പുടിന്റെ മനസ് അതിസങ്കീര്‍ണ്ണമെന്ന് നിരീക്ഷകര്‍; കനത്ത വെല്ലുവിളിയില്‍ വിരണ്ട് ലോക രാജ്യങ്ങള്‍

പുടിന്റെ മനസ് അതിസങ്കീര്‍ണ്ണമെന്ന് നിരീക്ഷകര്‍; കനത്ത വെല്ലുവിളിയില്‍ വിരണ്ട് ലോക രാജ്യങ്ങള്‍


ന്യൂയോര്‍ക്ക്: വ്ളാഡിമിര്‍ പുടിന്റെ മനസിലുള്ളതെന്ത് ? ലോക ചരിത്രത്തിലെ നിര്‍ണ്ണായക അധ്യായമായി ഉക്രെയ്ന്‍ പ്രതിസന്ധി പരിണമിക്കവേ ഉയരുന്ന ഏറ്റവും വലിയ ചോദ്യത്തിന് അന്താരാഷ്ട്ര നിരീക്ഷകര്‍ ഉത്തരം തേടുന്നത് പല വഴികളിലൂടെ. നിഗമനങ്ങള്‍ ഏകരൂപത്തിലല്ലെങ്കിലും ലോകം നേരിടുന്ന വെല്ലുവിളി അതി രൂക്ഷമാണെന്ന അഭിപ്രായമാണ് എല്ലാവര്‍ക്കും തന്നെയുള്ളത്.

കിഴക്കന്‍ ഉക്രെയ്നിലേക്ക് വന്‍തോതില്‍ സൈനികരെ വിന്യസിക്കാനുള്ള പുടിന്റെ തീരുമാനം റഷ്യയ്ക്കെതിരെ പുതിയ പാശ്ചാത്യ ഉപരോധങ്ങള്‍ക്ക് കാരണമായി.ഇതിനപ്പുറമായി ഒരു സമ്പൂര്‍ണ്ണ അധിനിവേശം രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പ് കണ്ടിട്ടില്ലാത്ത തോതില്‍ കരയുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന ഭീതി വ്യാപകം. റഷ്യക്കാര്‍ക്കും ഉക്രേനിയക്കാര്‍ക്കും ഒരുപോലെ രക്തരൂക്ഷിതമായതും വിനാശകരമാകുന്നതുമാകും അത്തരമൊരു പോരാട്ടം. എന്തു ന്യായീകരണമാകും അതിനു പിന്നില്‍ കണ്ടെത്താനാവുക?

തിങ്കളാഴ്ച നടത്തിയ പ്രസംഗത്തില്‍ പുടിന്‍ ആ ചോദ്യത്തിനും ഉത്തരം നല്‍കാന്‍ തുനിഞ്ഞു. ചരിത്രപരമായി റഷ്യന്‍ ഭൂമിയില്‍ നിലനില്‍ക്കുന്ന ഒരു നിയമവിരുദ്ധ രാജ്യമാണ് ഉക്രെയ്ന്‍ എന്ന് അദ്ദേഹം ആവര്‍ത്തിച്ചു. 'ഒരു മൗലിക രാജ്യത്തിന്റെ സ്ഥിരമായ പാരമ്പര്യങ്ങള്‍ ഉക്രെയ്‌നിന് ഒരിക്കലും ഉണ്ടായിരുന്നില്ല' എന്നായിരുന്നു നിരീക്ഷണം.

ഉക്രെയ്‌നിലെ നിലവിലെ ഗവണ്‍മെന്റിനെ 'വ്യാജ ഭരണകൂട'മെന്നും പുടിന്‍ ആക്ഷേപിച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ ഈ വ്യാജ ഭരണകൂടത്തെ താലോലിക്കുന്നു.ഒപ്പം മോസ്‌കോയോടുള്ള വിരുദ്ധ നിലപാട് പരിപോഷിപ്പിക്കുന്നു. റഷ്യന്‍ ജനതയുടെ കൂട്ടായ്മയായ റഷ്യന്‍ പ്രദേശത്തെ റഷ്യന്‍ വിരുദ്ധ ഭരണകൂടത്തിന്റെ അസ്തിത്വം തനിക്ക് അസ്വീകാര്യമാണ് -പുടിന്‍ തുറന്നു പറഞ്ഞതിങ്ങനെ.

അതേസമയം 'പുടിനെ അനുകൂലിക്കുന്ന സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ ഉക്രെയ്ന്‍ ഒരു പരമാധികാര രാഷ്ട്രമായി നിലനില്‍ക്കുമായിരുന്നു,' റഷ്യയെക്കുറിച്ച് പഠിക്കുന്ന ടൊറന്റോ സര്‍വകലാശാലയിലെ രാഷ്ട്രീയ ശാസ്ത്രജ്ഞനായ സേവാ ഗുനിറ്റ്‌സ്‌കി പറയുന്നു. 'ഉക്രേനിയന്‍ ഭരണകൂടത്തില്‍ നിന്ന് തനിക്ക് വേണ്ടത്ര രാഷ്ട്രീയ പിന്തുണയുണ്ടെന്ന് പുടിന് തോന്നിയിരുന്നെങ്കില്‍ കൈവിട്ട ഭൂമികള്‍ ഔപചാരികമായി വീണ്ടും ഒന്നിപ്പിക്കുന്നത് അജണ്ടയുടെ മുന്‍നിരയിലാക്കില്ലായിരുന്നു അദ്ദേഹം.'


'ഇന്നത്തെ പരമാധികാര സംവിധാനത്തിന് അര്‍ഹമായ ചരിത്രപരമായ ഉക്രേനിയന്‍ രാഷ്ട്രീയ പശ്ചാത്തലമില്ല' എന്ന പുടിന്റെ അടിസ്ഥാന അവകാശവാദം പ്രകടമാംവിധം തെറ്റാണെന്ന് നിരീക്ഷകര്‍ പറയുന്നു. എന്നിരുന്നാലും, പുടിന്‍ നുണ പറയുകയാണെന്ന് ഇതിനര്‍ത്ഥമില്ല: വാസ്തവത്തില്‍, റഷ്യന്‍ കാര്യ വിദഗ്ധര്‍ അദ്ദേഹത്തിന്റെ പ്രസംഗത്തെ സ്വന്തം വിശ്വാസങ്ങളുടെയും നിഗമനങ്ങളുടെയും പ്രകടനമായാണ് പൊതുവെ കണ്ടത്.ഒരു വിഭാഗം റഷ്യക്കാരും പുടിനെപ്പോലെ ചിന്തിക്കുന്നു എന്നതും വസ്തുത.

കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഉക്രേനിയന്‍ ചരിത്രത്തെക്കുറിച്ചുള്ള 5,000 വാക്കുകളുള്ള ലേഖനം മുതല്‍ 'സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ഒരു വലിയ ഭൗമരാഷ്ട്രീയ ദുരന്തമായിരുന്നു' എന്ന് പ്രഖ്യാപിക്കുന്ന 2005 ലെ പ്രസംഗം വരെയുള്ള റഷ്യന്‍ പ്രസിഡന്റിന്റെ വര്‍ഷങ്ങളോളം പിന്നോട്ട് പോകുന്ന പ്രസ്താവനകളുമായി ഈ പ്രസംഗം പൊരുത്തപ്പെടുന്നു. 'ദശലക്ഷക്കണക്കിന് വരുന്ന നമ്മുടെ സഹ പൗരന്മാരും സഹജീവികളും റഷ്യന്‍ പ്രദേശത്തിന് പുറത്ത് പാര്‍ക്കാന്‍ ഇടയാകുന്നു' എന്ന വേവലാതി പുടിന്‍ നിരന്തരം ആവര്‍ത്തിച്ചുപോന്നു.

ആക്രമണാത്മക റഷ്യന്‍ ദേശീയതയില്‍ പുടിന്‍ വിശ്വസിക്കുന്നു എന്ന തോന്നലും ഇതോടൊപ്പം വളര്‍ന്നിരുന്നു.അതിപ്പോള്‍ കൂടുതല്‍ വ്യക്തമായി.എങ്കിലും ഇത്ര കടുത്ത നീക്കത്തിന് അദ്ദേഹം തയ്യാറാകുമായിരുന്നില്ലെന്ന ചിന്തയും പല നിരീക്ഷകരും പങ്കപവയ്ക്കുന്നു. ഉക്രെയ്ന്‍ നാറ്റോയില്‍ ചേരുമെന്ന ഭയം പുടിനെ വല്ലാതെ ബാധിച്ചിരുന്നു.എന്തായാലും അതിന്റെ പേരില്‍ ഉക്രേനിയന്‍ ഭൂമി പിടിച്ചെടുക്കാനുള്ള ആക്രമണാത്മക നടപടി വലിയ തെറ്റു തന്നെയെന്നതില്‍ നിരീക്ഷകര്‍ക്ക് രണ്ടഭിപ്രായമില്ല.

അതേ സമയം , ചരിത്രപരവും പ്രത്യയശാസ്ത്രപരവുമായ സങ്കീര്‍ണ്ണ ആഖ്യാനങ്ങളുമായി ദേശീയവാദ ആശയങ്ങളുടെ മേമ്പൊടിയിട്ടാണ് പുടിന്‍ തന്റെ ആക്രമണോല്‍സുകതയെ ന്യായീകരിക്കാന്‍ നോക്കുന്നത്, കമ്യൂണിസ്റ്റ് സൈദ്ധാന്തികരുടെ പഴയ ശൈലി കടമെടുത്ത്.

'ഉക്രെയ്‌നും റഷ്യക്കും ഒരേ മനസ്് '

ഉക്രെയ്‌നും റഷ്യയും ചരിത്രപരമായി വേര്‍തിരിക്കാനാവാത്തതാണ് എന്നതായിരുന്നു പുടിന്റെ ക്രെംലിനില്‍ നിന്നുള്ള തിങ്കളാഴ്ചത്തെ ഔദ്യോഗിക പ്രസംഗത്തിലെ കേന്ദ്ര വാദം.'ഉക്രെയ്ന്‍ നമുക്ക് ഒരു അയല്‍ രാജ്യം മാത്രമല്ല. ഇത് നമ്മുടെ സ്വന്തം ചരിത്രത്തിന്റെയും സംസ്്കാരത്തിന്റെയും ആത്മീയ ഇടത്തിന്റെയും അവിഭാജ്യ ഘടകമാണ്, 'അദ്ദേഹം പറഞ്ഞു. പുരാതന കാലം മുതല്‍, ചരിത്രപരമായി റഷ്യന്‍ ഭൂമിയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന ആളുകള്‍ തങ്ങളെ സ്വയം റഷ്യക്കാര്‍ എന്ന് വിളിച്ചിരുന്നുവത്രേ.

'നമ്മള്‍ ഇപ്പോള്‍ ഉക്രെയ്ന്‍ എന്ന് വിളിക്കുന്ന ഭാഗം പൂര്‍ണ്ണമായും റഷ്യ സൃഷ്ടിച്ചതാണ്. അല്ലെങ്കില്‍ കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍, ബോള്‍ഷെവിക് കമ്മ്യൂണിസ്റ്റ് റഷ്യയാണ്.' ആദ്യകാല സോവിയറ്റ് നേതാക്കളായ ലെനിന്‍, സ്റ്റാലിന്‍, ക്രൂഷ്‌ചേവ് എന്നിവര്‍ ഉക്രെയ്ന്‍ എന്ന വ്യതിരിക്തവും ചരിത്രപരവുമായ ഒരു റിപ്പബ്ലിക്ക് സൃഷ്ടിച്ചു വളര്‍ത്തിയത് റഷ്യയുടെ ചരിത്രപരമായ ആശയത്തിന്റെ ചെലവിലായിരുന്നുവെന്നത് പുടിനു തുണയാകുന്നുണ്ട്.അതേസമയം 'ദേശീയതയുടെ വൈറസ്' അവിടെ വളരാന്‍ ഈ നേതാക്കള്‍ അനുവദിച്ചെന്ന വ്യംഗ്യവുമുണ്ട് പുടിന്റെ വാക്കുകളില്‍.

ഉക്രേനിയന്‍ ദേശീയത, പുടിന്റെ വീക്ഷണത്തില്‍, ബോള്‍ഷെവിക്കുകള്‍ പരിചയപ്പെടുത്തിയ ഒരു അണുബാധയാണ്;സോവിയറ്റ് യൂണിയന്‍ തകരുകയും ഉക്രെയ്ന്‍ മുതല്‍ എസ്‌തോണിയയും ജോര്‍ജിയയും വരെയുള്ള റിപ്പബ്ലിക്കുകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍, 'വൈറസ് അതിന്റെ ആതിഥേയനെ കൊന്നു' എന്ന അഭിപ്രായവും പ്രകടമാക്കി് പുടിന്‍.

വാസ്തവത്തില്‍, ഈ രാജ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്ന് വ്യത്യസ്തമായ ദീര്‍ഘകാല വംശീയ സ്വത്വങ്ങളുണ്ടെങ്കിലും പുടിന്‍ ഇത് അംഗീകരിക്കുന്നില്ല. മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളെ - എല്ലാറ്റിനുമുപരിയായി, ഉക്രെയ്‌നെ- കമ്മ്യൂണിസ്റ്റ് കുതന്ത്രങ്ങളുടെ ഫലമായി മാതൃരാജ്യത്ത് നിന്ന് മോഷ്ടിക്കപ്പെട്ട റഷ്യയുടെ ചില ഭാഗങ്ങളായേ പുടിന് കണക്കാക്കാനാകുന്നുള്ളൂ.

'തീവ്രവാദികളും ദേശീയവാദികളും ഉള്‍പ്പെടെ, പ്രാഥമികമായി ഉക്രെയ്‌നിലുള്ളവര്‍ സ്വാതന്ത്ര്യം നേടിയതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നു. നമുക്ക് കാണാനാകുന്നതുപോലെ, ഇത് തികച്ചും തെറ്റാണ്, 'അദ്ദേഹം പറയുന്നു. 'നമ്മുടെ ഏകീകൃത രാജ്യത്തിന്റെ ശിഥിലീകരണം ബോള്‍ഷെവിക്, സോവിയറ്റ് നേതാക്കളുടെ ചരിത്രപരവും തന്ത്രപരവുമായ പിഴവുകളാല്‍ സംഭവിച്ചതാണ് ... സോവിയറ്റ് യൂണിയന്‍ എന്നറിയപ്പെടുന്ന ചരിത്രപരമായ റഷ്യയുടെ തകര്‍ച്ച അവരുടെ മനസ്സാക്ഷിയിലൂടെയാണുണ്ടായത്'.

തല്‍ഫലമായി, സോവിയറ്റിനു ശേഷമുള്ള ഉക്രെയ്‌നെ ഒരു യഥാര്‍ത്ഥ രാജ്യമായി കാണാന്‍ പുടിന് കഴിയുന്നില്ല; അദ്ദേഹത്തിന്റെ വീക്ഷണത്തില്‍, അതിനെ ഒന്നിപ്പിക്കാന്‍ യഥാര്‍ത്ഥ ചരിത്രമോ ദേശീയ പാരമ്പര്യമോ ഇല്ല. അവിടെ അരങ്ങേറുന്നത് ചില തരം കളികളാണത്രേ.അവിടത്തെ പ്രഭുക്കന്മാര്‍ അഴിമതിക്കു പുകമറയിടാന്‍ റഷ്യന്‍ വിരുദ്ധ വാഗ്വാദത്തെ വിന്യസിക്കുന്നു. 'ഉക്രേനിയന്‍ അധികാരികള്‍ - ഇത് ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു - നമ്മെ ഒന്നിപ്പിക്കുന്ന എല്ലാറ്റിന്റെയും നിഷേധത്തിലൂടെയാണ് അവരുടെ ദേശീയത കെട്ടിപ്പടുക്കാന്‍ ആരംഭിച്ചത്,' -പുടിന്റെ വാക്കുകള്‍.

ഉക്രെയ്ന് മേലുണ്ടായിരുന്ന റഷ്യന്‍ നിയന്ത്രണം മറ്റൊരു തരത്തിലുള്ള വിദേശ ഭരണം കൊണ്ട് മാറ്റിസ്ഥാപിച്ചിരിക്കുകയാണെന്നും പുടിന്‍ ആരോപിച്ചു: 'പടിഞ്ഞാറിന്റേത്'. റഷ്യന്‍ അനുകൂല നേതാവ് വിക്ടര്‍ യാനുകോവിച്ചിനെ അട്ടിമറിച്ച 2013 ലെ യൂറോമൈദന്‍ പ്രതിഷേധത്തിന് ശേഷം, ഉക്രെയ്ന്‍ ബാഹ്യ നിയന്ത്രണത്തിന് കീഴിലായെന്നും പാവ ഭരണകൂടമുള്ള ഒരു കോളനി മാത്രമായെന്നും പുടിന്‍ പറയുന്നു.ഉക്രേനിയന്‍ സര്‍ക്കാര്‍ അതിന്റെ നിലവിലെ രൂപത്തില്‍ ' നിയമവിരുദ്ധവും അസഹനീയവുമാണ് ' എന്നതാണ് ഈ ചരിത്ര വിവരണത്തിന്റെ അശുഭകരമായ സൂചന.

'ചരിത്രത്തിനു സംഭവിച്ച അബദ്ധം'

'ചരിത്രത്തിനു സംഭവിച്ച ഒരു അപകടത്താല്‍ വേര്‍പെടുത്തപ്പെട്ട' റഷ്യയുടെ ശരിയായ ഭാഗമായാണ് പുടിന്‍ ഉക്രെയ്‌നെ കാണുന്നത്. റഷ്യന്‍ ഭാഷ സംസാരിക്കുന്നവരെ അടിച്ചമര്‍ത്തുകയും റഷ്യയുടെ അതിര്‍ത്തികളെ ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ട് റഷ്യയുമായി സംഘര്‍ഷം സൃഷ്ടിച്ച് സ്വയം നിയമവിധേയമാകാന്‍ ഉക്രെയ്ന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് അസഹനീയമാണ് എന്നും ആക്ഷേപിച്ചു പുടിന്‍.

ഇതുപോലുള്ള പാശ്ചാത്യ പിന്തുണയുള്ള സര്‍ക്കാര്‍, റഷ്യന്‍ ഭരണകൂടത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്ന് പുടിന്‍ പരിതപിച്ചു. പ്രസംഗത്തിലെ ഏറ്റവും ഭ്രാന്തമായ ഭാഗങ്ങളില്‍, പാശ്ചാത്യ സഹായത്തോടെ ഉക്രെയ്ന്‍ ആണവായുധങ്ങള്‍ സമ്പാദിക്കുന്നതിനെക്കുറിച്ചും നാറ്റോയില്‍ ചേരുന്നതിനെക്കുറിച്ചും ആത്യന്തികമായി റഷ്യയ്ക്കെതിരായ ഒരു അമേരിക്കന്‍ ആക്രമണത്തിനുള്ള 'ലോഞ്ചിംഗ് പാഡ് 'ആയി വര്‍ത്തിക്കുന്നതിനെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.'അമേരിക്കയ്ക്ക് റഷ്യയെപ്പോലെ വലുതും സ്വതന്ത്രവുമായ ഒരു രാജ്യം ആവശ്യമില്ല. ഇതാണ് റഷ്യയോടുള്ള അമേരിക്കയുടെ പരമ്പരാഗത നയത്തിന്റെ ഉറവിടം.'


ഉക്രെയ്‌നില്‍ നിന്നുണ്ടാകാവുന്ന ഒരു സൈനിക ആക്രമണത്തെയായിരുന്നില്ല പുടിനു ഭയം.അവിടത്തെ റഷ്യന്‍ അനുകൂല നേതാവ് വിക്ടര്‍ യാനുകോവിച്ചിനെ അട്ടിമറിച്ച 2013 ലെ യൂറോമൈദന്‍ പ്രതിഷേധം ഇപ്പോഴും പുടിനെ വിഷമിപ്പിക്കുന്നു.വിദേശങ്ങളില്‍ നിന്നു നേരിട്ടുള്ള സഹായത്തോടെ നടന്ന അട്ടിമറി എന്നാണ് അദ്ദേഹം ഉക്രെയ്‌നിലെ മൈദന്‍ പ്രസ്ഥാനത്തെ വിളിക്കുന്നത്; സ്വന്തം സര്‍ക്കാരിനെതിരെ സമാനമായ ഒരു മുന്നേറ്റത്തെ അദ്ദേഹം ഭയപ്പെടുന്നു എന്നു വ്യക്തം. റഷ്യയുടെ ചരിത്രപരമായ ഹൃദയഭൂമിയില്‍ പാശ്ചാത്യ അനുകൂല പ്രതിഷേധ പ്രസ്ഥാനങ്ങള്‍ വളര്‍ന്നു വരാതിരിക്കാനും ഇത്തരം നടപടികള്‍ അത്യന്താപേക്ഷിതമാണെന്ന് പുടിന്‍ കരുതുന്നു.

'അദ്ദേഹം മനസില്‍ കാണുന്ന ഏറ്റവും വലിയ വെല്ലുവിളി ഭരണകൂട ഭീഷണിയാണെന്ന് ഞാന്‍ കരുതുന്നു. യഥാര്‍ത്ഥ സൈനിക അധിനിവേശമല്ല,'സേവാ ഗുനിറ്റ്‌സ്‌കി വിശദീകരിക്കുന്നു. 'ഉക്രെയ്‌നില്‍ ചെയ്തതുപോലെ തന്റെ ഭരണത്തെ അട്ടിമറിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം കരുതുന്നു. അതുകൊണ്ടാണ് ഭീഷണിയുടെ ഒരു ഭാഗം മാത്രമാണ് നാറ്റോ എന്ന വിലയിരുത്തലുള്ളത്.'

റഷ്യന്‍ പ്രസിഡന്റിന്റെ മനസ്സില്‍, റഷ്യന്‍ ദേശീയതയും റഷ്യന്‍ സുരക്ഷാ താല്‍പ്പര്യങ്ങളും തമ്മില്‍ അഭേദ്യ ബന്ധമുണ്ട്. തങ്ങളുടെ സാമ്രാജ്യത്വ ഭൂതകാലവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ നിലവിലെ ഉക്രേനിയന്‍ സര്‍ക്കാര്‍ റഷ്യക്കു ഭീഷണിയാണെന്ന് പുടിന്‍ വിശ്വസിക്കുന്നു; റഷ്യക്കു മേല്‍ക്കൈ ഉണ്ടായിരുന്ന പ്രദേശങ്ങളുടെ മേല്‍ റഷ്യയുടെ നിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന ചിന്ത വളരാന്‍ ഇതും നിമിത്തമായിട്ടുണ്ട്.

പുടിന്റെ പ്രസംഗത്തിലെ ഏറ്റവും അപകടകരമായ വരിയില്‍ ഈ ചിന്ത വളരെ വ്യക്തമായിരുന്നു:മോസ്‌കോയുടെ നേരിട്ടുള്ള ഭരണത്തിന് കീഴില്‍ ഉക്രെയ്‌നെ തിരികെ കൊണ്ടുവരുന്നതിനുള്ള ഭീഷണി തന്നെ.'നിങ്ങള്‍ക്ക് സ്വത്വാധിഷ്ഠിത സ്വാതന്ത്ര്യം വേണമെന്നോ? വളരെ നല്ലത്. യഥാര്‍ത്ഥ സ്വത്വാധിഷ്ഠിത സ്വാതന്ത്ര്യമെന്നതുകൊണ്ട് ഉക്രെയ്നിന് എന്താണ് അര്‍ത്ഥമാകുന്നതെന്ന് കാണിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.' പുടിന്‍ പറഞ്ഞതിങ്ങനെ.

വസ്തുത വളച്ചൊടിച്ച് ആഖ്യാനം

അതേസമയം, റഷ്യയില്‍ നിന്ന് വേറിട്ട് ഉക്രെയ്‌നിന് സ്വതന്ത്ര ദേശീയ സ്വത്വമില്ലെന്ന് പറയുന്നത് കേവലം തെറ്റാണെന്ന് സാമൂഹിക, രാഷ്ട്രീയ ചരിത്ര പണ്ഡിതര്‍ പറയുന്നു. ഉക്രേനിയന്‍ തലസ്ഥാനമായ കീവ് മോസ്‌കോയ്ക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച നഗരമാണ്. ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തില്‍, ഉക്രെയ്ന്‍ റഷ്യയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു; ബലപ്രയോഗത്തിലൂടെ അത് സോവിയറ്റ് ഭരണത്തിന്‍കീഴില്‍ തിരികെ കൊണ്ടുവരികയായിരുന്നു.

'പുടിന്‍ ചരിത്രകാരനല്ല,' കിഴക്കന്‍ യൂറോപ്പിലെ യേല്‍ യൂണിവേഴ്‌സിറ്റി ചരിത്രകാരനായ തിമോത്തി സ്‌നൈഡര്‍ ഫിനാന്‍ഷ്യല്‍ ടൈംസില്‍ എഴുതി. 'ഉക്രെയ്നിന് അതിന്റേതായ വ്യതിരിക്തവും ആകര്‍ഷകവുമായ ചരിത്രമുണ്ട്, ഉക്രേനിയക്കാര്‍ക്കും മറ്റാരെയും പോലെ ഭാവിയിലേക്കുള്ള അവകാശമുണ്ട്.'

മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളില്‍, എസ്‌തോണിയ മുതല്‍ ഉക്രെയ്ന്‍, ജോര്‍ജിയ വരെയുള്ളവ 1990 കളില്‍ മോസ്‌കോയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചത് വരേണ്യവര്‍ഗങ്ങളുടെ കൃത്രിമക്കളികളാലല്ല. സോവിയറ്റ് അടിച്ചമര്‍ത്തലിനോടും കൊളോണിയലിസത്തോടുമുള്ള യഥാര്‍ത്ഥ രോഷമായിരുന്നു അത്. തുടര്‍ന്നാകട്ടെ ഏതെങ്കിലും തരത്തിലുള്ള ഉന്നത ഉക്രേനിയന്‍ കൃത്രിമത്വമല്ല, പുടിന്റെ പെരുമാറ്റമാണ് പാശ്ചാത്യരുമായി കൂടുതല്‍ ശക്തമായ ബന്ധത്തിന് ഉക്രേനിയക്കാര്‍ക്കിടയില്‍ പിന്തുണ വര്‍ദ്ധിപ്പിച്ചത്.

എന്നിരുന്നാലും, പ്രസംഗത്തിലൂടെ വ്യക്തമാകുന്ന പുടിന്റെ വിശ്വാസം ആത്മാര്‍ത്ഥം തന്നെയെന്നും അദ്ദേഹത്തിന്റെ നീണ്ട പൊതു രേഖയുമായി പൊരുത്തപ്പെടുന്നുവെന്നുമുള്ള അഭിപ്രായമാണ് പൊതുവേ നിരീക്ഷകര്‍ക്കുള്ളത്.'പുടിന്‍ ഹൃദയത്തില്‍ നിന്നാണ് സംസാരിച്ചതെന്ന് എനിക്ക് ബോധ്യമുണ്ട്,' സെന്റര്‍ ഫോര്‍ യൂറോപ്യന്‍ പോളിസി അനാലിസിസ് തിങ്ക് ടാങ്കിന്റെ പ്രസിഡന്റ് അലീന പോളിയാകോവ പറയുന്നു. 'ഇതില്‍ ഭൂരിഭാഗവും കഴിഞ്ഞ വര്‍ഷം ഉക്രെയ്‌നെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉപന്യാസത്തിലുണ്ടായിരുന്നു.'

ആ ലേഖനത്തില്‍, പുടിന്‍ വാദിച്ചു, 'റഷ്യയോടുള്ള ആക്രമണാത്മകത മുന്നിടുന്ന, വംശീയമായി ശുദ്ധമെന്നു പറയുന്ന ഒരു ഉക്രേനിയന്‍ രാഷ്ട്രത്തിന്റെ രൂപീകരണം, അതിന്റെ അനന്തരഫലങ്ങളില്‍ നമുക്കെതിരായ വന്‍ നശീകരണ ആയുധമായി പരിണമിക്കും.' റഷ്യന്‍ അധിനിവേശത്തിന്‍ കീഴിലുള്ള ഉക്രേനിയന്‍ പ്രദേശമായ ക്രിമിയ പിടിച്ചെടുക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് 2014-ല്‍ നടത്തിയ പ്രസംഗത്തില്‍, 'ഉക്രെയ്‌നും റഷ്യയും വേര്‍പിരിഞ്ഞ് രണ്ട് വ്യത്യസ്ത രാജ്യങ്ങളായി മാറുന്നത് ചരിത്രപരമായി സങ്കല്‍പ്പിക്കാന്‍ കഴിയില്ല' എന്ന് അദ്ദേഹം വാദിച്ചു.

'ജനപിന്തുണ അന്യമായ യുദ്ധം'

2007-ല്‍ മ്യൂണിക്കില്‍ നടത്തിയ പ്രസംഗത്തില്‍, അമേരിക്കയുടെ നേതൃത്വത്തിലുള്ള ആഗോള ക്രമം 'ആര്‍ക്കും സുരക്ഷിതത്വം തോന്നാത്ത' ഒന്നാണെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.അതില്‍ നിന്ന് മാറുന്നതിനുള്ള 'നിര്‍ണ്ണായക നിമിഷത്തില്‍' എത്തിയിരിക്കുന്നുവെന്നും നിരീക്ഷിച്ചു.

കൂടാതെ, സോവിയറ്റ് യൂണിയന്റെ ശൈഥില്യത്തെ ഒരു 'ജിയോപൊളിറ്റിക്കല്‍ ദുരന്തം' എന്ന് വിലപിച്ചു 2005 ലെ പ്രസംഗത്തില്‍.ഉക്രെയ്ന്‍ പോലെ റഷ്യന്‍ അതിര്‍ത്തിക്ക് പുറത്തുള്ള വംശീയ റഷ്യക്കാരുടെ വിഘടനം അസഹനീയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എന്നാല്‍ ദീര്‍ഘകാലമായി ദേശീയതയുമായി ബന്ധപ്പെട്ട ആവലാതികള്‍ പുടിന്‍ പങ്കുവച്ചിരുന്നെങ്കിലും ഈ ലക്ഷ്യങ്ങള്‍ക്കായി അദ്ദേഹം എത്രത്തോളം മുന്നോട്ടു പോകാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നില്ല.

കഴിഞ്ഞ ദിവസം കൊളംബിയ യൂണിവേഴ്‌സിറ്റി വിളിച്ചുചേര്‍ത്ത റഷ്യയിലെ പ്രമുഖ വിദഗ്ധരുടെ ഒരു പാനല്‍, പുടിന്റെ പ്രസംഗം യുദ്ധസമാനമായ ദേശീയതയുടെ സ്വരമുണ്ടാക്കിയെന്നും വിഷയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ ചിന്തയെയാണ് അത് പ്രതിനിധീകരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, പ്രത്യാഘാതങ്ങളെക്കുറിച്ച് പരസ്പര വിരുദ്ധ അഭിപ്രായങ്ങളാണ് അവര്‍ പ്രകടിപ്പിച്ചത്.ഉക്രെയ്‌നെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ പാശ്ചാത്യ രാജ്യങ്ങള്‍ ശ്രദ്ധിക്കുകയും ചര്‍ച്ചാ മേശയിലേക്ക് വരുകയും ചെയ്യണമെന്ന് പുടിന്‍ ശരിക്കും ആഗ്രഹിക്കുന്നതായി മോസ്‌കോ ആസ്ഥാനമായുള്ള പ്രമുഖ വിദേശ നയ നിരീക്ഷകനായ ഫിയോഡോര്‍ ലുക്യാനോവ് വാദിച്ചു.

റഷ്യയുടെ വിഷയങ്ങളില്‍ ഗ്രാഹ്യമുള്ള മുന്‍ യുഎസ് നയതന്ത്രജ്ഞനായ സ്റ്റീഫന്‍ സെസ്റ്റനോവിച്ച് പറഞ്ഞത് പുടിന് ഉക്രെയ്‌നോടുള്ള ആസക്തി സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനു അപ്പുറമാണെന്നാണ്. അധിനിവേശം അനിവാര്യമാണെന്ന് വാദിച്ചു, റാന്‍ഡ് കോര്‍പ്പറേഷന്റെ സാമുവല്‍ ചരപ്പ്. സമഗ്രമായ ആക്രമണം നടത്താനുള്ള വ്യക്തമായ ഉദ്ദേശ്യമാണ് പുടിന്റേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂറോപ്യന്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സിലെ സീനിയര്‍ പോളിസി ഫെലോ ആയ കദ്രി ലിയിക്കിന്റെ നിരീക്ഷണത്തില്‍, പുടിന്റെ നവോത്ഥാന ദേശീയതയ്ക്ക് റഷ്യന്‍ പൊതുജനങ്ങളുമായി വലിയ ബന്ധമില്ല. 'ഉക്രെയ്‌നിനായുള്ള യഥാര്‍ത്ഥ തോതിലുള്ള വലിയ യുദ്ധത്തിന് രാജ്യത്ത് ജനപിന്തുണ ഇല്ലാത്തതായിരിക്കും,' അവര്‍ പറഞ്ഞു.'അത് പുടിന്റെ ഭരണത്തിന്റെ അവസാനത്തിന്റെ തുടക്കമായിരിക്കും, അദ്ദേഹത്തിന് അത് അറിയാമെന്ന് ഞാന്‍ കരുതുന്നു.'

അതേസമയം, പ്രതിസന്ധിക്കുള്ള ഏതൊരു പരിഹാരവും പുടിന്റെ ലോകവീക്ഷണവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു.പരിഹാരം സങ്കീര്‍ണ്ണമാകുന്നതും അതിനാലാണെന്ന പക്ഷക്കാരാണ് അന്താരാഷ്ട്ര നിരീക്ഷകരില്‍ വലിയൊരു വിഭാഗം പേരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.