ഏകീകൃത കുർബ്ബാനയ്ക്കായി എറണാകുളം ബിഷപ്സ്‌ ഹൗസിന് മുന്നില്‍ വിശ്വാസികളുടെ പ്രതിഷേധം

ഏകീകൃത കുർബ്ബാനയ്ക്കായി എറണാകുളം ബിഷപ്സ്‌ ഹൗസിന് മുന്നില്‍ വിശ്വാസികളുടെ പ്രതിഷേധം

കൊച്ചി: എറണാകുളം ബിഷപ്‌സ്‌ ഹൗസിന് മുന്നില്‍ വിശ്വാസികൾ പ്രതിഷേധിച്ചു. ഫ്രാൻസിസ് മാർപ്പാപ്പ ആവശ്യപ്പെട്ടതും സിനഡ് തീരുമാനപ്രകാരമുള്ളതുമായ ഏകീകൃത കുര്‍ബാനയർപ്പണ രീതി എറണാകുളം - അങ്കമാലി അതിരൂപതയിലും നടപ്പിലാക്കണം എന്നാവശ്യപ്പെട്ടാണ് വിശ്വാസികൾ ഞായറാഴ്ച രാവിലെ ധർണ്ണ നടത്തിയത്.

സീറോ മലബാർ സഭയിൽ ഔദ്യോഗികമായി ഏകീകൃത കുർബാന അർപ്പണ രീതി 2021 നവംബർ 28 മുതൽ നിലവിൽ വന്നു. എന്നാൽ എറണാകുളം അങ്കമാലി രൂപത,  കാനൻ 1538 പ്രകാരം പ്രത്യേക സന്ദർഭങ്ങളിൽ പൊതുനിയമത്തിൽ നിന്ന് ഒഴിവു നൽകാൻ രൂപതാധ്യക്ഷനു അനുവാദം ഉണ്ട് എന്ന പഴുതുപയോഗിച്ച് ഏകീകൃത കുർബ്ബാന അർപ്പണത്തിൽ നിന്നും അകന്നു നിന്നു. ഇത് കാനൻ 1538 ന്റെ ദുരുപയോഗമാണെന്ന് പൗരസ്ത്യതിരുസംഘം തന്നെ പലതവണ വ്യക്തമാക്കിയിട്ടും വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി മെത്രാപ്പോലീത്തൻ വികാരി സിനഡ് തീരുമാനം നടപ്പിലാക്കിയില്ല.

ഫെബ്രുവരി 18 വെള്ളിയാഴ്ച രാവിലെ നടന്ന ഓറിയന്‍റല്‍ കോണ്‍ഗ്രിഗേഷന്‍ പ്ലീനറിമീറ്റിംഗിൽ,  ഐക്യത്തിന് വിഘാതമായ ആരാധനക്രമപരമായ വ്യതിരക്തതകള്‍ ഉപേക്ഷിച്ച് സിനഡ് നിശ്ചയിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതുമായ ഏകീകൃത അര്‍പ്പണരീതി അനുവര്‍ത്തിച്ച് ഐക്യം സംജാതമാക്കേണ്ടത് അനിവാര്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് ലെയ്റ്റി വിത്ത് സിനഡ് എന്ന സംഘടനയുടെ ബാനറിൽ ബസിലിക്ക അൽമായ കൂട്ടായ്‌മ, ചർച്ച് പ്രോട്ടക്ഷൻ കൗൺസിൽ, എസ്തേർ വിമൻസ് ഫോറം എന്നീ സംഘടനകൾ ഏകീകൃത അർപ്പണ രീതിക്കായി അണിനിരന്നത്.

ചെറിയാൻ കവലക്കൽ ഉദ്‌ഘാടനം ചെയ്ത പ്രതിഷേധ ധർണ്ണയിൽ രഞ്ജിത് ഇലഞ്ഞിക്കൽ, റെജി വർ ഗീസ്, അഡ്വ.മത്തായി മുതിരേന്തി, ജോമോൻ, ജിമ്മി, ജോസഫ് അബ്രഹാം, അമൽ, ലാലി തച്ചിൽ, ബേബി പി എന്നിവർ സംസാരിച്ചു. ഏകീകൃത അർപ്പണ രീതി നടപ്പിലാക്കാൻ തയ്യാറാകാത്ത മെത്രാപ്പോലീത്തൻ വികാരി രാജി വച്ച് ഒഴിയണം എന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.