കൂടുതല്‍ കരുത്താര്‍ജ്ജിച്ച് ഇന്ത്യന്‍ വ്യോമസേന; ആവശ്യപ്പെട്ട മാറ്റങ്ങളോടെ പുതിയ റഫാല്‍ എത്തി

കൂടുതല്‍ കരുത്താര്‍ജ്ജിച്ച് ഇന്ത്യന്‍ വ്യോമസേന; ആവശ്യപ്പെട്ട മാറ്റങ്ങളോടെ പുതിയ റഫാല്‍ എത്തി

ന്യുഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനക്ക് കരുത്തേകാന്‍ മൂന്ന് റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി എത്തി. ഇതോടെ ഫ്രാന്‍സ് ഇന്ത്യയ്ക്ക് കൈമാറിയ വിമാനങ്ങളുടെ എണ്ണം 35 ആയി. ആകെ 36 വിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയത്. അവസാന വിമാനം അടുത്ത ആഴ്ചയോടെ എത്തുമെന്നാണ് സൂചന.

ഇന്ത്യ പ്രത്യേകമായി ആവശ്യപ്പെട്ട മാറ്റങ്ങളോടെയാണ് പുതിയ റഫാല്‍ വിമാനങ്ങളെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മൂന്ന് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. 2016 സെപ്റ്റംബറില്‍ ഫ്രാന്‍സുമായി ഏര്‍പ്പെട്ട 59000 കോടി രൂപയുടെ കരാര്‍ അനുസരിച്ചാണ് റഫാല്‍ വിമാനം എത്തുന്നത്. അന്തരീക്ഷത്തില്‍ നിന്ന് അയയ്ക്കാവുന്ന മിസൈലുകളെ അടക്കം വഹിക്കാവുന്ന തരത്തിലുള്ള മാറ്റങ്ങളായിരുന്നു ഇന്ത്യ റഫാല്‍ വിമാനങ്ങളില്‍ ആവശ്യപ്പെട്ടത്.

വിമാനങ്ങളിലെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ഇന്ത്യയില്‍ എത്തിച്ച ശേഷമാകും ചെയ്യുക. ഫ്രഞ്ച് വിമാന നിര്‍മ്മാണ രംഗത്തെ പ്രമുഖരായ ഡസൗള്‍ട്ട് ഏവിയേഷനാണ് റഫാലിന്റെ നിര്‍മാതാക്കള്‍. 100 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യത്തിലേക്ക്, വായുവില്‍ നിന്ന് വായുവിലേക്ക്, തൊടുക്കാവുന്ന മിറ്റിയോര്‍ മിസൈല്‍, സ്‌കള്‍പ്, ക്രൂസ് മിസൈല്‍ എന്നിവയാണ് വിമാനത്തിലുള്ള പ്രധാന ആയുധങ്ങള്‍.

ആയുധങ്ങള്‍ അടക്കമുള്ളവക്കായി 14 ആയുധ സംഭരണികളും വിമാനത്തിലുണ്ട്. റഷ്യന്‍ സുഖോയ് വിമാനങ്ങള്‍ ഇറക്കുമതി ചെയ്ത് 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ വാങ്ങുന്ന പ്രധാന യുദ്ധ വിമാനമാണ് ഫ്രാന്‍സില്‍ നിന്നുള്ള റഫാല്‍.

ജൂലൈ 29നാണ് അഞ്ച് വിമാനങ്ങള്‍ അടങ്ങിയ റഫാല്‍ യുദ്ധ വിമാനങ്ങളുടെ ആദ്യ സംഘം ഇന്ത്യയിലെത്തിയത്. മലയാളി ഗ്രൂപ്പ് ക്യാപ്റ്റന്‍ വിവേക് വിക്രം ഉള്‍പ്പടെ ഏഴംഗ വ്യോമസേന സംഘമാണ് ഫ്രാന്‍സില്‍ നിന്ന് റഫാലുകള്‍ ഇന്ത്യയില്‍ എത്തിച്ചത്. മിറാഷ് യുദ്ധ വിമാനങ്ങളേക്കാള്‍ ശേഷിയുള്ള റഫാലിന് രാത്രിയും പകലും ഒരു പോലെ ആക്രമണം നടത്താന്‍ കഴിയും. പറക്കലില്‍ 25 ടണ്‍ വരെ ഭാരം വഹിക്കാനും ആകും.

'സ്വര്‍ണക്കൂരമ്പുകള്‍' എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യന്‍ വ്യോമസേനയുടെ നമ്പര്‍ 17 സ്‌ക്വാഡ്രണിന്റെ ഭാഗമാണ് റഫാല്‍ യുദ്ധ വിമാനങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.