യൂണിഫോം - ആരോപണങ്ങൾ അടിസ്ഥാനരഹിതം : മാനന്തവാടി ലിറ്റിൽഫ്ളവർ സ്‌കൂൾ ഹെഡ്മിസ്ട്രസ്സ്

യൂണിഫോം - ആരോപണങ്ങൾ  അടിസ്ഥാനരഹിതം : മാനന്തവാടി ലിറ്റിൽഫ്ളവർ സ്‌കൂൾ  ഹെഡ്മിസ്ട്രസ്സ്

മാനന്തവാടി : ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുന്നത് സംബന്ധിച്ച് കുട്ടികൾക്ക് നൽകിയ നിർദ്ദേശങ്ങൾ വിവാദമാക്കുന്നത് വസ്തുതകൾ പൂർണ്ണമായും മനസിലാക്കാതെയാണെന്ന് മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്‌കൂൾ ഹെഡ്മിസ്ട്രസ് സീന്യൂസ് ലൈവിനെ അറിയിച്ചു.

ലിറ്റിൽ ഫ്ലവർ സ്‌കൂളിൽ ഈ വർഷം മുതൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഷാളും മാസ്കും ഒരുമിച്ച് ധരിച്ച് ക്ലാസ്സിൽ ഇരിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുവേണ്ടി ക്ലാസുകൾ സന്ദർശിച്ചപ്പോൾ ഷാൾ ഒഴിവാക്കാമല്ലോ എന്ന് പറഞ്ഞിട്ടുള്ളതായി സിസ്റ്റർ പറഞ്ഞു. യു. പി സ്‌കൂളിൽ പഠിക്കുന്ന കുഞ്ഞു കുട്ടികൾക്ക് ഷാളും മാസ്കും ഉപയോഗിച്ചുകൊണ്ട് ക്ലാസ്സുകളിൽ പങ്കെടുക്കുന്നത് അസൗകര്യമായിരിക്കും എന്നാണ് ചൂണ്ടിക്കാട്ടിയത്. പരാതി ഉന്നയിച്ച വ്യക്തിയുടെ കുട്ടി പ്രസ്തുത ദിവസത്തിലും തുടർന്നുള്ള ദിവസങ്ങളിലും സ്‌കൂളിൽ വന്നിട്ടില്ല. മറ്റാരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാതെയാണ് ഒരു മദ്രസ്സ അധ്യാപകനായ വ്യക്തി ഈ പരാതിയുമായി മുന്നോട്ടു വന്നത്.

സ്‌കൂളിൽ കുട്ടികളുടെ സുരക്ഷയെക്കരുതി സ്വർണാഭരണങ്ങളുടെ ഉപയോഗവും വിലക്കിയിട്ടുണ്ട്. എങ്കിലും രക്ഷിതാക്കളുടെ താൽപര്യപ്രകാരം പ്രത്യേക സന്ദർഭങ്ങളിൽ അനുവാദം നൽകാറുള്ളതായി ഹെഡ്മിസ്ട്രസ് പറഞ്ഞു. തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാതി ഉന്നയിക്കപ്പെട്ടിട്ടുള്ളത് എന്ന വസ്തുത മനസിലാക്കണമെന്ന് ഹെഡ്മിസ്ട്രസ് എല്ലാവരോടും അഭ്യർത്ഥിച്ചു. വിവിധ മതവിഭാഗങ്ങളിലെ കുട്ടികൾ സഹോദര്യത്തോടെ പഠിക്കുന്ന സ്കൂളിൽ വർഗീയവിഷം കുത്തിവയ്ക്കാനുള്ള ശ്രമം ഉണ്ടാവുന്നത് ദുഃഖകരമെന്ന് സിസ്റ്റർ അറിയിച്ചു. സർക്കാരിന്റെയും കോടതിയുടെയും നിയമങ്ങളും നിർദേശങ്ങളും പൂർണമായി അനുസരിച്ചായിരിക്കും സ്കൂളിന്റെ പ്രവർത്തനങ്ങൾ മുൻപോട്ട് കൊണ്ടുപോകുന്നത്.
അധ്യാപകർക്ക് കേരള സർക്കാർ യൂണിഫോം നിഷ്കർഷിച്ചിട്ടില്ലാത്തതിനാൽ അധ്യാപകർക്ക് മാന്യമായ ഏത് വേഷവും ധരിക്കാം എന്ന് നിയമവിദഗ്ധർ പറയുന്നു. അധ്യാപകരായി സേവനം ചെയ്യുന്ന കന്യാസ്ത്രീകളുടെ വേഷവിധാനങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരള സർക്കാരിന്റെ നയമായ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ഒരു ആരോപണം ഉയരുന്നത് ആദ്യമാണ്. ഇന്ത്യയിലെമ്പാടും വ്യാപിക്കുന്ന ഹിജാബ് വിവാദം കേരളത്തിലേക്കും വ്യാപിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ചില തൽപരകക്ഷികൾ ഈ സംഭവം വിവാദ വിഷയമാക്കുന്നതെന്ന് നിരീക്ഷകർ പറയുന്നു.

സ്കൂളിൽ ശിരോവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച 2018ൽ കേരള ഹൈക്കോടതി വ്യക്തമായ വിധി പറഞ്ഞിട്ടുണ്ട്. സ്‌കൂൾ യൂണിഫോമിനോടൊപ്പം ശിരോവസ്ത്രവും ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാർഥിനികൾ പിതാവ് മുഖേന നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ സുപ്രധാനമായ വിധിയുണ്ടായത്. യൂണിഫോമിനോടോപ്പം ശിരോവസ്ത്രവും ഫുൾക്കൈഷർട്ടും ധരിച്ച് കുട്ടികളെ ക്ലാസ്സിൽ പ്രവേശിപ്പിക്കണമെന്ന് സ്കൂൾ അധികൃതരോട് നിർദേശിക്കാൻ ആവില്ല എന്നായിരുന്നു ഹൈക്കോടതിയുടെ 2018 ലെ കോടതി വിധി. വസ്ത്രധാരണം സംബന്ധിച്ച് വ്യക്തികൾക്ക് സ്വന്തം ആശയം പിന്തുടരാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഹർജിക്കാർ വാദിച്ചു. വ്യക്തിപരമായി ഈ അവകാശം ലഭ്യമാണെങ്കിലും സ്വകാര്യ സ്ഥാപനത്തിന് ഭരണനിർവഹണ കാര്യങ്ങളിൽ സമാനമായ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സ്കൂളിൻറെ വിശാല അവകാശത്തിന്മേൽ ഹർജിക്കാരുടെ വ്യക്തിപരമായ അവകാശം നടപ്പാക്കി കിട്ടണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.