ന്യൂഡല്‍ഹി: റഷ്യ ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തില്‍ ഉക്രെയ്‌നിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടി കേന്ദ്ര സര്‍ക്കാര്‍. എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് രക്ഷാ ദൗത്യത്തിനായി പുറപ്പെടും.
ഇന്ത്യക്കാരെ ഉക്രെയ്‌നിന്റെ അയല്‍ രാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്‌ളൊവാക്യ,റൊമേനിയ എന്നിവിടങ്ങളില്‍ റോഡ് മാര്‍ഗം എത്തിച്ചശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. ഇതിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരാണ് ഉക്രെയ്‌നില്‍ കുടുങ്ങിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യ മന്ത്രിതല യോഗം ചേര്‍ന്നു. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, നിര്‍മല സീതാരാമന്‍, എസ്. ജയശങ്കര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രൊ കുലേബയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചര്‍ച്ച നടത്തി. പോളണ്ട്, ഹംഗറി, സ്‌ളൊവാക്യ,റൊമേനിയ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും ജയശങ്കര്‍ ഫോണില്‍ ബന്ധപ്പെട്ടു. രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഉക്രെയ്‌നിന്റെ അയല്‍ രാജ്യങ്ങളിലെത്തി.
അയല്‍ രാജ്യങ്ങളിലേക്ക് കടക്കാനുള്ള സുരക്ഷിതമായ വഴികള്‍ കണ്ടെത്തിയതായി കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്വര്‍ദ്ധന്‍ ശൃഗ്ല അറിയിച്ചു. ഉക്രെയ്‌നിലെ വ്യോമപാത തുറന്നാലുടന്‍ സൈനിക വിമാനങ്ങളെ അയക്കാനാണ് തീരുമാനം. ആക്രമണ സൂചനകള്‍ ലഭിച്ചപ്പോള്‍ തന്നെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വിമാന സര്‍വീസ് ഏര്‍പ്പെടുത്തുന്നതില്‍ എംബസിയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന ആരോപണങ്ങള്‍ ശക്തമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.