ദോഹ: രാജ്യത്തേക്കുളള യാത്ര നിബന്ധനകളില്‍ ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം മാറ്റം വരുത്തി. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് യാത്രാ നിബന്ധനകളില്‍ ഖത്തർ ഇളവ് നല്‍കുന്നത്. ഫെബ്രുവരി 28 വൈകീട്ടോടെ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും.

താമസ വിസയുളള, ഇന്ത്യ ഉള്‍പ്പെടെയുള്ള ഒന്‍പത് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്നവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ല. പൂര്‍ണമായി വാക്സിനെടുത്തവർക്കാണ് ഇളവ് നല്‍കിയിട്ടുളളത്. കോവിഡ് ബാധിച്ച് ഭേദമായവർക്കും ഇത് ബാധകമാണ്. എന്നാല്‍ ഇവർ ഖത്തറിലെത്തി 24 മണിക്കൂറിനുളളില്‍ റാപിഡ് ആന്‍റിജന്‍ പരിശോധന നടത്തണം. . ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ഈജിപ്‍ത്, ജോര്‍ജിയ, ജോര്‍ദാന്‍, നേപ്പാള്‍, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. വാക്സിനെടുത്തിട്ടില്ലാത്തവരാണെങ്കില്‍ അഞ്ച് ദിവസം ഹോട്ടല്‍ ക്വാറന്‍റീനുണ്ട്. ഖത്തറിലെത്തി 24 മണിക്കൂറിനകം കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണം. ഹോട്ടല്‍ ക്വാറന്റീനിന്‍റെ അഞ്ചാം ദിവസം റാപിഡ് ആന്‍റിജന്‍ പരിശോധനയ്‍ക്കും വിധേയമാവണം. വാക്സിനെടുത്തിട്ടില്ലാത്തവര്‍ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ കോവിഡ് പി.സി.ആര്‍ പരിശോധനയുടെ ഫലം ഹാജരാക്കുകയും വേണം.

എന്നാല്‍ സന്ദർശക വിസക്കാർക്ക് ഇളവുകള്‍ ബാധകമല്ല. വാക്സിനെടുത്തവരാണെങ്കിലും യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. ഖത്തറിലെത്തിയ ശേഷം ഒരു ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റീനും നിര്‍ബന്ധമാണ്. ഈ ദിവസം തന്നെ റാപ്പിഡ് ആന്‍റിജന്‍ പരിശോധന നടത്തുകയും വേണം. വാക്സിെടുക്കാത്ത സന്ദർശകവിസക്കാർക്ക് ഖത്തറിലേക്ക് പ്രവേശനം നല്‍കില്ലെന്നും അധികൃതർ അറിയിച്ചു.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.