'കുട്ടിക്ക് അമാനുഷിക ശക്തിയുണ്ട്, ശരീരത്തില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്': വിചിത്ര വാദങ്ങളുമായി അമ്മയും അമ്മൂമ്മയും

 'കുട്ടിക്ക് അമാനുഷിക ശക്തിയുണ്ട്, ശരീരത്തില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്': വിചിത്ര വാദങ്ങളുമായി അമ്മയും അമ്മൂമ്മയും

കൊച്ചി: ശരീരമാസകലം ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ടര വയസുകാരിയുടെ കേസില്‍ അടിമുടി ദുരൂഹത. ശരീരത്തിലെ പരുക്കുകള്‍ സംബന്ധിച്ച് വിചിത്ര വാദങ്ങളാണ് കുട്ടിയുടെ അമ്മയും അമ്മൂമ്മയും ഉന്നയിക്കുന്നത്.

'കുട്ടിക്ക് അമാനുഷിക ശക്തിയുണ്ട്. ഇതിന്റെ ഭാഗമായി കുട്ടി സ്വയം തന്നെ കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ ഏല്‍പ്പിക്കുകയാണ്. കുട്ടിയുടെ ശരീരത്തില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഇതുവഴി പലരും വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ട്' ഇതൊക്കെയാണ് അമ്മയും അമ്മൂമ്മയും പറയുന്നത്.

കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലുള്ള കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ 48 മണിക്കൂര്‍ പിന്നിടുമ്പോള്‍ ചെറിയ പുരോഗതിയുണ്ട്. കുട്ടി മരുന്നുകളോട് നേരിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അപസ്മാര ലക്ഷണങ്ങള്‍ കുറഞ്ഞു വരികയാണ്. അതുകൊണ്ട് തന്നെ അല്‍പം പ്രതീക്ഷയുണ്ട്. എന്നാല്‍ വരുന്ന 72 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

അതിനിടെ കുട്ടിയുടെ അച്ഛന്‍ ആശുപത്രിയിലെത്തി. കുട്ടിയുടെ സംരക്ഷണം ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളില്‍ നിന്നും വിശദമായ മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അമ്മയെയും അമ്മൂമ്മയെയും ചോദ്യം ചെയ്യണമെന്നു, ഇവര്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നും ആക്ഷേപമുണ്ട്. കൗണ്‍സിലിംഗ് അടക്കം നടത്തി ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തത വരൂവെന്ന് പൊലീസ് സൂചിപ്പിച്ചു.

രണ്ടര വയസ്സുകാരി 'ബാധ ഒഴിപ്പിക്കല്‍' നടപടിക്കു വിധേയമായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഹൈപ്പര്‍ ആക്ടീവായ ബാലിക പലപ്പോഴും പ്രായത്തേക്കാള്‍ കൂടിയ വികൃതികള്‍ കാട്ടാറുണ്ടെന്ന് അമ്മയും മുത്തശിയും മൊഴി നല്‍കിയിട്ടുണ്ട്. ഇതു ബാധയാണെന്ന ധാരണയില്‍ ദുര്‍മന്ത്രവാദികള്‍ ആരെങ്കിലും വീട്ടിലെത്തി കുട്ടിയെ പരുക്കേല്‍പ്പിച്ചിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.

ഇവര്‍ തമാസിച്ചിരുന്ന കാക്കനാട് തെങ്ങോട് ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കുട്ടിക്കും അമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിന്‍ എന്നയാളുടെയും കുട്ടിയുടെ അമ്മയുടെ സഹോദരി അടക്കമുള്ളവരുടെയും സിസിടിവി ദൃശ്യങ്ങള്‍ സിസിടിവി ക്യാമറിയില്‍ വ്യക്തമായിട്ടുണ്ട്.

ഇവര്‍ മറ്റേതെങ്കിലും കേന്ദ്രത്തില്‍ പോയതിനു ശേഷമാണോ കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയെ കോലഞ്ചേരി ആശുപത്രിയിലെത്തിച്ചശേഷം ആന്റണി കുട്ടിയുടെ അമ്മയുടെ സഹോദരിക്കും മകനുമൊപ്പം പുലര്‍ച്ചെ രണ്ടു മണിക്ക് ഫ്‌ളാറ്റില്‍ തിരിച്ചെത്തി. 20 മിനുട്ടിനകം സാധനങ്ങള്‍ പായ്ക്ക് ചെയ്ത് ഇവര്‍ രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.