മര്‍ദനമേറ്റ രണ്ടര വയസുകാരിയുടെ നില അതീവ ഗുരുതരം; കുടുംബത്തോടൊപ്പം താമസിച്ചയാള്‍ മുങ്ങി, അടിമുടി ദൂരഹമെന്ന് പോലീസ്

 മര്‍ദനമേറ്റ രണ്ടര വയസുകാരിയുടെ നില അതീവ ഗുരുതരം;  കുടുംബത്തോടൊപ്പം താമസിച്ചയാള്‍ മുങ്ങി, അടിമുടി ദൂരഹമെന്ന് പോലീസ്

കൊച്ചി: ശരീരമാസകലം ഗുരുതര പരിക്കേറ്റ നിലയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരം. തലച്ചോറില്‍ രക്തസ്രാവം ഉണ്ട്. തലച്ചോറിന്റെ ഇരുവശത്തും നീര്‍ക്കെട്ടുമുണ്ട്. രക്തധമനികളില്‍ രക്തം കട്ട പിടിച്ച അവസ്ഥയാണ്. കഴുത്തിന്റെ ഭാഗം വരെ പരിക്കുണ്ട്. നട്ടെല്ലിന്റെ മുകള്‍ ഭാഗം മുതല്‍ രക്തസ്രാവം ഉണ്ടെന്നും പരിശോധനാ റിപ്പോര്‍ട്ട് പറയുന്നു. കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കുട്ടി ദിവസങ്ങളോളം ക്രൂര മര്‍ദനത്തിനിരയായി എന്നാണ് സംശയിക്കുന്നത്.

സംഭവത്തില്‍ അടിമുടി ദുരൂഹതയെന്നാണ് പോലീസ് പറയുന്നത്. ഒരു മാസം മുമ്പാണ് പുതുവൈപ്പ് സ്വദേശിയായ ആന്റണി ടിജിന്‍ കാക്കനാട് നവോദയ ജംഗ്ഷന് സമീപം ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കുന്നത്. സൈബര്‍ പോലീസ് ഉദ്യോഗസ്ഥനെന്നാണ് പരിചയപ്പെടുത്തിയതെന്ന് ഫ്‌ളാറ്റ് ഉടമ പറഞ്ഞു. ഭാര്യ, ഭാര്യാ സഹോദരി, മക്കള്‍, അമ്മൂമ്മ എന്നിവര്‍ ഒപ്പമുണ്ടെന്നും അറിയിച്ചു. പക്ഷെ പിന്നീട് ഇയാളെ കുറിച്ച് പല സംശയങ്ങളും ഉയര്‍ന്നെന്ന് ഫ്‌ളാറ്റ് ഉടമ പറഞ്ഞു

സമീപത്തെ ഫ്‌ളാറ്റിലുള്ളവരുമായി ഒരു ബന്ധവും ഇവര്‍ക്കുണ്ടായിരുന്നില്ല. സ്ത്രീകള്‍ ആരും ഫ്‌ളാറ്റിന് വെളിയില്‍ ഇറങ്ങാറില്ലായിരന്നു. സഹോദരിയുടെ മകന്‍ മാത്രം മറ്റു കുട്ടികളുമായി കളിക്കാനെത്തും. അമേരിക്കയില്‍ നിന്നാണ് കാക്കാനാട്ടേക്ക് എത്തിയതെന്നാണ് മകന്‍ മറ്റു കുട്ടികളോടു പറഞ്ഞിരുന്നത്.

രണ്ടര വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഞായറാഴ്ച വൈകിട്ട് മുതല്‍ സംശയാസ്പദമായ കാര്യങ്ങളാണ് ഫ്‌ളാറ്റില്‍ നടന്നതെന്ന് സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങള്‍ തെളിയിക്കുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ഇയാള്‍ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു.

കുഞ്ഞിന്റെ അമ്മയുടെ സഹോദരിയുമൊത്ത് കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിന് രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സഹോദരിയുടെ ഭര്‍ത്താവല്ല ഇയാളെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവ് എന്നാണ് ഫ്‌ളാറ്റ് ഉടമയോട് പറഞ്ഞിരുന്നത്. കുഞ്ഞിനെ ആശുപത്രിയിലേക്കു കൊണ്ടു പോയത് ഞായറാഴ്ച രാത്രി എട്ടര മണിയോടെയാണ്. തലയില്‍ ബാന്‍ഡേജുമായി അമ്മ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. അമ്മയുടെ സഹോദരിയെയും സുഹൃത്തിനെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടര വയസുകാരിയുടെ ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. ജുവൈനല്‍ നിയമ പ്രകാരമാണ് അമ്മയ്ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്.

കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകന്റെ മൊഴി രേഖപ്പെടുത്താനും തീരുമാനിച്ചു. മൊഴി എടുക്കാന്‍ ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെടാനാണ് പോലീസ് നീക്കം. മകനും സമാനമായ മര്‍ദനം ഏറ്റിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ആണിത്. ഇവര്‍ ഒരുമിച്ചാണ് ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്നത്

കുട്ടിയുടെ ശരീരത്തില്‍ പുതിയതും പഴയതുമായ മുറിവുകള്‍ ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രിയാണ് അപസ്മാരത്തെ തുടര്‍ന്ന് തൃക്കാക്കരയില്‍ താമസിക്കുന്ന രണ്ടര വയസുകാരിയെ അമ്മയും അമ്മൂമയും ചേര്‍ന്ന് പഴങ്ങനാടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് കണ്ടെത്തി. ഇതോടെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

ഇവിടെ നടത്തിയ പരിശോധനയില്‍ കുട്ടിയ്ക്ക് ശരീരമാസകലം ഗുരുതര പരിക്കുകള്‍ ഉള്ളതായും തലക്ക് ഗുരുത പരിക്ക് ഉള്ളതായും കണ്ടത്തി. ഇതേ തുടര്‍ന്ന് കുട്ടിയെ ഐ.സി.യുവിലേക്കും പിന്നിട് വെന്റിലേറ്ററിലേക്കും മാറ്റുകയായിരുന്നു. കുട്ടിക്ക് പരിക്കേറ്റതുമായി ബന്ധപ്പെട്ട് അമ്മയുടെ വിശദീകരണം വിശ്വാസ യോഗ്യമല്ലാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.