പി.ടി തോമസിനെ അനുസ്മരിച്ച് നിയമസഭ പിരിഞ്ഞു; എന്നും തനതായ നിലപാടുണ്ടായിരുന്ന നേതാവെന്ന് മുഖ്യമന്ത്രി

പി.ടി തോമസിനെ അനുസ്മരിച്ച് നിയമസഭ പിരിഞ്ഞു;  എന്നും തനതായ നിലപാടുണ്ടായിരുന്ന  നേതാവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അന്തരിച്ച കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായിരുന്ന പി.ടി.തോമസിനെ അനുസ്മരിച്ചും ആദരാഞ്ജലി അര്‍പ്പിച്ചും നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

എന്നും തനതായ നിലപാടുള്ള നേതാവായിരുന്നു പി.ടി തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ടാവാം. എന്തായാലും പി.ടി തോമസിന്റെ ശബ്ദം കേള്‍ക്കാതിരിക്കാനാവില്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് വന്ന അദ്ദേഹം നാല് തവണ നിയസഭയില്‍ ഒരു തവണ ലോക്‌സഭയിലും എത്തി. സഭകളില്‍ ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ അദ്ദേഹം അതീവ താല്‍പര്യം കാണിച്ചു.

തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കാനും അതിനായി വാദിക്കാനും അദ്ദേഹം ധൈര്യം കാണിച്ചു. തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ തളരാതിരുന്ന പി.ടി.തോമസ് രോഗങ്ങളോടും അതേ ധൈര്യത്തോടെ പോരാടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എഴുത്തും വായനയും എന്നും അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തനത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം കൊണ്ടു പോകുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്‍്ത്. ആ ശൈലിയുടെ സ്വാഭാവിക തുടര്‍ച്ചയായിരുന്നു അന്ത്യയാത്രയ്ക്ക് വയലാറിന്റെ ഗാനം അകമ്പടിയാവണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം.

കഷ്ടപ്പാട് നിറഞ്ഞ ഒരു ബാല്യകാലം അദ്ദേഹത്തിനുണ്ടായിരുന്നു. ജീവിതയാത്രയിലുടനീളം അദ്ദേഹം ആ ലാളിത്യം കാത്തുസൂക്ഷിച്ചു. കേരളത്തിന്റെ രാഷ്ട്രീയ പൊതുമണ്ഡലത്തെ ആകെ വേദനിപ്പിക്കുന്നതാണ് പി.ടിയുടെ വിയോഗമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ഒരു കാലത്ത് മനുഷ്യന്‍ കടന്നു ചെല്ലാന്‍ ബുദ്ധിമുട്ടിയ ഇടുക്കിയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നുമെത്തി കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഇടിമുഴക്കം സൃഷ്ടിച്ചാണ് പി.ടി തോമസ് കടന്നു പോയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

ഞങ്ങളെ സംബന്ധിച്ചിടത്തോളം കേരളത്തിലെ വിദ്യാര്‍ത്ഥി - യുവജന രാഷ്ട്രീയത്തിലെ അഗ്‌നിയായിരുന്നു പി.ടി തോമസ്. അവസാനകാലം വരെ ആ തീ അദ്ദേഹം കെടാതെ സൂക്ഷിച്ചു. ഏറ്റെടുക്കുന്ന ചുമതല എന്തുമാവട്ടെ അതിന്റെ പൂര്‍ണമായ സാക്ഷാത്കാരത്തിന് വേണ്ടി യത്‌നിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. പി.ടി തോമസ് ഇല്ലാത്ത ഈ നിയമസഭയെ ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും യുഡിഎഫിനായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബജറ്റ് സമ്മേളനത്തിനായി ചേര്‍ന്ന നിയമസഭ നാളെ മുതല്‍ ചട്ടപ്രകാരമുള്ള സഭാ നടപടികളിലേക്ക് കടക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്ള നന്ദിപ്രമേയ ചര്‍ച്ചയാണ് അടുത്ത മൂന്ന് ദിവസത്തേക്ക് നടക്കുക. കെ-റെയില്‍, ഗവണര്‍, പെന്‍ഷന്‍ പ്രായം, തലശേരി കൊലപാതകം അടക്കം വിവിധ വിഷയങ്ങളില്‍ സഭ പ്രക്ഷുബ്ധമാവാനാണ് സാധ്യത. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് യുഡിഎഫ് നേതൃയോഗവും ചേരുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.