ന്യുഡല്‍ഹി: റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ ഉക്രെയ്നില്‍ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ അയക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍.
ഉക്രെയ്നില്‍ നിന്നും ഇന്ത്യക്കാരെ തത്ക്കാലം നിര്‍ബന്ധമായി ഒഴിപ്പിക്കില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു. എല്ലാവരുടെയും വിവരങ്ങള്‍ എംബസിക്ക് നല്‍കണം. അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടുന്നതിനു വേണ്ടിയാണ്. മടങ്ങിവരാന്‍ താല്‍പര്യമുള്ളവരെയെല്ലാം തിരിച്ചുകൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ ആശങ്ക അറിയിക്കുന്നുണ്ട്. എന്നാല്‍ പലരും മടങ്ങിവരാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കാര്‍ക്ക് വേണ്ടി അധിക സര്‍വീസുകള്‍ നടത്തുമെന്ന് കീവിലെ ഇന്ത്യന്‍ എംബസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ മാസം 25നും മാര്‍ച്ച് ആറിനുമിടയിലാണ് നാല് അധിക സര്‍വീസുകള്‍. ഇതിനു പുറമേ ഉക്രെയ്നില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ അറേബ്യ, ഫ്‌ളൈ ദുബായ്, ഖത്തര്‍ എയര്‍വേസ്, മറ്റ് എയര്‍ലൈനുകള്‍ എന്നിവ പതിവ് സര്‍വീസ് തുടരും.
വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നവരെ കാത്തിരിക്കേണ്ടെന്നും സുരക്ഷ പരിഗണിച്ച് താത്ക്കാലികമായി രാജ്യം വിടുന്നതാണ് ഉചിതമെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി. മെഡിക്കല്‍ യൂണിവേഴ്സിറ്റികൾ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നത് സംബന്ധിച്ച വ്യക്തത തേടി നിരവധി വിദ്യാര്‍ത്ഥികളുടെ ഫോണ്‍വിളികള്‍ എത്തുന്നുണ്ട്. ബന്ധപ്പെട്ട അധികാരികളെ ഈ വിഷയങ്ങള്‍ ധരിപ്പിക്കുന്നുണ്ടെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.