തലശ്ശേരി: സിപിഎം പ്രവര്‍ത്തകന്റെ വധത്തില്‍ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്ത്. കൊല്ലപ്പെട്ട ഹരിദാസനെ വധിക്കാന്‍ മുന്‍പും ശ്രമം നടന്നുവെന്ന് പ്രതി കുറ്റസമ്മതം നടത്തി.
കേസിലെ രണ്ടാം പ്രതിയായ പുന്നോല്‍ കെ വി ഹൗസില്‍ കെ വി വിമിന്റെ കുറ്റസമ്മത മൊഴിയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള നിജിന്‍ ദാസിന്റെ നേതൃത്വത്തിലായിരുന്നു പദ്ധതി.
പതിനാലാം തീയതി രാത്രി പത്ത് മണിക്കായിരുന്നു ഹരിദാസനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. എന്നാല്‍ അന്ന് പല കാരണങ്ങള്‍ കൊണ്ടും കൃത്യം നടത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മത്സ്യത്തൊഴിലാളിയായ ഹരിദാസ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങി വരവേ വീടിന് സമീപമായിരുന്നു ആക്രമണം നടന്നത്.
കേസില്‍ ബി ജെ പി മണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാ കൗണ്‍സിലറുമായ കൊമ്മല്‍ വയലിലെ ശങ്കരനെല്ലൂര്‍ കെ ലിജേഷ് (40), പുന്നോല്‍ കെ വി ഹൗസില്‍ കെ വി വിമിന്‍ (26), പുന്നോല്‍ ദേവികൃപയില്‍ അമല്‍ മനോഹരന്‍ (27), ഗോപാല പേട്ടയിലെ മണി എന്ന സുനേഷ് (28) എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.
ലിജേഷ് ആണ് കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് പൊലീസ് പറയുന്നത്. ആത്മജന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണ് കൃത്യം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. രണ്ട് ബൈക്കുകളിലായാണ് കൊലയാളികള്‍ എത്തിയത്.
ഫെബ്രുവരി അഞ്ചിന് സമീപത്തുള്ള കോലോത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ബി ജെ പി - സി പി എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് ഹരിദാസന്റെ സഹോദരന് സുരേന്ദ്രന് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ അഞ്ച് ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇത് ഹരിദാസന് പറഞ്ഞു കൊടുത്തതനുസരിച്ചാണെന്ന് കരുതി എതിര്‍പക്ഷം ഭീഷണി മുഴക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.