'ചെറുത്തുനില്‍ക്കാനാകില്ല ഉക്രെയ്ന് '; ആകാശ യുദ്ധത്തിലൂടെ റഷ്യ അതിവേഗ നേട്ടം കൊയ്യുമെന്ന് യുദ്ധ തന്ത്ര വിദഗ്ധര്‍

 'ചെറുത്തുനില്‍ക്കാനാകില്ല ഉക്രെയ്ന് '; ആകാശ യുദ്ധത്തിലൂടെ റഷ്യ അതിവേഗ നേട്ടം കൊയ്യുമെന്ന് യുദ്ധ തന്ത്ര വിദഗ്ധര്‍

ലണ്ടന്‍: ജനപിന്തുണയോടെ കരസേനയെ ഉപയോഗിച്ച് റഷ്യന്‍ അധിനിവേശം ചെറുക്കാനാകുമെന്ന ഉക്രെയ്ന്‍ സ്വപ്‌നം വിഫലമാകുകയേ ഉള്ളൂവെന്ന് യുദ്ധ തന്ത്ര വിദഗ്ധര്‍. കരസേനയുടെ കാര്യത്തില്‍ തന്നെ പ്രകട ദൗര്‍ബല്യമുള്ള ഉക്രെയ്ന് റഷ്യയുടെ അനന്യ സംഹാര ശേഷിയാര്‍ന്ന ആകാശ യുദ്ധത്തിനു മുന്നില്‍ കുമ്പിട്ടു നില്‍ക്കാനേ കഴിയൂ എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

ലണ്ടനിലെ റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഈയിടെ ഉക്രെയ്നില്‍ പോയി വന്ന വിദഗ്ധന്‍ ഡോ. ജാക്ക് വാട്ട്ലിംഗ്, ഇരു രാജ്യങ്ങളുടെയും സായുധ ശേഷി സൂക്ഷ്മമായി വിശകലനം ചെയ്തിട്ടുള്ള ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസിലെ (ഐഐഎസ്എസ്) മുന്‍ ബ്രിട്ടീഷ് ആര്‍മി ബ്രിഗേഡിയര്‍ ബെന്‍ ബാരി തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരാണെന്ന് ബി ബി സി റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രസിഡന്റ് പുടിന്‍ റഷ്യയുടെ സായുധ സേനയില്‍ കാര്യമായ നിക്ഷേപവും ആധുനികവല്‍ക്കരണവും നടത്തിയ ശേഷമാണ് യുദ്ധത്തിനുള്ള കരുക്കള്‍ നീക്കിയതെന്ന് ഡോ. ജാക്ക് വാട്ട്ലിംഗ് പറയുന്നു. ഉക്രെയ്ന്‍ അതിര്‍ത്തിലുടനീളം തോക്കുകളുടെ എണ്ണത്തില്‍ താരതമ്യമില്ലാത്ത അന്തരമാണ് റഷ്യ സ്വന്തമാക്കിയിട്ടുള്ളത്. കണക്കു കൂട്ടാനാകാത്ത സംഹാര ശേഷിയെന്നു തന്നെ പറയാം.

വാട്ട്ലിംഗിന്റെ വാക്കുകള്‍: 'ഉക്രേനിയക്കാര്‍ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലാണെന്ന് ഞാന്‍ കരുതുന്നു. രാജ്യത്തിന്റെ സൈനിക നേതാക്കള്‍ക്ക് ഏറ്റവും കഠിനമായ തിരഞ്ഞെടുപ്പുകളാണ് അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്നത്.' പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത് റഷ്യയ്ക്ക് ഉക്രെയ്‌നിന്റെ അതിര്‍ത്തിയില്‍ 190,000 വരെ സൈനികരുണ്ടായിരുന്നുവെന്നാണ്. ഉക്രെയ്‌നിന്റെ മൊത്തം സാധാരണ സൈന്യത്തേക്കാള്‍ വളരെ കൂടുതല്‍. 125,600 ആണ് അവര്‍ക്കുള്ളത്.

റഷ്യന്‍ സൈന്യം ഇതിനകം വിവിധ ദിശകളില്‍ നിന്നാണ് അതിര്‍ത്തി കടന്നിട്ടുള്ളത്. ഖാര്‍കിവിനടുത്തുള്ള ചുഹുയേവിലെ സൈനിക വിമാനത്താവളം റഷ്യ ആദ്യം ആക്രമിച്ച ലക്ഷ്യങ്ങളിലൊന്നാണ്. വടക്ക് ബെലാറസ് മുതല്‍ തെക്ക് ക്രിമിയ വരെ, ഉക്രെയ്‌ന് ആയിരക്കണക്കിന് മൈലുകള്‍ വരുന്ന അതിന്റെ അതിര്‍ത്തി പ്രതിരോധിക്കുക ഏറെ പ്രയാസകരമാകും.

' ഉക്രെയ്നെ ഒരു ഘടികാരമുഖമായി കരുതുന്നുവെങ്കില്‍, റഷ്യക്കാര്‍ക്ക് 10 മണി മുതല്‍ 7 മണി വരെ ആക്രമണങ്ങള്‍ നടത്താന്‍ കഴിയും.' റഷ്യന്‍ സൈന്യത്തിനു മുന്നില്‍ ഏകദേശം മൂന്നില്‍ രണ്ടു പ്രദേശങ്ങളും ആക്രമണത്തിനു തുറന്നു കിടക്കുന്ന അവസ്ഥ. 'പ്രതിരോധ റോളിലുള്ള സേനയ്ക്ക് ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കും ്'- ബ്രിഗേഡിയര്‍ ബെന്‍ ബാരി പറയുന്നു.അതിനും പുറമേയാണ് ഉക്രെയ്ന്റെ സൈന്യം 'വളരെ മെലിഞ്ഞതാണ്' എന്ന യാഥാര്‍ത്ഥ്യം.

'വായുവിലെ ആധിപത്യം ഏകപക്ഷീയം.'


ജാക്ക് വാട്ട്‌ലിംഗ് പറയുന്നതനുസരിച്ച് 'വായുവില്‍ റഷ്യയുടെ ആധിപത്യം ഏകപക്ഷീയമാകും.' റഷ്യന്‍, ഉക്രേനിയന്‍ സേനകള്‍ തമ്മിലുള്ള യഥാര്‍ത്ഥ അസമത്വം ആകാശത്തിലാണ്. റഷ്യയുടെ 300 യുദ്ധവിമാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉക്രെയ്ന് 105 യുദ്ധവിമാനങ്ങളേ അതിര്‍ത്തിയില്‍ ഉള്ളൂ എന്ന് വാറ്റ്ലിംഗ് പറഞ്ഞു. റഷ്യക്കാര്‍, 'വളരെ വേഗത്തില്‍ വായു മേല്‍ക്കോയ്മ നേടും' എന്ന് അദ്ദേഹം പ്രവചിക്കുന്നു.
എസ്-400 മിസൈലുകള്‍ പോലെയുള്ള റഷ്യയുടെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളും സൈന്യത്തിന് നേട്ടമുണ്ടാക്കുന്നു. ഇതിനു വിപരീതമായി, ഉക്രെയ്‌ന് പഴയതും പരിമിതവുമായ വ്യോമ പ്രതിരോധങ്ങളാണുള്ളത്.

അതേസമയം, ഇത്തരം ഘട്ടങ്ങളില്‍ പല ദിശകളിലൂടെ സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിനുള്ള കഴിവ് ഉക്രെയ്‌ന് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ലെന്ന് വാട്ട്ലിംഗ് പറയുന്നു. ഇസ്രായേലിന്, വായുവിലെ മേല്‍ക്കോയ്മ അത്രയേറെ പ്രകടമാണ്. ഉക്രെയ്നിന് ഇല്ലാത്ത കാര്യമാണത്.

അതേസമയം സംയോജിത വായു, മിസൈല്‍, ലോംഗ് റേഞ്ച് റോക്കറ്റ ്- പീരങ്കി ശൃംഖല ഉപയോഗിച്ച് നിരന്തരമായി 'ഞെട്ടലും വിസ്മയവും' സൃഷ്ടിക്കാന്‍ കഴിയും മോസ്‌കോയ്ക്ക് എന്ന് ബെന്‍ ബാരി പറയുന്നു. ഉക്രെയ്‌നിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍, വെടിമരുന്ന് ഡിപ്പോകള്‍, വ്യോമസേനാ താവളങ്ങള്‍, വ്യോമ പ്രതിരോധം എന്നിവ ദൂരെ നിന്ന് കാര്യക്ഷമമായി ആക്രമിക്കാനാകും റഷ്യക്കാര്‍ക്ക്. തലസ്ഥാനമായ കീവിനടുത്തുള്ള ലക്ഷ്യങ്ങളില്‍ ക്രൂയിസ് മിസൈല്‍ ആക്രമണത്തോടെ അത് ഇതിനകം ആരംഭിച്ചതായി തോന്നുന്നു.

ഇസ്‌കന്ദര്‍ ക്രൂയിസ്, ബാലിസ്റ്റിക് മിസൈല്‍ സംവിധാനങ്ങള്‍ പോലെ ആധുനിക ആയുധങ്ങളുടെ വളരെ പ്രധാനപ്പെട്ട ശേഖരം റഷ്യക്കാര്‍ക്കുണ്ട്. ഉക്രെയ്ന് ഉത്തരമില്ലാത്ത ചോദ്യങ്ങളേകുന്നു അവയെന്നും വാട്ട്ലിംഗ് പറഞ്ഞു. യു.എസില്‍ നിന്നും യു.കെയില്‍ നിന്നും ഉക്രെയ്ന് അടുത്തിടെ വന്‍ ആയുധ സഹായം' ലഭിച്ചിരുന്നു. എന്നാല്‍ ഇവ കൂടുതലും ഹ്രസ്വ-ദൂര മിസൈലുകളും ടാങ്ക് വിരുദ്ധ ആയുധങ്ങളുമാണ്. ചുരുക്കത്തില്‍, റഷ്യ ഉക്രെയ്‌നെ തോല്‍പ്പിക്കാനും കീഴടക്കാനും എത്ര സമയമെടുക്കും എന്ന സംശയമാണ് നിവലില്‍ ബാക്കിയാകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.