യോഹന്നാന്‍ ശ്ലീഹായുടെ ശിഷ്യനായിരുന്ന സ്മിര്‍ണായിലെ വിശുദ്ധ പോളികാര്‍പ്പ്

യോഹന്നാന്‍ ശ്ലീഹായുടെ ശിഷ്യനായിരുന്ന സ്മിര്‍ണായിലെ വിശുദ്ധ പോളികാര്‍പ്പ്

അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 23

ധുനിക ടര്‍ക്കിയില്‍ ഉള്‍പ്പെട്ട സ്മിര്‍ണായിലെ മെത്രാനായിരുന്നു പോളികാര്‍പ്പ്. അപ്പസ്‌തോലനായ വിശുദ്ധ യോഹന്നാന്റെ ശിഷ്യനായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ ശ്ലീഹായില്‍ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങള്‍ അദ്ദേഹം തന്റെ ജനങ്ങളെ പറഞ്ഞു കേള്‍പ്പിച്ചിരുന്നുവെന്ന് പോളികാര്‍പ്പിന്റെ ശിഷ്യനായ വിശുദ്ധ ഇറേന്യൂസ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

വളരെ ചെറുപ്പത്തില്‍ തന്നെ പോളികാര്‍പ്പ് സ്മിര്‍ണായിലെ മെത്രാനായി വാഴിക്കപ്പെട്ടു. വിശുദ്ധ യോഹന്നാനാണ് ഇദ്ദേഹത്തെ ആ നഗരത്തിലെ മെത്രാനാക്കിയത്. അവിടെ ഏഷ്യാ മൈനറിന്റെ പ്രധാനാചാര്യനും തലവനുമായി പോളികാര്‍പ്പ് പ്രവര്‍ത്തിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഏതാണ്ട് 70 വര്‍ഷത്തോളം അദ്ദേഹം അധികാരത്തിലിരുന്നു. അക്കാലത്ത് ഉയര്‍ന്നു വന്നിരുന്ന പാഷണ്ഡതകളായ മാര്‍സിയോണിസം, വലെന്റീനിയാനിസം തുടങ്ങിയവയുടെ ശക്തനായ ഒരു എതിരാളിയായിരുന്നു വിശുദ്ധന്‍.

തന്റെ അവസാന കാലഘട്ടത്തില്‍ അദ്ദേഹം റോമില്‍ പോയി വിശുദ്ധ അനിസേറ്റൂസ് പാപ്പായെ സന്ദര്‍ശിച്ചു. ഉയിര്‍പ്പ് തിരുനാളിന്റെ തിയതിയെ കുറിച്ച് ഇവര്‍ തമ്മില്‍ ഒരു യോജിപ്പില്ലാതിരുന്നതിനെ തുടര്‍ന്ന് രണ്ടുപേരും അവര്‍ പറയുന്ന തിയതികളില്‍ ഉയിര്‍പ്പ് തിരുനാള്‍ കൊണ്ടാടുവാന്‍ തീരുമാനിച്ചു. വിശുദ്ധനോടുള്ള തന്റെ ബഹുമാനവും ആദരവും പ്രകടമാക്കുവാന്‍ വേണ്ടിയും തങ്ങളുടെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒരു ഇളക്കം തട്ടാതിരിക്കുന്നതിനും വേണ്ടി അനിസേറ്റൂസ് പാപ്പാ വിശുദ്ധനെ പാപ്പയുടെ സ്വന്തം ചാപ്പലില്‍ തിരുകര്‍മ്മങ്ങള്‍ക്കായി ക്ഷണിക്കുമായിരുന്നു.

പോളികാര്‍പ്പിന്റെ ശിഷ്യനായ വിശുദ്ധ ഇറേന്യൂസ്, വിശുദ്ധനെ കുറിച്ച് അനുസ്മരിക്കുന്നത് ഇപ്രകാരമാണ്.'ഞാനൊരു യുവാവായിരുന്നപ്പോള്‍ ഏഷ്യാമൈനറില്‍ വെച്ച് പോളികാര്‍പ്പുമായി ചിലവഴിച്ച കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇന്നും എന്റെ മനസില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. അന്ന് ഞങ്ങള്‍ ഇരിക്കുകയും പഠിക്കുകയും ചെയ്ത സ്ഥലങ്ങള്‍ ഇന്നും എനിക്കു ചൂണ്ടികാണിക്കുവാന്‍ സാധിക്കും. വിശുദ്ധന്റെ വരവും പോക്കും, അദ്ദേഹത്തിന്റെ പെരുമാറ്റ രൂപഭാവങ്ങള്‍, ജനങ്ങളുമായി അദ്ദേഹം സംവദിക്കുന്ന രീതി എന്നിവയെല്ലാം എനിക്കിപ്പോഴും വിവരിക്കുവാന്‍ സാധിക്കും.'

റോമന്‍ രക്തസാക്ഷി സൂചിക പ്രകാരം വിശുദ്ധന്‍ രക്തസാക്ഷിത്വം വരിച്ച തിയതി ഫെബ്രുവരി 23 ആണെന്ന് പറയപ്പെടുന്നു. തടവിലായിരുന്ന സമയത്ത് മാര്‍ക്കസ്, അന്റോണിനൂസ്, ലൂസിയസ്, ഒരേലിയൂസ,് കൊമ്മോഡൂസ് എന്നിവരുടെ കീഴില്‍ വിശുദ്ധനെ പ്രൊകോണ്‍സുല്‍ ന്യായാസനത്തിനു മുന്‍പില്‍ കൊണ്ടുവരികയും അവിടെ കൂടിയിരുന്ന ജനങ്ങള്‍ മുഴുവനും അദ്ദേഹത്തിനെതിരായി അലമുറയിടുകയും ചെയ്തതോടെ വിശുദ്ധനെ ചുട്ടെരിച്ചു കൊല്ലുന്നതിനായി ന്യായാധിപന്‍ വിട്ടുകൊടുത്തു.

എന്നാല്‍ അഗ്‌നിക്ക് അദ്ദേഹത്തെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ വിശുദ്ധനെ വാളിനിരയാക്കി. ഇപ്രകാരം അദ്ദേഹം രക്തസാക്ഷിത്വ കിരീടമണിഞ്ഞു. വിശുദ്ധ പോളികാര്‍പ്പിനൊപ്പം ഫിലാഡെല്‍ഫിയയില്‍ നിന്നും വന്ന 12 ക്രിസ്ത്യാനികള്‍ കൂടി ആ നഗരത്തില്‍ വെച്ച് രക്തസാക്ഷിത്വം വരിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

2. സിറെനൂസ്

4. ബ്രേഷ്യായിലെ ഫെലിക്‌സ്

5. സേവീലിലെ ഫ്‌ളോറന്‍സിയൂസ്

3. പലസ്തീനായിലെ ഡോസിത്തെയൂസ്

1. മെല്‍റോസ് ആശ്രമത്തിന്റെ അധിപനായ ബോസ് വെല്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26