രണ്ടര വയസുകാരിക്ക് ക്രൂരമര്‍ദനമേറ്റ സംഭവം: ആന്റണി ടിജിനെയും കുട്ടിയുടെ അമ്മയെയും ഇന്ന് ചോദ്യം ചെയ്യും

രണ്ടര വയസുകാരിക്ക് ക്രൂരമര്‍ദനമേറ്റ സംഭവം: ആന്റണി ടിജിനെയും കുട്ടിയുടെ അമ്മയെയും ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് ക്രൂരമര്‍ദനമേറ്റ കേസില്‍ ആരോപണവിധേയനായ ആന്റണി ടിജിനെയും കുട്ടിയുടെ അമ്മയെയും ഇന്ന് ചോദ്യം ചെയ്യും. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചോദ്യംചെയ്യൽ.

കുട്ടി സ്വയം മുറിവേല്‍പിച്ചതാണെന്നാണ് അമ്മയും വീട്ടുകാരും പറയുന്നത്. ടിജിന്‍ കുഞ്ഞിനെ തല്ലുന്നത് ഇതുവരെ താന്‍ കണ്ടിട്ടില്ലെന്നും മകളെ ആരും ഉപദ്രവിച്ചിട്ടില്ലെന്നുമാണ് കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയത്.

കുറച്ച്‌ ദിവസങ്ങളായി കുട്ടിയുടെ പെരുമാറ്റം അസാധാരണമായിട്ടായിരുന്നു. ജനലില്‍ നിന്നും താഴേയ്ക്ക് ചാടുമായിരുന്നു. അപ്പോള്‍ പരിക്കുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മകള്‍ ഒന്നും പറഞ്ഞിരുന്നില്ല. കുന്തിരിക്കം കത്തിച്ചതില്‍ എടുത്ത് ചാടിയാണ് പൊള്ളലുണ്ടായതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം താന്‍ ഒളിവിലല്ലെന്നും പൊലീസിന് മുന്നില്‍ ഹാജരാകുമെന്നും ആന്റണി ടിജിന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കുട്ടി കളിക്കുന്നതിനിടെയാണ് വീണത്. കരയാത്തതിനാലാണ് ആശുപത്രിയില്‍ എത്തിക്കാത്തത്. അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെ താനാണ് ആശുപത്രിയിലെത്തിച്ചതെന്നും ടിജിന്‍ പറഞ്ഞു.
എന്നാല്‍ ആന്റണി ടിജിന്‍ മയക്കുമരുന്നിന് അടിമയാണെന്നും, കുഞ്ഞിനെ ഉപദ്രവിച്ചത് അയാളാണെന്നുമാണ് കുട്ടിയുടെ പിതാവിന്റെ ആരോപണം.

ഗുരുതര പരിക്കുകളോടെ കഴിഞ്ഞ ഞായറാഴ്ചയാണ് രണ്ടര വയസുകാരിയെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ബാലാവകാശ കമ്മീഷന്‍ ഇന്ന് കുട്ടിയെ സന്ദര്‍ശിക്കും. കുട്ടിയുടെ അമ്മയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.