ചോര വീണ് കുതിര്‍ന്ന് കേരള മണ്ണ്; കൂച്ചു വിലങ്ങില്‍പ്പെട്ട് കാക്കിപ്പട

ചോര വീണ് കുതിര്‍ന്ന് കേരള മണ്ണ്; കൂച്ചു വിലങ്ങില്‍പ്പെട്ട് കാക്കിപ്പട

നുഷ്യച്ചോര വീണ് കുതിരുകയാണ് കേരളത്തിന്റെ മണ്ണ്... തികഞ്ഞ അരക്ഷിതാവസ്ഥയിലാണ് മലയാളികളുടെ മനസ്. രാഷ്ട്രീയ കൊലപാതകങ്ങള്‍, ഗുണ്ടകളുടെയും കൊടും ക്രിമിനലുകളുടെയും കത്തിമുനകളില്‍ പിടഞ്ഞു വീഴുന്നവര്‍... കൊലപാതകങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാത്ത ദിവസങ്ങള്‍ വിരളമാണിപ്പോള്‍ കേരളത്തില്‍. പഴയ ബോംബെ ഗലികളെപ്പോലെ അതിഭയാനകമായ സാഹചര്യത്തിലൂടെയാണ് കേരളം ഓരോ 24 മണിക്കൂറും കടന്നു പോകുന്നത്.

പൊതു ഇടങ്ങളിലും ജോലിസ്ഥലത്തും സുരക്ഷിതത്വമില്ല. എന്തിനധികം... അടച്ചുറപ്പുള്ള സ്വന്തം വീടുകളില്‍ പോലും മലയാളികള്‍ സുരക്ഷിതരല്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് സംവിധാനം ഇത്രകണ്ട് ബലഹീനമായിപ്പോയ നാളുകള്‍ അടുത്തെങ്ങും ഉണ്ടായിട്ടില്ല. പ്രതികളുടെ കൈകളില്‍ വീഴേണ്ട കൂച്ചു വിലങ്ങുകള്‍ ഇപ്പോള്‍ പൊലീസിന്റെ കൈകളിലാണ്. പാര്‍ട്ടി ഓഫീസുകള്‍ പൊലീസ് സ്റ്റേഷനുകളെ നിയന്ത്രിക്കുന്നതിന്റെ ദുരന്തക്കാഴ്ചയാണത്.

വിഷപ്പല്ലെടുത്ത പാമ്പിന്റെ അവസ്ഥയിലായ കേരളാ പോലീസിനെ ഗുണ്ടകള്‍ക്കും കൊടും കുറ്റവാളികള്‍ക്കും തെല്ലും ഭയമില്ലാതായി. അതിനുദാഹരണമാണല്ലോ തിരുവനന്തപുരത്ത് ഭരണ സിരാകേന്ദ്രത്തിന് തൊട്ടടുത്ത് ഏറ്റുമുട്ടിയ ഗുണ്ടകള്‍ വെട്ടിയെടുത്ത കാലുമായി ബൈക്കിലെത്തി നടു റോഡില്‍ വലിച്ചെറിഞ്ഞത്... കോട്ടയത്ത് ഷാന്‍ എന്ന ചെറുപ്പക്കാരനെ ഓട്ടോയില്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നില്‍ തന്നെ കൊണ്ടുപോയിട്ട് ജോമോന്‍ എന്ന ഗുണ്ടാ നേതാവ് പൊലീസിനെ വെല്ലുവിളിച്ചത്. ഇതൊക്കെ കേരളത്തിന് പൊതുവേ പരിചയമില്ലാത്ത സംഭവങ്ങളായിരുന്നു.

ഇനി രാഷ്ട്രീയ കൊലപാതകങ്ങളിലേക്ക് വന്നാല്‍ 2016 ല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നാല്‍പ്പതിലധികം രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. അതില്‍ ഏറ്റവുമൊടുവിലത്തെ സംഭവമാണ് തലശേരി ന്യൂ മാഹിയിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ വധം. ഇവിടെ പ്രതിസ്ഥാനത്ത് ബിജെപിയാണ് ആരോപണം നേരിടുന്നതെങ്കില്‍ കഴിഞ്ഞ ദിവസം കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ദീപുവിന്റെ മരണത്തില്‍ സിപിഎമ്മാണ് ആരോപണവിധേയര്‍.

2016 മെയ് 25 മുതല്‍ 2021 ഡിസംബര്‍ 20 വരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തില്‍ 37 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. 2021 ല്‍ മാത്രം നടന്നത് എട്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍. സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കാണിത്. 2016 മുതല്‍ 2021 വരെ 16 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഒമ്പത് സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരും അഞ്ച് വീതം കോണ്‍ഗ്രസ്, മുസ്ലീം ലീഗ് പ്രവര്‍ത്തകരും രണ്ട് എസ്ഡിപിഐക്കാരും കൊല്ലപ്പെട്ടതായി ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണുണ്ടായത്. 2022 ല്‍ രണ്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ ഇടുക്കിയിലെ ധീരജിന്റെയും കിഴക്കമ്പലത്തെ ദീപുവിന്റെയും ന്യൂമാഹിയിലെ ഹരിദാസിന്റെയും പേരുകള്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു കഴിഞ്ഞു. 2021 ഡിസംബറിലാണ് തിരുവല്ലയില്‍ സിപിഎം പ്രവര്‍ത്തകനായ സന്ദീപും ആലപ്പുഴയിലെ എസ്ഡിപിഐ, ബിജെപി നേതാക്കന്‍മാരും രാഷ്ട്രീയ കൊലക്കത്തികള്‍ക്ക് ഇരകളായത്.

ഓരോ കൊലപാതകത്തിലും നേതാക്കള്‍ അനുശോചനക്കുറിപ്പിറക്കും. 'ഇല്ലാ ഇല്ല മരിച്ചിട്ടില്ല... ജീവിക്കുന്നു ഞങ്ങളിലൂടെ...ഞങ്ങളിലൊഴുകും ചോരയിലൂടെ' എന്ന് മുഷ്ടി ചുരുട്ടി അണികള്‍ ആഞ്ഞു വിളിക്കും. അപ്പോഴും ആശ്രയം നഷ്ടപ്പെട്ട കുടുംബങ്ങള്‍ ശിഷ്ട കാലം മുഴുവന്‍ കണ്ണീരൊഴുക്കി കഴിഞ്ഞുകൂടാന്‍ വിധിക്കപ്പെടും... ഇതാണ് 'സാക്ഷര കേരളം, സുന്ദര കേരളം'.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.