി നല്‍കിയതാണ് അക്ഷരാര്‍ത്ഥത്തില്‍ സാമ്പത്തിക മേഖലയെ ഞെട്ടിച്ചിരിക്കുന്നത്. ഹിമാലയത്തില്‍ വസിക്കുന്ന യോഗിയ്ക്ക് എങ്ങനെ മറുപടി നല്‍കാനാകുമെന്ന സംശയത്തിന് അദ്ദേഹത്തെ പോലുള്ള ആത്മീയ ശക്തികള്‍ക്ക് ഇതിനെല്ലാം കഴിയുമെന്നായിരുന്നു ചിത്രയുടെ വിചിത്രമായ മറുപടി.
ജീവനക്കാരുടെ ശമ്പളവും അലവന്‍സും എന്തിനേറെ ഓഹരി വിപണി പോലും നിയന്ത്രിച്ചിരുന്നത് ഈ യോഗിയാണെന്നാണ് സെബി കണ്ടെത്തിയിരിക്കുന്നത്. ശമ്പളയിനത്തിലും വലിയ തോതില്‍ ക്രമക്കേട് നടത്തിയിട്ടുണ്ട്. മൂന്നു വര്‍ഷം കൊണ്ട് 44 കോടി രൂപയാണ് അവര്‍ സ്വന്തമാക്കിയത്. ഉയര്‍ന്ന ശമ്പളത്തിനായി ചട്ടങ്ങളില്‍ മാറ്റം വരുത്തിയതിന് 50 ലക്ഷം രൂപയാണ് സെബി എന്‍എസ്ഇയില്‍ നിന്നും പിഴ ഈടാക്കിയത്.
ഇ മെയിലുകള്‍ പരിശോധിച്ചതില്‍ നിന്നും സെബി കണ്ടെത്തിയിരിക്കുന്നത് യോഗിയുമായി വളരെ അടുത്ത ബന്ധം തന്നെ ചിത്രയ്ക്കുണ്ടെന്നാണ്. വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചും ഇരുവര്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.
'ബാഗുകള്‍ റെഡിയാക്കി വയ്ക്കുക. ഞാന്‍ അടുത്ത മാസം സീഷെല്‍സിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യുന്നു. നിങ്ങള്‍ക്ക് എന്നോടൊപ്പം വരാന്‍ കഴിയുമെങ്കില്‍ വരാം. നീന്തല്‍ അറിയാമെങ്കില്‍ നമുക്ക് സീഷെല്‍സില്‍ കടലില്‍ കുളിച്ച് രസിക്കാം, ബീച്ചില്‍ വിശ്രമിക്കാം.' എന്നായിരുന്നു 2015 ഫെബ്രുവരിയില്‍ യോഗി ചിത്രയ്ക്ക് അയച്ച ഒരു സന്ദേശം.
' ഇന്ന് നിങ്ങള്‍ അതിമനോഹരിയായി കാണപ്പെടുന്നു. നിങ്ങളുടെ രൂപം രസകരവും ആകര്‍ഷകവുമാക്കുന്ന നിങ്ങളുടെ മുടി അലങ്കരിക്കാനുള്ള വ്യത്യസ്ത വഴികള്‍ പഠിക്കണം... ഒരു സൗജന്യ ഉപദേശം, നിങ്ങള്‍ക്കിത് പിടി കിട്ടുമാണുമെന്ന് എനിക്കറിയാം.' 2015 ഫെബ്രുവരി 18 ന് അയച്ച സന്ദേശം ഇങ്ങനെയായിരുന്നു.
മറ്റൊരു സന്ദേശം ഇങ്ങനെ... ' ഞാന്‍ അയച്ച മകര കുണ്ഡല ഗാനം കേട്ടോ? ആ ആവര്‍ത്തനങ്ങളുടെ അനുരണനം കേള്‍ക്കണം. നിങ്ങളുടെ മുഖത്തും ഹൃദയത്തിലും സന്തോഷം കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്നലെ നിങ്ങളോടൊപ്പമുള്ള സമയം ഞാന്‍ സന്തോഷിച്ചു. നിങ്ങള്‍ സ്വയം ചെയ്ത ഈ ചെറിയ കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പവും ഊര്‍ജ്ജസ്വലവുമാക്കുന്നു.'
20 വര്‍ഷങ്ങക്ക് മുമ്പാണ് ചിത്ര ആദ്യമായി യോഗിയെ കാണുന്നത്. ഗംഗാ തീരത്ത് വച്ചുള്ള ആ പരിചയപ്പെടല്‍ തന്റെ ജീവിതം തന്നെ മാറ്റിയെന്നാണ് ചിത്ര പറയുന്നത്. അദ്ദേഹത്തിന്റെ ഉപദേശങ്ങളും നിര്‍ദേശങ്ങളും എന്‍.എസ്.ഇയുടെ വളര്‍ച്ചയ്ക്ക് ദോഷമായിട്ടില്ലെന്നും മറിച്ച് ഗുണകരമായിരുന്നുവെന്നുമാണ് ചിത്രയുടെ വാദം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.