മരുന്ന് കമ്പനികള്‍ ഉപഹാരങ്ങള്‍ നല്‍കി ഡോക്ടര്‍മാരെ സ്വാധീനിക്കുന്നത് അധാര്‍മ്മികം: സുപ്രീം കോടതി

മരുന്ന് കമ്പനികള്‍ ഉപഹാരങ്ങള്‍ നല്‍കി ഡോക്ടര്‍മാരെ സ്വാധീനിക്കുന്നത് അധാര്‍മ്മികം: സുപ്രീം കോടതി

ന്യൂഡല്‍ഹി: മരുന്ന് കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി സ്വാധീനിക്കുന്നത് അധാര്‍മ്മികമാണെന്ന് സുപ്രീം കോടതി. ഡോക്ടര്‍മാര്‍ മരുന്ന് നിര്‍ദ്ദേശിക്കുമ്പോള്‍ കമ്പനികള്‍ നല്‍കുന്ന സൗജന്യവും സ്വാധീനിക്കപ്പെടുന്നുണ്ട്. ഉപഹാരങ്ങള്‍ നല്‍കി ഡോക്ടര്‍മാരെക്കൊണ്ട് മരുന്നുകള്‍ നിര്‍ദ്ദേശിപ്പിക്കുന്നത് പൊതു താല്‍പര്യത്തിന് എതിരാണെന്നും സുപ്രീം കോടതി പറഞ്ഞു.

തങ്ങളുടെ ആരോഗ്യ സപ്ലിമെന്റ് സംബന്ധിച്ച അവബോധം ഉണ്ടാക്കുന്നതിനായി ഡോക്ടര്‍മാര്‍ക്ക് നല്‍കിയ സ്വര്‍ണ നാണയങ്ങള്‍, എല്‍സിഡി ടിവികള്‍, ഫ്രിഡ്ജുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയ്ക്ക് ആദായ നികുതി ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് അപെക്‌സ് ലബോറട്ടറീസ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഈ നിര്‍ണായക നിരീക്ഷണം നടത്തിയത്.

മരുന്ന് കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് ഉപഹാരങ്ങളും മറ്റ് സൗജന്യങ്ങളും നല്‍കുന്നത് നിയമത്തിലൂടെ നിരോധിച്ചിട്ടുള്ളതാണ്. അതിനാല്‍ ആദായ നികുതി വകുപ്പ് പ്രകാരമുള്ള ഇളവുകള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ല. വിപണയില്‍ വിലകുറഞ്ഞ മരുന്നുകള്‍ ലഭ്യമാകുമ്പോഴും ഒരു വിഭാഗം ഡോക്ടര്‍മാര്‍ വില കൂടിയ മരുന്നുകള്‍ വാങ്ങാനാണ് രോഗികളോട് നിര്‍ദ്ദേശിക്കുന്നത് എന്ന് കോടതി പറഞ്ഞു.

മരുന്ന് കമ്പനികള്‍ ഇത്തരത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഉപഹാരങ്ങളും സൗജന്യങ്ങളും നല്‍കുന്നത് മരുന്നുകളുടെ വില വര്‍ധനവിന് കാരണമാകും. ഡോക്ടര്‍മാര്‍ മരുന്നുകള്‍ കുറിക്കുമ്പോള്‍ കമ്പനികളുടെ ശുപാര്‍ശകള്‍ക്ക് സ്വാധീനപ്പെടുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും ജസ്റ്റിസുമാരായ യു.യു. ലളിത്, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഡോക്ടര്‍മാര്‍ക്ക് ഉപഹാരം നല്‍കുന്നതിനായി 4.72 കോടി രൂപയാണ് അപെക്സ് ലാബോറട്ടറീസ് ചെലവഴിച്ചത്. ഈ പണത്തിന് ആദായ നികുതി വകുപ്പിന്റെ 37(1) വകുപ്പ് പ്രകാരമുള്ള ഇളവുകള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് അപെക്‌സ് ലാബോറട്ടറീസ് കോടതിയെ സമീപിച്ചത്. നേരത്തെ കമ്പനി നല്‍കിയിരുന്ന ഹര്‍ജികള്‍ ആദായ നികുതി അപ്പലേറ്റ് ട്രൈബ്യുണലും മദ്രാസ് ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.