കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ വനിതാ അധ്യക്ഷ; ലളിതയില്‍ ആദ്യം സഖാവിനെ കണ്ടത് ഇഎംഎസ്

കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ വനിതാ അധ്യക്ഷ; ലളിതയില്‍ ആദ്യം സഖാവിനെ കണ്ടത് ഇഎംഎസ്

തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ വനിതാ അധ്യക്ഷ എന്ന ചരിത്രനേട്ടം കരസ്ഥമാക്കിയ വ്യക്തിയാണ് മലയാളികളുടെ പ്രിയ നടി അന്തരിച്ച കെ.പി.എ.സി. ലളിത. ഭര്‍ത്താവ് സംവിധായകന്‍ ഭരതന്റെ പതിനെട്ടാം സ്മൃതിദിനത്തിലാണ് ലളിതയെ ഈ ബഹുമതി തേടി എത്തിയത്.

അന്ന് സഹകരണമന്ത്രിയായിരുന്ന എ.സി. മൊയ്തീനോടൊപ്പം വടക്കാഞ്ചേരി പബ്ളിക് ലൈബ്രറി ഹാളില്‍ സ്മൃതി പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് എ.കെ.ജി. സെന്ററില്‍നിന്നുള്ള ഇതുസംബന്ധിച്ച സന്ദേശം ലളിതയ്ക്ക് ലഭിച്ചത്.

കേരളത്തിന്റെ രാഷ്ട്രീയ കലാ സാംസ്‌കാരിക ചരിത്രം കൂടിയാണ് ലളിതയുടേയത്. 1947ല്‍ ഇടയാറന്മുളയില്‍ കല്ലൂര്‍ കുടുംബത്തിലാണ് ലളിത ജനിക്കുന്നത്. മഹേശ്വരിഅമ്മ എന്നാണ് യഥാര്‍ഥ പേര്. അനന്തന്‍നായരുടെയും ഭാര്‍ഗവിഅമ്മയുടെയും മകള്‍. 10-ാം വയസില്‍ നൃത്തപഠനം തുടങ്ങി. ചങ്ങനാശേരി ഗീഥയിലൂടെ നാടകരംഗത്തെത്തി. തുടര്‍ന്ന് കെ.പി.എ.സി.യില്‍. 1969 മുതല്‍ സിനിമയിലും സജീവം.

1978ലാണ് സംവിധായകന്‍ ഭരതനെ വിവാഹം കഴിക്കുന്നത്. അമരത്തിലെയും ശാന്തത്തിലെയും അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. തമിഴ് ഉള്‍പ്പെടെ അഞ്ഞൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ശ്രീക്കുട്ടിയും സിനിമാ സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥനുമാണ് മക്കള്‍.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ ലളിതയെ മത്സരിപ്പിക്കുന്നതിന് സി.പി.എം. തീരുമാനിച്ചിരുന്നു. പ്രാദേശികമായി എതിര്‍പ്പുകള്‍ വന്നതോടെ ലളിത സ്വയം പിന്മാറുകയായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സി.പി.എം. വേദികളില്‍ സജീവ സാന്നിധ്യമായിരുന്നു ലളിത.

തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിലും ഇത്തവണ ലളിത നിറഞ്ഞുനിന്നു. സഖാവ് ലളിതയെന്ന് ആദ്യം വിളിച്ചത് ഇ.എം.എസായിരുന്നു എന്നത് അഭിമാനത്തോടെ ലളിത പറയുമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.