കന്റോണ്‍മെന്റ് ഹൗസില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം; ആളെ അയച്ച് നേതാക്കളെ രൊക്കം പൊക്കി കെപിസിസി പ്രസിഡന്റ്

കന്റോണ്‍മെന്റ് ഹൗസില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം; ആളെ അയച്ച് നേതാക്കളെ രൊക്കം പൊക്കി കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കെപിസിസി പ്രസിഡന്റ് രൊക്കം പൊക്കി.

ഗ്രൂപ്പ് യോഗത്തിന്റെ വിവരമറിഞ്ഞ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ആളെ അയച്ച് മിന്നല്‍ പരിശോധന നടത്തി യോഗം പൊളിച്ചു. കെപിസിസി സംഘം കന്റോണ്‍മെന്റ് ഹൗസിലെത്തിയപ്പോള്‍ വി.ഡി സതീശനടക്കം പത്ത് നേതാക്കള്‍ ഇവിടെയുണ്ടായിരുന്നു.

വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് കെപിസിസി സംഘം കന്റോണ്‍മെന്റ് ഹൗസിലെത്തിയത്. 'വെറുതെ ഒന്ന് ഇരുന്നതാണ്' എന്നായിരുന്നു നേതാക്കള്‍ സംഘത്തിന് നല്‍കിയ വിശദീകരണം. എന്നാലിത് ഗ്രൂപ്പ് യോഗമാണെന്ന് ഹൈക്കമാന്‍ഡിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കെപിസിസി നേതൃത്വം.

കോണ്‍ഗ്രസ് സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍, കെപിസിസി പ്രസിഡന്റിന്റെ സെക്രട്ടറി വിപിന്‍ മോഹന്‍ എന്നിവര്‍ കന്റോണ്‍മെന്റ് ഹൗസിലെത്തിയപ്പോള്‍ കെട്ടിടത്തിലെ വശങ്ങളിലെ വാതിലിലൂടെ ചിലരും മുന്‍വശത്തെ വാതിലിലൂടെ മറ്റുളള നേതാക്കളും പുറത്തിറങ്ങി.

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി, വി.എസ് ശിവകുമാര്‍, കെ.എസ് ശബരീനാഥന്‍, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, എം.എ വാഹിദ്, കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി ശ്രീകുമാര്‍, യൂജിന്‍ തോമസ് എന്നിവരുണ്ടായിരുന്നു.

ഇന്നലെ നിയമസഭയില്‍ രാഷ്ട്രീയകാര്യ ചര്‍ച്ചകള്‍ക്ക് പ്രതിപക്ഷ നേതാവ് എത്തിയിരുന്നില്ല. അതേസമയം ചേര്‍ന്നത് ഗ്രൂപ്പ് യോഗമല്ലെന്നും പ്രതിപക്ഷ നേതാവിനെ അദ്ദേഹത്തിന്റെ സൗകര്യപ്രകാരം കാണാന്‍ വന്നതാണെന്നും നേതാക്കള്‍ അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.