സി.പി.എം. പ്രവര്‍ത്തകന്റെ കൊലപാതകം: നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി; പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെത്താന്‍ ശ്രമം

സി.പി.എം. പ്രവര്‍ത്തകന്റെ കൊലപാതകം: നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി; പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെത്താന്‍ ശ്രമം

ന്യൂമാഹി(കണ്ണൂര്‍): തലശേരി ന്യൂമാഹി പുന്നോലില്‍ മത്സ്യത്തൊഴിലാളിയായ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലു പേരുടെ അറസ്റ്റു രേഖപ്പെടുത്തി. ഏഴ് പേരാണ് കസ്റ്റഡിയിലുള്ളത്.

വിവാദ പ്രസംഗം നടത്തിയ നഗരസഭാംഗവും ബി.ജെ.പി മണ്ഡലം പ്രസിഡന്റുമായ കെ. ലിജേഷ് അടക്കം നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. സി.പി.എമ്മുകാരെ കൈകാര്യം ചെയ്യുമെന്ന് പറയുന്ന ലിജേഷിന്റെ വിവാദ പ്രസംഗം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഏഴു പേരെയാണ് പോലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തത്. ഇവരില്‍ നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ല എന്നാണ് വിവരം. കൊലപാതകം നടത്തിയവര്‍ ഒളിവിലാണെന്നാണ് സൂചന. പ്രതികള്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്താനുള്ള ശ്രമങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് പുന്നോല്‍താഴെവയല്‍ കൊരമ്പില്‍ താഴെക്കുനിയില്‍ ശ്രീമുത്തപ്പന്‍ വീട്ടില്‍ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കടലില്‍ പോയി മടങ്ങിയെത്തിയ ഹരിദാസന്‍ അടുക്കള ഭാഗത്തെത്തി മീന്‍ ഭാര്യ മിനിയെ ഏല്‍പ്പിച്ച ശേഷം മുന്‍ഭാഗത്തേക്കു പോകുന്നതിനിടെ അക്രമികള്‍ ചാടി വീഴുകയായിരുന്നു. രക്ഷപ്പെടാന്‍ മതില്‍ ചാടുന്നതിനിടെ വെട്ടി വീഴ്ത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ഹരിദാസിന്റെ ഇടതുകാല്‍ അറുത്തു വലിച്ച് എറിഞ്ഞിരുന്നു. ശരീരത്തില്‍ ഇരുപതിലേറെ വെട്ടേറ്റിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.