60 നിലകളുള്ള അംബരചുംബിയേക്കാള്‍ ഉയരെ ഡിജിറ്റല്‍ ദീപ വിസ്മയം;'ഹാപ്പി പ്രസിഡണ്ട്സ് ഡേ' ആശംസ

  60 നിലകളുള്ള അംബരചുംബിയേക്കാള്‍ ഉയരെ ഡിജിറ്റല്‍ ദീപ വിസ്മയം;'ഹാപ്പി പ്രസിഡണ്ട്സ് ഡേ' ആശംസ

മിയാമി:'പ്രസിഡണ്ട്സ് ഡേ' ആഘോഷത്തിന് അത്യുംഗ വിസ്മയക്കാഴ്ചയൊരുക്കി സൗത്ത് ഫ്‌ളോറിഡയിലെ 60 നിലകളുള്ള പാരമൗണ്ട് മിയാമി വേള്‍ഡ് സെന്റര്‍. ഈ അംബരചുംബിയേക്കാള്‍ ഉയരത്തിലാണ് 'ഹാപ്പി പ്രസിഡണ്ട്സ് ഡേ' സന്ദേശവുമായി വര്‍ണ്ണശബളമായ ഡിജിറ്റല്‍ ലംബം തലയുയര്‍ത്തി വിരാജിക്കുന്നത്.

അവധിക്കാല വാരാന്ത്യത്തില്‍ ദേശീയ ഐക്യത്തിന്റെ മഹദ് സന്ദേശവുമായി നിലകൊള്ളുന്ന 'ഹാപ്പി പ്രസിഡണ്ട്സ് ഡേ' ആനിമേഷന്‍ ദീപക്കാഴ്ച ഇത്തരത്തില്‍ ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും ഉയരം കൂടിയതു തന്നെയാണെന്ന വിശ്വാസമാണ് ഇതൊരുക്കിയ ഫ്‌ളോറിഡയിലെ റോയല്‍ പാം കമ്പനീസ് സിഇഒ ഡാനിയല്‍ കോഡ്സിക്കുള്ളത്.'രാജ്യസ്നേഹം തുളുമ്പുന്ന താരങ്ങളുടെയും വരകളുടെയും സല്യൂട്ട് ആണ് ഇത്'- അദ്ദേഹം പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ എല്‍.ഇ.ഡി. യുഎസ് പതാക, പ്രസിഡന്റുമാരായ ജോര്‍ജ്ജ് വാഷിംഗ്ടണിന്റെയും എബ്രഹാം ലിങ്കണിന്റെയും വമ്പന്‍ ഇലക്ട്രോണിക് ശില്‍പങ്ങള്‍, അങ്കിള്‍ സാമിന്റെ വര്‍ണ്ണാഭമായ ആനിമേറ്റഡ് ചിത്രം എന്നിവയും കലാപരമായി സമന്വയിപ്പിച്ചിരിക്കുന്നു.

ലംബമായി ഒരുക്കിയിട്ടുള്ള ആലക്തിക ദീപക്കാഴ്ചയുടെ ഉയരം, ഏകദേശം രണ്ടര ഫുട്‌ബോള്‍ മൈതാനങ്ങളുടെ നീളം വരുന്ന 240 വാരയാണ്. കെട്ടിടത്തിന്റെ 300 അടി വീതിയും 100 അടി ഉയരവുമുള്ള റൂഫ് ടോപ്പ് കിരീടത്തില്‍ ആണ് വാഷിംഗ്ടണിന്റെയും ലിങ്കണിന്റെയും ഡിജിറ്റല്‍ രൂപങ്ങള്‍ ദൃശ്യമാകുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.