കൊച്ചി: മലയാളികളുടെ പ്രിയ നടി അന്തരിച്ച കെപിഎസി ലളിതയുടെ സംസ്‌കാരം വൈകുന്നേരം അഞ്ചിന് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. മൃതദേഹം രാവിലെ എട്ട് മുതല്‍ പതിനൊന്നര വരെ തൃപ്പൂണിത്തുറയിലെ ലായം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
ഉച്ചയോടെ വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംഗീതനാടക അക്കാഡമി ഹാളിലും പൊതുദര്‍ശനമുണ്ടാകും. ഇന്നലെ രാത്രി 10. 45 നാണ് കെപിഎസി ലളിത വിട വാങ്ങിയത്. തൃപ്പൂണിത്തുറയിലെ മകന്റെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
അന്തരിച്ച പ്രമുഖ സംവിധായകന്‍ ഭരതന്റെ ഭാര്യയായ ലളിത നിലവില്‍ കേരള സംഗീത നാടക അക്കാഡമി അധ്യക്ഷയാണ്. 1947 മാര്‍ച്ച് പത്തിന് കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി ജനിച്ചു. മഹേശ്വരി എന്നായിരുന്നു യഥാര്‍ഥ പേര്. രാമപുരത്തെ സ്‌കൂളില്‍ വച്ച് 'പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളെ...' എന്ന വിപ്ലവഗാനത്തിന് ചുവടുവച്ചായിരുന്നു കലാരംഗത്തേക്ക് വന്നത്.
പത്താം വയസില്‍ ചങ്ങനാശേരി ഗീഥയുടെ 'ബലി'യിലൂടെ നാടകരംഗത്തെത്തി. കെപിഎസിയില്‍ എത്തിയതിന് ശേഷമാണ് മഹേശ്വരി കെപിഎസി ലളിതയാവുന്നത്. ചുരുങ്ങിയ കാലംകൊണ്ട് നാടക വേദികളില്‍ ശ്രദ്ധനേടി. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969 ല്‍ കെ.എസ് സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്വേ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്തും നിറസാന്നിധ്യമായി. സഹനായിക വേഷങ്ങളിലാണ് ഏറെ തിളങ്ങിയത്.
അറുനൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടുതവണ നേടി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം. നീല പൊന്‍മാന്‍, ആരവം, അമരം, കടിഞ്ഞൂല്‍ കല്യാണം,ഗോഡ്ഫാദര്‍, സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്‌കാരവും നേടി.
ടിവി സീരിയലുകളി?ലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. 'കഥ തുടരും' എന്ന ആത്മകഥ രചിച്ചു. മക്കള്‍: സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍, ശ്രീക്കുട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.